
സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നു മാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍.
ഗലാത്തിയാ 5:13
ഇന്ത്യയോര്‍ക്കും ലെനിനെ: മനുഷ്യന്റെ
കണ്ണില്‍ ബാഷ്പം നിറയുമ്പൊളൊക്കെയും
ഇന്ത്യയോര്‍ക്കും ലെനിനെ: വിലങ്ങുകള്‍
വന്നു കൈകളില്‍ വീഴുമ്പോളൊക്കെയും.
ഇന്ത്യയോര്‍ക്കും ലെനിനെ: പടിഞ്ഞാറു
ഗന്ധകപ്പുക പൊങ്ങുമ്പൊളൊക്കെയും
ഇന്ത്യയോര്‍ക്കും ലെനിനെ: വിയറ്റ്‌നാമില്‍-
നിന്നു ഗദ്ഗദം കേള്‍ക്കുമ്പൊളൊക്കെയും.
ഇന്ത്യയോര്‍ക്കും ലെനിനെ: സയന്‍സിന്റെ
യന്ത്രപക്ഷി പറക്കുമ്പൊളൊക്കെയും.
ഇന്ത്യയോര്‍ക്കും ലെനിനെ: മനുഷ്യന്റെ
മുന്നില്‍ ദൈവം മരിക്കുമ്പൊളൊക്കെയും!
വിശ്വമാകെയുണര്‍ത്തു,മൊക്‌ടോബര്‍-
വിപ്ലവത്തിന്റെ രക്തനക്ഷത്രമേ,
റഷ്യ രാജ്യാന്തരങ്ങളെച്ചൂടിച്ച
പുഷ്യരാഗസ്വയംപ്രഭാരത്‌നമേ,
നിന്നില്‍ നിന്നു കൊളുത്തിയെടുത്തതാ-
ണെന്നിലിന്നുള്ള തീയും വെളിച്ചവും!
നിന്നില്‍ നിന്നു പകര്‍ന്നു നിറച്ചതാ-
ണെന്നിലിന്നുള്ള രാഗവും താളവും!
1970 ല്‍ പ്രസിദ്ധീകരിച്ച വയലാറിന്റെ 'വെളിച്ചമേ നയിക്കൂ' എന്ന ഈ കവിതയുടെ ആദ്യഭാഗം മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ ഉദ്ധരിച്ചിരുന്നു. നിലവിളികള്‍ മുഴങ്ങുന്നിടത്തെല്ലാം ഇന്ത്യ ലെനിനെ ഓര്‍ക്കുമെന്നാണ് കവിയുടെ പക്ഷം. വ്യക്തിപരമായി ആര്‍ക്കും ആരെയും ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യാം. എന്നാല്‍, ഇന്ത്യയ്ക്ക് എന്നെന്നും ഓര്‍ക്കാന്‍ ഈ മണ്ണില്‍ നിന്ന് ഉദിച്ചുയര്‍ന്ന ഒരു സ്‌നേഹനക്ഷത്രമുണ്ട്. ഇന്ത്യയ്ക്ക് തീയും വെളിച്ചവും കൊളുത്തിയെടുക്കാന്‍ സ്വന്തമായി ഒരു സൂര്യഗോളമുണ്ട്. ഇന്ത്യയുടെ ആത്മാവില്‍ രാഗവും താളവും പകര്‍ന്നു നല്‍കാന്‍ സ്വന്തമായി ഒരു നാദബ്രഹ്മമുണ്ട്. പൂര്‍വാശ്രമത്തില്‍ എം കെ ഗാന്ധി എന്നും പിന്നീട് ഗാന്ധിജി, മഹാത്മാ ഗാന്ധി, മഹാത്മജി എന്നുമൊക്കെ പേരിട്ടു വിളിക്കുന്ന ഒരു ജ്യോതിമണ്ഡലം സ്വന്തമായുള്ളപ്പോള്‍, ലെനിനെ എന്നല്ല മറ്റാരെയും ഓര്‍മ്മിച്ചാരാധിക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല.
ഓരോ ഗാന്ധിസ്മൃതിയും ഓരോ ഇന്ത്യക്കാരുടെയും ഉള്ളില്‍ ഉണര്‍ത്തേണ്ട ചില ചോദ്യങ്ങളുണ്ട്. ഇന്ത്യയുള്ളിടത്തോളം കാലം ഇന്ത്യയുടെ ഉള്ളില്‍ മുഴങ്ങുന്ന രണ്ടു വാക്കിലുള്ള ആ നിലവിളിക്ക് പൗരര്‍ എന്ന നിലയില്‍ നാം നല്‍കുന്ന മറുപടി എന്താണ് ? അഗാധമായ ആ ആത്മസമര്‍പ്പണം നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന് ഇന്ന് നാം പകരം നല്‍കുന്ന നന്ദിയും സ്‌നേഹവും എന്താണ് ? 'ഹേ! റാം' എന്ന ആ നിലവിളിയെ മറക്കുകയെന്നാല്‍, ഇന്ത്യ ഇന്ത്യയുടെ ഉണ്മയെ മറക്കുകയെന്നാണ്. ആ ചുടുചോരത്തുള്ളികളില്‍ പിടഞ്ഞകന്ന ജീവനെ മറക്കുകയെന്നാല്‍, ഇന്ത്യ ഇന്ത്യയുടെ ആത്മാവിനെ മറക്കുകയെന്നാണ്.
അധികാരത്തിന്റെ ചതുരംഗപ്പലകയില്‍ മതാന്ധത, വര്‍ഗീയത, വിദ്വേഷം, വെറുപ്പ്, വിഭജനം, വോട്ടുകൊള്ള എന്നിവയുടെയെല്ലാം കരുക്കള്‍ സമര്‍ഥമായി നീക്കി കളിക്കുന്ന അമൃതഭാരതത്തിന് ഗാന്ധിജിയുടെ ഓര്‍മ്മ പോലും അരോചകമായിരിക്കും. അതുകൊണ്ടാണല്ലോ പാഠപ്പുസ്തകങ്ങളില്‍ നിന്നും ജനതയുടെ ഓര്‍മ്മകളില്‍ നിന്നും ആ നാമവും രൂപവും തുടച്ചുനീക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടക്കുന്നത്. രഹസ്യങ്ങളുടെ റിപ്പബ്ലിക് ഗാന്ധിജി വിഭാവനം ചെയ്ത സുതാര്യതയുടെ റിപ്പബ്ലികിന് നേര്‍വിപരീതമാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും റിപ്പബ്ലിക് ഗാന്ധിജി സ്വപ്നം കണ്ട സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും റിപ്പബ്ലികിന് നേര്‍വിപരീതമാണ്. അവബോധത്തിന്റെ ആകെത്തുകയിലേക്ക് ഉണരുക എന്നതാണ് ഓരോ ഗാന്ധിസ്മൃതിയുടെയും ഉള്‍വിളി. ഇന്ത്യയിലുള്ളത് സ്മൃതിനാശം സംഭവിച്ച ജനതയല്ലെന്ന് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഓരോ ഗാന്ധിസ്മൃതിയും ഇന്ത്യയ്ക്കു നല്‍കുന്നത്.