വചനമനസ്‌കാരം: No.182

വചനമനസ്‌കാരം: No.182
Published on

സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്ന് മാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍.

ഗലാത്തിയാ 5:13

  • എസ്. പാറേക്കാട്ടില്‍

Freedom of conscience and free profession, practice and propagation of religion. - (1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.

Right to Freedom of Religion എന്ന തലക്കെട്ടില്‍ നമ്മുടെ രാജ്യത്തിന്റെ ഭരണഘടന, ആര്‍ട്ടിക്കിള്‍ 25 ല്‍, മതസ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്.

ചരിത്രം മാത്രമല്ല, ഓര്‍മ്മകള്‍ പോലും പുനര്‍നിര്‍മ്മിക്കപ്പെടുന്ന സമകാലിക ഇന്ത്യയില്‍, ഭരണഘടനാമൂല്യങ്ങളും പൗരാവകാശങ്ങളും നേരിടുന്ന പ്രതിസന്ധികളുടെ ഒടുവിലെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റും ജയില്‍വാസവും. സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും രണ്ടു വ്യക്തികള്‍ മാത്രമല്ല; നമ്മുടെ രാഷ്ട്രത്തിന്റെ ആധാരശിലയായ ഭരണഘടനയെ, തെല്ലും വന്ദനവും പ്രീതിയുമില്ലാതെ ചില നിഷ്ഠൂരശക്തികള്‍ ചവിട്ടിയരയ്ക്കുന്നതിന്റെ പ്രതീകം കൂടിയാണ്. നാട് മുഴുവനും സ്വന്തം മുഖചിത്രം കൊണ്ട് നിറയ്ക്കുന്ന ഭരണാധികാരികള്‍ക്ക് ജനഹൃദയങ്ങളില്‍ പതിയുന്ന സ്വന്തം ചിത്രത്തെക്കുറിച്ച് ബോധ്യമുണ്ടോ? കാപട്യവും വിദ്വേഷവും സ്വാര്‍ഥതയും കൈമുതലായവര്‍ ഭരണത്തിലേറിയാല്‍, അവര്‍ക്ക് അധികാരത്തിന്റെ സുഖാനുഭൂതികള്‍ ഉണ്ടാകുമെങ്കിലും രാഷ്ട്രഹൃദയം കീറിമുറിക്കപ്പെടുകയും ജനങ്ങള്‍ ദുരിതത്തിലാവുകയും ചെയ്യും.

ഭരിക്കുന്നവര്‍ക്കും അവരുടെ പരിവാരങ്ങള്‍ക്കും തോന്നുംപോലെ വ്യാഖ്യാനിക്കാവുന്നതാണ് രാജ്യദ്രോഹം എന്നു വരുന്നത് പരിതാപകരവും പ്രതിഷേധാര്‍ഹവുമാണ്. സത്യത്തില്‍, രാഷ്ട്രത്തിന്റെ ആത്മാവും അഴകുമായ ഭരണഘടനയുടെ സംരക്ഷകരും സൂക്ഷിപ്പുകാരുമാകേണ്ടവര്‍ തന്നെ അതിനെ വെറും പുസ്തകമായി കാണുകയും അത് നല്‍കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും നിരാകരിക്കുകയും ചെയ്യുന്നതിലും വലിയ രാജ്യദ്രോഹമുണ്ടോ? ദുഷ്ടലാക്കോടെ നിയമങ്ങള്‍ നിര്‍മ്മിക്കുകയും അന്യായമായി അതുപയോഗിക്കുകയും ചെയ്ത് ഗൂഢലക്ഷ്യങ്ങള്‍ നേടുന്നതിലും വലിയ രാജ്യദ്രോഹമുണ്ടോ?

കൊടുംകുറ്റവാളികള്‍ പോലും വധശിക്ഷയില്‍ നിന്ന് ഇളവു നേടി ജയിലില്‍ സുഖമായി ജീവിക്കുന്ന ഈ രാജ്യത്ത്, അതിദരിദ്രരെ ക്രിസ്തുസ്‌നേഹത്തെപ്രതി അതിജീവനകല അഭ്യസിപ്പിക്കുന്ന സഹജീവിസ്‌നേഹികള്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നതിലും വലിയ രാജ്യദ്രോഹമുണ്ടോ? രണ്ടായിരത്തോളം വര്‍ഷങ്ങളായി ഇവിടെ ഉള്ളതും ഈ രാജ്യത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയില്‍ അനുപമമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത ഒരു ജനതയെ ഇപ്പോഴും 'വിദേശികള്‍' എന്ന് ആക്ഷേപിക്കുന്നതിലും വലിയ രാജ്യദ്രോഹമുണ്ടോ?

കിളിയെ കൊന്നപ്പോള്‍ കരള്‍ നൊന്ത് മഹാകാവ്യം രചിച്ച ഋഷിയുടെ പൈതൃകത്തെ മതാന്ധരായ ആള്‍ക്കൂട്ടം എന്ന അഭിനവ നിഷാദര്‍ക്ക് പതിച്ചുകൊടുക്കുന്നതിലും വലിയ രാജ്യദ്രോഹമുണ്ടോ? ഉപനിഷത്തും ആത്മീയതയും അന്തര്‍ജ്ഞാനവും ഹൃദയവിശാലതയും ബഹുസ്വരതയുമെല്ലാം സമ്മേളിക്കുന്ന ആത്മധൈര്യത്തിന്റേതും ആനന്ദത്തിന്റേതുമായ

ഈ ശാദ്വലഭൂമിയെ ഭയത്തിന്റെയും നൈരാശ്യത്തിന്റെയും റിപ്പബ്ലിക്കായി അധഃപതിപ്പിക്കുന്നതിലും വലിയ രാജ്യദ്രോഹമുണ്ടോ? ഇതൊക്കെയാണ് യഥാര്‍ഥ രാജ്യദ്രോഹമെങ്കില്‍, മഹത്തായ ഈ രാഷ്ട്രത്തിന് ഇന്ന് സ്വാതന്ത്ര്യം വേണ്ടത് ഇത്തരം രാജ്യദ്രോഹികളില്‍ നിന്നാണ്.

കാട്ടാളര്‍ക്ക് മതമില്ലാത്തതുപോലെ മതങ്ങള്‍ക്ക് കാട്ടാളത്തവും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. മതത്തിന്റെ പേരില്‍ അഴിഞ്ഞാടുന്ന കാട്ടാളരും അവരെ ആടിക്കുന്ന വരും ഓര്‍മ്മിക്കേണ്ട ഒരു സത്യമുണ്ട്: ഈ രാജ്യത്തിന്റെ യഥാര്‍ഥ യജമാനന്മാര്‍ ഭരണഘടനയും ജനങ്ങളുമാണ്; മറ്റെല്ലാവരും - അവര്‍ ആരായിരുന്നാലും ആ യജമാനന്മാരുടെ ദാസര്‍ മാത്രമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org