വചനമനസ്‌കാരം: No.180

വചനമനസ്‌കാരം: No.180
Published on

കര്‍ത്താവേ, ഞാന്‍ എത്ര വിശ്വസ്തമായും ആത്മാര്‍ത്ഥമായും ആണ് അങ്ങയുടെ മുമ്പില്‍ നന്മ പ്രവര്‍ത്തിച്ചത് എന്ന് ഓര്‍ക്കണമേ! പിന്നെ അവന്‍ ദുഃഖത്തോടെ കരഞ്ഞു.

2 രാജാക്കന്‍മാര്‍ 20:3

'ഇവിടെ ആര്‍ക്കും ആരെയും വിശ്വാസമില്ല. ഭരണാധികാരികള്‍ക്ക് ജനങ്ങളെ വിശ്വാസമില്ല. ജനങ്ങള്‍ക്ക് ഭരണാധികാരികളെ വിശ്വാസമില്ല. മതനേതാക്കള്‍ക്ക് അനുയായികളെയും അനുയായികള്‍ക്കു മതനേതാക്കളെയും വിശ്വാസമില്ല. മുതലാളിക്കു തൊഴിലാളിയെയും തൊഴിലാളിക്കു മുതലാളിയെയും വിശ്വാസമില്ല.

ഡോക്ടര്‍ക്ക് രോഗികളെയും രോഗികള്‍ക്ക് ഡോക്ടറെയും വിശ്വാസമില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു പോലും പരസ്പര വിശ്വാസമില്ല. എല്ലാവര്‍ക്കും പരസ്പരം സംശയമാണ്. ഞാന്‍ നാല്പതു വര്‍ഷത്തിലേറെ ലോകത്തിലെ പല രാജ്യങ്ങളില്‍ ജീവിച്ചിട്ടുണ്ട്. അവിടെയൊന്നും ഇങ്ങനെയല്ല. എല്ലാ തലങ്ങളിലും ആളുകള്‍ തമ്മില്‍ അടിസ്ഥാനപരമായ ഒരു വിശ്വാസമുണ്ട്. എന്നാല്‍ ഇവിടെ അതില്ല. ട്രസ്റ്റ് ഡെഫിസിറ്റ് ആണ് നമ്മുടെ രാജ്യത്തിന്റെ പൊതുവായ പ്രത്യേകത.'

'ഇങ്ങനെ പറയാനുള്ള കാരണമെന്താണ് ?'

'നോക്കൂ, എന്റെ ഭാര്യ ഇവിടെ ചികിത്സയിലായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിക്ക് ഞാന്‍ റീ ഇംബേഴ്‌സ്‌മെന്റ് ക്ലെയിം കൊടുത്തു. എന്നാല്‍, തീര്‍ത്തും അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞ് കമ്പനി കഷ്ടപ്പെടുത്തുകയാണ്. ഞാന്‍ കമ്പനിയെ പറ്റിക്കാന്‍ നോക്കുകയാണ് എന്നാണ് അവര്‍ വിചാരിക്കുന്നതെന്ന് തോന്നുന്നു. വര്‍ഷങ്ങളായുള്ള പോളിസിയാണ്. ആദ്യമായാണ് ക്ലെയിം ചെയ്യുന്നത്. എന്നിട്ടാണ് ഇങ്ങനെ നടത്തിക്കുന്നത്. നമ്മള്‍ എത്ര നല്ലവരായി ജീവിച്ചാലും കാര്യമില്ല. ഇവിടെ ആളുകള്‍ നമ്മെ എങ്ങനെ കബളിപ്പിക്കാം എന്നാണ് നോക്കുന്നത്. കഷ്ടം തന്നെ !'

'ഒടുവില്‍ പറഞ്ഞത് പരമസത്യമാണ്. നല്ലവരായി ജീവിക്കുന്നവരെ അതിനാല്‍ത്തന്നെ വെറുക്കുകയും അസൂയയോടെ കാണുകയും ചെയ്യുന്ന മനുഷ്യരുണ്ട്. നിങ്ങള്‍ എന്തിന് ഇത്ര നന്മയുള്ളവരായി ജീവിക്കുന്നു എന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്. നിങ്ങള്‍ നന്നായതു കൊണ്ടൊന്നും ലോകം നന്നാകാന്‍ പോകുന്നില്ല എന്ന് പരിഹസിക്കും. പറ്റുമെങ്കില്‍ ഒരു ഇരട്ടപ്പേര് ചാര്‍ത്തി വിളിക്കുകയും ചെയ്യും. അതാണ് നമ്മുടെ രീതി. എന്തായാലും പതിറ്റാണ്ടുകള്‍ ഒരു വിശ്വപൗരനായി ജീവിച്ച സാറിന് നാട്ടില്‍ വന്നതില്‍ ഖേദമുണ്ടോ ?'

'ഇല്ല. വയസ് 72 ആയി. ഐ ആം ഇന്‍ ദ് ലാസ്റ്റ് പാര്‍ട്ട് ഓഫ് മൈ ലൈഫ്. ഇപ്പോഴെങ്കിലും നാട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഇനി എന്ന് വരാനാണ് ! ജനിച്ച മണ്ണില്‍ അലിയാന്‍ കൊതിക്കാത്തവരായി ആരുണ്ട് ? ജന്മനാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷമുണ്ടെങ്കിലും ഇവിടുത്തെ കാര്യങ്ങള്‍ കാണുമ്പോള്‍ നിരാശ തോന്നും.'

'ഇന്നത്തെ കാലത്ത് 72 എന്നത് ലാസ്റ്റ് പാര്‍ട്ട് ഒന്നുമല്ല സര്‍ ! ആരോഗ്യവും ആയുസുമൊക്കെ ദൈവത്തിന്റെ ദാനമല്ലേ ? സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.'

ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചതിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം കൊടുത്തതിനുശേഷം കമ്പനിയില്‍ നിന്ന് ലഭിച്ച കത്തുമായാണ് അദ്ദേഹം ഓഫീസ് മുറിയിലേക്ക് കടന്നുവന്നത്. ആമുഖമൊന്നുമില്ലാതെ ചിരപരിചിതനെ പോലെയാണ് സംഭാഷണം ആരംഭിച്ചത്. വാക്കുകളിലൂടെ വെളിപ്പെട്ട കുലീനതയും ഹൃദയപരമാര്‍ഥതയും ആകര്‍ഷകമായി തോന്നി. പല കാര്യങ്ങളിലും പാശ്ചാത്യരെ അതേപടി അനുകരിക്കുന്ന പ്രവണത നമുക്കുണ്ട്. എന്നാല്‍, പൊതുമര്യാദകള്‍, പൗരബോധം, ആദരവോടും അന്തസോടും കൂടെയുള്ള ഇടപെടലുകള്‍, വിശ്വാസ്യതയും തുല്യതയുമുള്ള പരസ്പരബന്ധങ്ങള്‍ എന്നിങ്ങനെയുള്ള അവരുടെ നന്മകളേക്കാള്‍ അവരുടെ ജീര്‍ണ്ണതകള്‍ അനുകരിക്കാനാണ് നാം ശ്രമിക്കുന്നത്.

ട്രസ്റ്റ് ഡെഫിസിറ്റ് - അദ്ദേഹം പറഞ്ഞതിലെ ആ രണ്ടു പദങ്ങളാണ് ധ്യാനാത്മകമായി തോന്നിയത്. നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് ട്രസ്റ്റ് ഡെഫിസിറ്റാണ്. വിശ്വാസികള്‍ക്കും വിപ്ലവകാരികള്‍ക്കും കമിതാക്കള്‍ക്കും ദമ്പതികള്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമെല്ലാം പറയാനുള്ളത് നഷ്ടവിശ്വാസത്തിന്റെ കഥകളാണ്; നഷ്ടസ്വപ്നങ്ങളേക്കാളും നഷ്ടസ്‌നേഹങ്ങളേക്കാളും തീവ്രവും ശോകാകുലവുമായ നഷ്ടവിശ്വാസത്തിന്റെ കഥകള്‍ അടുത്തലക്കത്തില്‍ വിശദീകരിക്കാം.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org