വചനമനസ്‌കാരം: No.181

വചനമനസ്‌കാരം: No.181
Published on

കര്‍ത്താവേ, ഞാന്‍ എത്ര വിശ്വസ്തമായും ആത്മാര്‍ത്ഥമായും ആണ് അങ്ങയുടെ മുമ്പില്‍ നന്മ പ്രവര്‍ത്തിച്ചത് എന്ന് ഓര്‍ക്കണമേ! പിന്നെ അവന്‍ ദുഃഖത്തോടെ കരഞ്ഞു.

2 രാജാക്കന്‍മാര്‍ 20:3

ഓഫീസില്‍ വന്ന മുതിര്‍ന്ന പൗരന്‍ സംഭാഷണമധ്യേ പറഞ്ഞ 'ട്രസ്റ്റ് ഡെഫിസിറ്റ്' ആണ് മനസ്‌കാരവിഷയം. നമ്മുടെ എല്ലാ ബന്ധങ്ങളിലും ഏറിയും കുറഞ്ഞും അത് നിഴലിക്കുന്നുണ്ടെന്നും ഈ രാജ്യത്തിന്റെ അടിസ്ഥാനഭാവം അതാണെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് വിശ്വാസം, വിശ്വസ്തത, വിശ്വാസ്യത, വിശ്വാസനഷ്ടം എന്നിവയെക്കുറിച്ചുള്ള ചിന്തകളുയര്‍ത്തിയത്. Trust your Visions എന്ന് ആലേഖനം ചെയ്ത കുപ്പായമണിഞ്ഞ ഒരു 'ന്യൂ ജനത്തെ' തെരുവില്‍ കണ്ടു. ദര്‍ശനങ്ങള്‍ ഉണ്ടായിരിക്കുന്നതുപോലെ പ്രധാനമാണ് അതില്‍ വിശ്വസിക്കുന്നതും.

വിശ്വസിക്കാന്‍ കൊള്ളാവുന്ന ദര്‍ശനങ്ങള്‍ സ്വന്തമായുള്ളവര്‍ വലിയവരാണ്. എന്നാല്‍, honesty, fidelity, straightforwardness - നേര്, വിശ്വസ്തത, ആര്‍ജ്ജവം എന്നൊക്കെ അര്‍ഥമുള്ള trustworthiness ഉള്ളവരാണ് മഹത്തുക്കള്‍. ദര്‍ശനങ്ങളില്‍ വിശ്വസിക്കുക എന്നതിനേക്കാള്‍ വിശ്വസ്തത ഒരു ദര്‍ശനമായി നെഞ്ചേറ്റുന്ന മനുഷ്യരുണ്ട്. തന്നോടു തന്നെ വിശ്വസ്തരായതിനാല്‍ മറ്റെല്ലാറ്റിനോടും; എല്ലാവരോടും വിശ്വസ്തരായിരിക്കുന്നവര്‍; തന്നെത്തന്നെ വഞ്ചിക്കാനാകാത്തതിനാല്‍ മറ്റാരെയും വഞ്ചിക്കാനാകാത്തവര്‍. അത്തരം മനുഷ്യരുടെ ഹൃദയപരമാര്‍ഥതയുടെ ഊര്‍ജം ജ്വലിപ്പിച്ചാണ് ഈ പ്രപഞ്ചം മുന്നോട്ടു കുതിക്കുന്നത്.

'മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യൂദാരാജാക്കന്‍മാരിലാരും അവനെപ്പോലെ വിശ്വസ്തനായിരുന്നില്ല. അവന്‍ കര്‍ത്താവിനോട് ഒട്ടിനിന്നു' എന്നാണ് വേദപുസ്തകം ഹെസക്കിയാ രാജാവിനെ അടയാളപ്പെടുത്തുന്നത് (18:6). രോഗബാധിതനായി മരണത്തോടടുത്തപ്പോള്‍, 'നീ മരിക്കും; സുഖം പ്രാപിക്കുകയില്ല' എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ കേട്ട ഹെസക്കിയാ ചുവരിലേക്കു മുഖം തിരിച്ചു പറഞ്ഞ വാക്കുകളാണ് ആമുഖത്തില്‍ ഉദ്ധരിച്ചത്.

'കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും' ചെയ്ത കര്‍ത്താവ് രാജാവിനെ സുഖപ്പെടുത്തുകയും ആയുസ്സ് പതിനഞ്ചു വര്‍ഷം കൂടി നീട്ടുകയും ചെയ്തു.

അദ്ദേഹം പറഞ്ഞത് ആവര്‍ത്തിക്കാന്‍ നമുക്ക് കഴിയുമോ? വിശ്വസ്തതയും ആത്മാര്‍ഥതയും ഓര്‍ക്കണമേ എന്ന് അത്യുന്നതനോട് അപേക്ഷിക്കാന്‍ നമുക്ക് കഴിയുമോ? ദൈവമല്ലാതെ മറ്റാരും ഓര്‍മ്മിക്കാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ദൈവത്തെയല്ലാതെ മറ്റാരെയാണ് ഓര്‍മ്മിപ്പിക്കാനാവുന്നത്?! ചിലപ്പോഴെങ്കിലും നമ്മുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെട്ടേക്കാം.

നമ്മുടെ സ്‌നേഹവും ആത്മസമര്‍പ്പണവും തെളിയിക്കാന്‍ ആവശ്യപ്പെട്ടേക്കാം. നമ്മെ വിശ്വാസമില്ലെന്ന് മനുഷ്യര്‍ നമ്മുടെ മുഖത്തു നോക്കി പറഞ്ഞേക്കാം. ജോലിയില്‍ നാം പുലര്‍ത്തിയ അപാരമായ ആത്മസമര്‍പ്പണത്തിന്, ബന്ധങ്ങളില്‍ പുലര്‍ത്തിയ അദ്ഭുതകരമായ വിശ്വസ്തതയ്ക്ക്, ഏറ്റെടുത്ത സഹനങ്ങള്‍ക്ക്, ഒഴുക്കിയ കണ്ണീരിന് എല്ലാം മനുഷ്യര്‍ തെളിവു ചോദിച്ചേക്കാം. ദൈവത്തിനും നമുക്കും മാത്രം അറിവുള്ള കാര്യങ്ങള്‍ നാം എങ്ങനെ തെളിയിക്കാനാണ് ? അതിനാല്‍ ചുവരിലേക്കു മുഖം തിരിക്കുകയും ആകാശങ്ങളുടെ ആകാശത്തേക്ക് നിറമിഴികള്‍ ഉയര്‍ത്തുകയും ഓര്‍മ്മിക്കണേ എന്ന് അവിടുത്തോട് പറയുകയും ചെയ്യുക.

ആയുസൊടുങ്ങുമ്പോള്‍ ഒറ്റ വാക്കില്‍ അടയാളപ്പെടുത്താന്‍ പറഞ്ഞാല്‍, ഏതു വാക്കിലായിരിക്കും മനുഷ്യര്‍ നമ്മെ അടയാളപ്പെടുത്തുന്നത്? ഒടുവില്‍, ഒരു പിടി ചാരവും ഒരു നുള്ള് മണ്ണുമാകുമ്പോള്‍ മറ്റുള്ളവരുടെ ഓര്‍മ്മകളില്‍ ഏത് പദമായിട്ടായിരിക്കും നാം തുടിക്കുന്നത് ? സ്‌നേഹം എന്നായിരിക്കുമോ?

കരുണ എന്നും വിശ്വസ്തത എന്നും സത്യസന്ധത എന്നുമായിരിക്കുമോ ? നാം ആരായിരുന്നാലും എന്തൊക്കെ നേടിയാലും ഒടുവില്‍ ഒറ്റവാക്കില്‍ സംഗ്രഹിക്കപ്പെടുമെന്ന സത്യം എപ്പോഴും ഓര്‍മ്മയിലുണ്ടാകട്ടെ.

ട്രസ്റ്റ് എന്നത് വെറുമൊരു വാക്കല്ല; ജീവിതമാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുന്നതിനാല്‍ മാത്രമല്ല നാമിവിടെ തുടരുന്നത്; വിശ്വസിക്കാനും വിശ്വസിക്കപ്പെടാനും കഴിയുന്നതു കൊണ്ടുമാണ്. കര്‍ത്താവിനോട് ഒട്ടി നില്‍ക്കുന്നവര്‍ സ്വാഭാവികമായി സത്യത്തോടും നീതിയോടും സ്‌നേഹത്തോടും വിശ്വസ്തതയോടും ആത്മാര്‍ത്ഥതയോടും കൂടി ഒട്ടി നില്‍ക്കുമെന്ന യാഥാര്‍ഥ്യം നമ്മെ ആഹ്ലാദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org