
ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
ഗലാത്തിയാ 1:8
എസ്. പാറേക്കാട്ടില്‍
കേരളസഭയില്‍ പൊതുവിലും സീറോ മലബാര്‍ സഭയില്‍ പ്രത്യേകിച്ചും കുറെ നാളായി മുഴങ്ങുന്നത് അപ്പസ്‌തോലന്‍ പറഞ്ഞതു പ്രകാരമുള്ള വ്യത്യസ്തമായ സുവിശേഷമാണ്. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ലെന്ന് വ്യത്യസ്തമായ സുവിശേഷം പ്രസംഗിക്കുന്നവര്‍ക്കും ബോധ്യമുണ്ട്. എന്നിട്ടും അവര്‍ അത് പ്രസംഗിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. ഈ 'സുവിശേഷത്തെ' ഇപ്രകാരം സംഗ്രഹിക്കാം: അധികാരികളെ എപ്പോഴും പ്രീതിപ്പെടുത്തണം. രാഷ്ട്രത്തിന്റെയും സഭയുടെയും അധികാരികള്‍ക്ക് ചെറുവാക്ക് കൊണ്ടുപോലും അലോസരം ഉണ്ടാകാതെ നോക്കണം.
അവരുടെ തിന്മകളെയും അധര്‍മ്മത്തെയുമെല്ലാം എപ്പോഴും ന്യായീകരിക്കണം. തങ്ങളുടെ എതിര്‍പക്ഷത്തുള്ളവരില്‍ സത്യം, നീതി, ധര്‍മ്മം എന്നിവ കണ്ടാലും കണ്ടില്ലെന്ന് നടിക്കണം. 'നുണ വികൃതമായ കറയാണ്,' 'കള്ളന്‍ നുണയനെക്കാള്‍ ഭേദമാണ്' എന്നല്ലൊം വചനമുണ്ടെങ്കിലും (പ്രഭാ. 20:24, 25), ജയിക്കുന്നതിനുവേണ്ടി ആ കറയില്‍ മുങ്ങണം. 'നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്' എന്ന യേശുവചനത്തിന് (മര്‍ക്കോസ് 9:40) നേര്‍വിപരീതമായി, നമ്മുടെ പക്ഷത്തല്ലാത്തവരൊക്കെ നമുക്ക് എതിരാണെന്ന് ദുര്‍വ്യാഖ്യാനിക്കണം. എതിര്‍ക്കുന്നവരെയെല്ലാം സഭാശത്രുക്കളായി ചിത്രീകരിച്ച് വ്യക്തിഹത്യ ചെയ്യുകയും വിമതര്‍, സഭാവിരുദ്ധര്‍, സഭാദ്രോഹികള്‍ എന്നെല്ലാം വിശേഷിപ്പിക്കുകയും ചെയ്യണം.
ഈ നവസുവിശേഷത്തിന്റെ ഒരു പ്രധാന കണ്ടന്റാണ് 'നിശ്ശബ്ദതയുടെ സുവിശേഷം'. നീതി, സത്യം, സ്‌നേഹം, കരുണ, സ്വാതന്ത്ര്യം, സമത്വം എന്നിങ്ങനെയുള്ള അടിസ്ഥാനമൂല്യങ്ങളെക്കുറിച്ച് ഉച്ചത്തില്‍ സംസാരിച്ച യേശുവിന്റെ സുവിശേഷമല്ല ഇവിടെ മുഴങ്ങുന്നത്; പിന്നെയോ, കൗശലം നിറഞ്ഞതും അവസരവാദപരവുമായ നിശ്ശബ്ദതയുടെ സുവിശേഷമാണ്. ഇടക്കാലത്ത് ശക്തി പ്രാപിച്ച സമൃദ്ധിയുടെ സുവിശേഷം പോലും (Prosperity Gospel) ഇന്ന് നിശ്ശബ്ദതയുടെ സുവിശേഷത്തിന് വഴിമാറിയിരിക്കുന്നു.
സീറോ മലബാര്‍ സഭ ഇന്ന് ഒരു park of silence (മൗനോദ്യാനം) ആയി മാറിയിരിക്കുന്നു. ജെറുസലെം ദേവാലയത്തിലും സിനഗോഗുകളിലും കടല്‍ത്തീരങ്ങളിലും തെരുവീഥികളിലും, ഒടുവില്‍ പീലാത്തോസിന്റെ പ്രത്തോറിയത്തില്‍ പോലും മുഴങ്ങിയ യേശുവിന്റെ ഉറച്ച ശബ്ദത്തിന്റെ കണിക പോലും ഈ സഭയില്‍ മുഴങ്ങുന്നില്ല. രാഷ്ട്രീയാധികാരികളുടെ തിന്മകളോട് സന്ധി ചെയ്യുന്ന സഭാധികാരികളെ പോലെ, സഭാധികാരികളുടെ തിന്മകളോട് ഈ നവസുവിശേഷ പ്രഘോഷകരും സന്ധി ചെയ്യുന്നു. ഇവരെ നയിക്കുന്നത് സുവിശേഷത്തിന്റെ ചൂടും വെളിച്ചവുമല്ല; ഭൗതികനേട്ടങ്ങളുടെ തണുപ്പും സുഖാസക്തികളുടെ ഇരുട്ടുമാണ്.
യേശുവിനോട് സവിശേഷമായ അനുരാഗമോ അവന്റെ സുവിശേഷത്തോട് ഹൃദയംഗമമായ അഭിനിവേശമോ ഇല്ലാത്ത ഇക്കൂട്ടരുടെ 'സുവിശേഷ പ്രഘോഷണം' മൂലമാണ് സീറോ മലബാര്‍ സഭ ഇന്ന് പ്രവാചകത്വവും നൂതനത്വവും നഷ്ടപ്പെട്ട് വെറും സമുദായമായി ചുരുങ്ങിയത്.
നിശ്ശബ്ദതയുടെ സുവിശേഷത്തിന്റെ ഏറ്റവും വലിയ ആനുകൂല്യം കഴുത്തില്‍ തല അവശേഷിക്കും എന്നതാണ്! വേറെയും ഗുണങ്ങളുണ്ട്. മിണ്ടാതിരിക്കുകയോ അധികാരികള്‍ക്ക് പ്രീതികരമായവ മാത്രം മിണ്ടുകയോ ചെയ്താല്‍ വലിയ പദവികള്‍ തേടിവരും. പുരസ്‌കാരങ്ങളും സ്ഥാനമാനങ്ങളും കിട്ടും. മുഖ്യധാരകളില്‍ സ്വീകാര്യതയും വിപുലമായ ബന്ധങ്ങളും ലഭിക്കും. പാവം സ്‌നാപകയോഹന്നാനും മറ്റും ഈ 'സുവിശേഷ പ്രഘോഷണവിദ്യ' തീരെ വശമുണ്ടായിരുന്നില്ല! അതിനാലാണല്ലോ അകാലത്തില്‍ അപമൃത്യുവിന് ഇരയായത്. സുവിശേഷത്തിലെ യേശു വഴികാട്ടിയും യേശുവിന്റെ സുവിശേഷം ജീവിതനിയമവുമായിരിക്കും എന്ന് അള്‍ത്താരയ്ക്കു മുന്നില്‍ മുട്ടുകുത്തി കര്‍ത്താവിന് വാക്കു നല്‍കി അഭിഷേകം സ്വീകരിച്ച കുറെ മനുഷ്യര്‍,
ഈ സഭയില്‍ ഇന്ന് ചില രാഷ്ട്രീയക്കാരുടേതിനേക്കാള്‍ അര്‍ഥശൂന്യമായ ജീവിതം നയിക്കുന്നുണ്ട്. യേശുവിനെയും അവന്റെ സുവിശേഷത്തെയും തങ്ങളുടെ രഹസ്യജീവിതത്തിന് മറയാക്കിയിരിക്കുന്ന ഇക്കൂട്ടര്‍, സത്യത്തില്‍ തങ്ങളുടെ പരസ്യജീവിതം വഴി യേശുവിനെ അപമാനിക്കുകയും സുവിശേഷത്തെ അപഹാസ്യമാക്കുകയുമാണ് ചെയ്യുന്നത്.