
നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നല്‍കുന്നു.
റോമാ 2:15
[വചനമനസ്കാരം 183 തുടർച്ച]
കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ചക്രവാളത്തില്‍ പ്രഭയോടെ വിളങ്ങിയ രക്തനക്ഷത്രമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദന്‍ എന്ന് വയലാറിന്റെ വിപ്ലവകവിതയെ മുന്‍നിര്‍ത്തി പറയുകയായിരുന്നു കഴിഞ്ഞ ലക്കത്തില്‍.
ജൂലൈ, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിമാര്‍ മരിക്കുന്ന മാസമായിരിക്കുന്നു. 2005 ജൂലൈ 12 ന് പി കെ വാസുദേവന്‍ നായരും, 2023 ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടിയും 2025 ജൂലൈ 21 ന് വി എസും തങ്ങളുടെ കര്‍മ്മകാണ്ഡം പൂര്‍ത്തിയാക്കി മടങ്ങി. വിപ്ലവം എന്ന വാക്കിന് ഉപദ്രവം, കലഹം, പാപം, ആപത്ത്, അതിക്രമം, കൊള്ള, ക്രമമില്ലാത്ത യുദ്ധം, നാശം, എതിര്‍പ്പ്, രാഷ്ട്രീയപരിവര്‍ത്തനം എന്നൊക്കെയാണ് അര്‍ഥം. ഏതര്‍ഥത്തിലായാലും വി എസ് അടിമുടി വിപ്ലവകാരിയായിരുന്നു.
സഖാവ് വി എസ് അച്യുതാനന്ദന്‍ ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നു. വ്യവസ്ഥിതിയിലെ തിന്മകള്‍ക്കെതിരെ സന്ധിയില്ലാതെ ആ പട്ടാളം പോരാടി. എല്ലാ പോരാട്ടങ്ങളിലും അദ്ദേഹം വിജയിച്ചില്ല. എന്നാല്‍, പോരാടുന്നതില്‍ എപ്പോഴും അദ്ദേഹം വിജയിച്ചിരുന്നു. എതിര്‍ക്കുന്നതു പോലെ എതിര്‍ക്കപ്പെടുന്നതിലും വിമര്‍ശിക്കുന്നതു പോലെ വിമര്‍ശിക്കപ്പെടുന്നതിലും വേട്ടയാടുന്നതു പോലെ വേട്ടയാടപ്പെടുന്നതിലും അദ്ദേഹം ആനന്ദം അനുഭവിച്ചിരുന്നു. അത് തന്റെ പക്ഷത്ത് ശരിയും സത്യവും ഉണ്ട് എന്ന ബോധ്യത്തിന്റെ ആനന്ദമായിരുന്നു.
സാധാരണ മനുഷ്യര്‍ക്കുവേണ്ടി പൊരുതാന്‍ കഴിയുന്നതിന്റെ ആനന്ദമായിരുന്നു. മണ്ണിനും കാടിനും മലകള്‍ക്കും വേണ്ടി നിലകൊള്ളാന്‍ കഴിഞ്ഞതിന്റെ ആനന്ദമായിരുന്നു. 'സഖാക്കളേ മുന്നോട്ട്' എന്ന ക്ലീഷെ വെറുതെ ആവര്‍ത്തിക്കുകയായിരുന്നില്ല അദ്ദേഹം; പിന്നെയോ, മനുഷ്യത്വമേ മുന്നോട്ട് എന്നും മണ്ണേ, മലയേ, മരമേ, ജലമേ മുന്നോട്ട് എന്നുമൊക്കെ വിപുലപ്പെടുത്തുകയായിരുന്നു. മുദ്രാവാക്യങ്ങളെ ചൈതന്യമുള്ള ജീവിതസമവാക്യങ്ങളായി പരിവര്‍ത്തനം ചെയ്തു എന്നതായിരുന്നു അദ്ദേഹത്തിന്റെ മഹത്വം. അതാണല്ലോ ഒരു യഥാര്‍ഥ വിപ്ലവകാരിയുടെ കരുത്തും കാതലും.
സ്വന്തം ശരികളെ ചേര്‍ത്തുപിടിച്ചപ്പോഴും അതു മാത്രമാണ് ശരിയെന്ന ശാഠ്യം അദ്ദേഹം പുലര്‍ത്തിയില്ല. തനിക്കും പാര്‍ട്ടിക്കും 'തെറ്റാവരം' ഇല്ലെന്ന് ബോധ്യമുണ്ടായിരുന്ന അദ്ദേഹം, തിരുത്താന്‍ പാര്‍ട്ടി മടിച്ചപ്പോഴും സ്വയം തിരുത്താന്‍ മടിച്ചില്ല. വാഴ്ത്തുപാട്ടുകള്‍ക്കും സ്തുതിനൃത്തങ്ങള്‍ക്കും ഇരുന്നുകൊടുക്കാന്‍ മാത്രമുള്ള ഹൃദയശോഷണം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിനാല്‍, അദ്ദേഹത്തിന്റെ കര്‍മ്മകാണ്ഡത്തെ ആരും സംഘനൃത്തങ്ങള്‍ കൊണ്ട് മലിനമാക്കിയില്ല; സ്തുതിഗീതങ്ങള്‍ കൊണ്ട് വികലവുമാക്കിയില്ല.
കുരുന്നിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹത്തിന് ദൈവത്തെ നഷ്ടപ്പെടാനും അത് നിമിത്തമായി. എന്നാല്‍, ദൈവത്തിന് അദ്ദേഹത്തെ നഷ്ടപ്പെട്ടില്ല. അപ്പസ്‌തോലന്‍ എഴുതിയതുപോലെ, ദൈവത്തിന്റെ നിയമങ്ങളുടെ അനുശാസനം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എഴുതപ്പെട്ടു. അദ്ദേഹം ദൈവത്തില്‍ വിശ്വസിച്ചില്ലെങ്കിലും ദൈവം അദ്ദേഹത്തെ വിശ്വസിച്ചു. ദൈവത്തില്‍ വിശ്വസിക്കാതിരുന്നപ്പോഴും ദൈവം ഹൃദയത്തില്‍ എഴുതിയത് സ്പഷ്ടമായി വായിക്കാനും അതില്‍ വിശ്വസിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സ്വന്തം ഹൃദയത്തെ ശരിയായി വായിക്കാനും വിശ്വസിക്കാനും കഴിയുന്നതും ഒരു കൃപയാണ്.
സത്യം, നീതി, കരുണ, മനുഷ്യത്വം, പ്രകൃതി എന്നിവയുടെ പക്ഷത്ത് നില്‍ക്കുന്നവരാണ് യഥാര്‍ഥത്തില്‍ ഈശ്വരപക്ഷത്തെങ്കില്‍, ഏതൊരു ഈശ്വരവിശ്വാസിയേക്കാളും അര്‍ഥപൂര്‍ണ്ണമായി ഈശ്വരപക്ഷത്ത് നിലയുറപ്പിക്കാന്‍ കഴിഞ്ഞ കമ്യൂണിസ്റ്റാണ് വി എസ് അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ നിലപാടുകളോടും ആശയങ്ങളോടും വിയോജിക്കുന്നവരുണ്ടാകും. എന്നാല്‍, അദ്ദേഹത്തിന്റെ ആത്മാര്‍ഥതയോടും സമര്‍പ്പണത്തോടും ഉദ്ദേശ്യശുദ്ധിയോടും നിശ്ചയദാര്‍ഢ്യത്തോടും ആര്‍ക്കും വിയോജിക്കാനാകില്ല. കയ്പുള്ള സത്യങ്ങളെ സ്‌നേഹിച്ചു മധുരമാക്കി ഇതുപോലെ വിളമ്പിയ മറ്റൊരാള്‍ ഇടതുപക്ഷത്തില്‍ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല. അദ്ദേഹം വിശ്വസിക്കാത്ത ദൈവം അദ്ദേഹം വിശ്വസിക്കാത്ത നിത്യാനന്ദത്തില്‍ അദ്ദേഹത്തിന്റെ ആത്മാവിനെ വിലയം കൊള്ളിക്കട്ടെ എന്നു മാത്രമാണ് പ്രാര്‍ഥന.