വചനമനസ്‌കാരം: No.179

വചനമനസ്‌കാരം: No.179
Published on

തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം ! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം ! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം !

ഏശയ്യ 5:20

'ആരാധനാക്രമവിവാദത്തില്‍ ഏറെ വേദനയനുഭവിച്ചിട്ടുള്ള നമ്മുടെ അതിരൂപതയിലും സഭയിലും കൂട്ടായ്മയും പരസ്പരവിശ്വാസവും വളര്‍ത്തുന്നതിനും രമ്യതയുടെ ശുശ്രൂഷകരാകാനും (2 കോറി. 5:18) ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ! നിങ്ങളെയെല്ലാവരെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്നു' എന്ന വാക്യങ്ങളോടെയാണ് മേജര്‍ ആര്‍ച്ചുബിഷപും അദ്ദേഹത്തിന്റെ വികാരിയും ചേര്‍ന്ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ അവസാനിക്കുന്നത്.

അഭിവന്ദ്യ മെത്രാപ്പൊലീത്തമാരുടെ ആത്മാര്‍ഥമായ സമീപനവും കഠിനമായ പരിശ്രമവും ശ്ലാഘനീയമാണ്. സര്‍ക്കുലറിന്റെ ചൈതന്യത്തെ സ്വാഗതം ചെയ്യുമ്പോഴും ഖേദകരമായ ചില വസ്തുതകള്‍ ഓര്‍ത്തുപോകുകയാണ്. ജേതാക്കള്‍ ഇല്ലാത്ത യുദ്ധമായിരുന്നതിനാല്‍ ജയപരാജയങ്ങളുടെ കണക്കെടുക്കുന്നില്ല. രാഷ്ട്രീയക്കാരുടേതിനേക്കാള്‍ മലിനമായതിനാല്‍ സഭയുടെ രാഷ്ട്രീയത്തെ അപഗ്രഥിക്കുന്നുമില്ല. ഈ സര്‍ക്കുലര്‍ ഇറങ്ങിയതോടെ സഭയെയും സഭയുടെ ആസ്ഥാന അതിരൂപതയെയും ഉലച്ച എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമായോ ? ഇല്ല.

ഇത് വളരെ നേരത്തെ ആകാമായിരുന്നതല്ലേ ? അതെ.

ഇപ്പോള്‍ ഇങ്ങനെയൊന്ന് രൂപപ്പെടാന്‍ കാരണം എന്താണ് ? 'പൂരം' കണ്ടുകണ്ട് പൂരത്തിന്റെ സംവിധായകര്‍ക്കും സംഘാടകര്‍ക്കും മടുപ്പും ചെടിപ്പും അനുതാപവും ഉളവായതു കൊണ്ടാണോ ? അല്ല. പതനത്തിന്റെ ആഴം കണ്ട ഒരു 'സിസ്റ്റം' അവിടെ നിന്ന് കരകയറാന്‍ നടത്തുന്ന ശ്രമമാണ് ഈ സര്‍ക്കുലര്‍. ഇനി മറ്റൊരു മാര്‍ഗവും അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇത് രൂപപ്പെട്ടത്. ഇതോടെ എല്ലാം ശുഭമായി അവസാനിച്ചു എന്ന് ആരും കരുതുന്നില്ല. എങ്കിലും ഒരു പുതിയ ആരംഭം കുറിച്ചു എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ വര്‍ഷങ്ങള്‍ കാത്തിരുന്നതും ഈ ആരംഭത്തിനു വേണ്ടിയായിരുന്നു.

'എറണാകുളം പ്രശ്‌നം' ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള പ്രശ്‌നമായി അവതരിപ്പിക്കപ്പെട്ടു. സഭയെ അനുസരിക്കുന്നവരും ധിക്കരിക്കുന്നവരും തമ്മിലുള്ള പോരായി ചിത്രീകരിക്കപ്പെട്ടു. 'സഭാവിശ്വാസികളും' വിമതരും തമ്മിലുള്ള സംഘര്‍ഷമായി വിലയിരുത്തപ്പെട്ടു. ഉപരിപ്ലവമായ ഈ ധാരണകള്‍ക്കപ്പുറം സത്യം എന്താണ് ? തിന്മയെ നന്മയെന്ന് ഭൂരിപക്ഷം വിളിച്ചപ്പോള്‍ തിന്മയെ തിന്മയെന്ന് വിളിച്ച ന്യൂനപക്ഷം വിമതരായി.

അന്ധകാരത്തെ പ്രകാശമെന്നും കയ്പിനെ മധുരമെന്നും ഭൂരിപക്ഷം വിശേഷിപ്പിച്ചപ്പോള്‍ അന്ധകാരത്തെ അന്ധകാരമെന്നും കയ്പിനെ കയ്‌പെന്നും വിശേഷിപ്പിച്ച ന്യൂനപക്ഷം ധിക്കാരികളും അനുസരണമില്ലാത്തവരും സഭാവിരുദ്ധരുമായി. കയ്പാണെന്നറിഞ്ഞിട്ടും, മറ്റെന്തിനോ വേണ്ടി മധുരമെന്ന വ്യാജേന കയ്പ് നുണഞ്ഞ 'സഭാസ്‌നേഹികള്‍' കയ്ചിട്ടും തുപ്പാന്‍ വയ്യാത്ത പ്രതിസന്ധിയിലായി.

സഭാവിരുദ്ധര്‍ എന്നും വിമതര്‍ എന്നും മുദ്രയടിക്കപ്പെട്ട ജനതയാകട്ടെ സഹനങ്ങളുടെ കയ്പിലും നിലപാടുകളുടെയും ബോധ്യങ്ങളുടെയും കൂട്ടായ്മയുടെയും പ്രാര്‍ഥനയുടെയും മധുരം നുകര്‍ന്ന് പിടിച്ചുനിന്നു. അധികാരത്തിന്റെ വീര്യവും സംഘബലത്തിന്റെ വൈരവുമുള്ള ദണ്ഡുകളാല്‍ അവരെ അടിച്ചൊതുക്കാന്‍ ശ്രമമുണ്ടായി. അതോടെ ശക്തമായ ചെറുത്തുനില്‍പ്പുയര്‍ന്നു.

ദൈവം ദൈവജനത്തോടൊപ്പമായിരുന്നതിനാല്‍ ആ ചെറുത്തുനില്‍പ്പിനു മുന്നില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ജോബിന്റെ പുസ്തകത്തില്‍ എലീഹു പറയുന്നതു പോലെ, 'പീഡിതരെ അവരുടെ പീഡകള്‍കൊണ്ടു തന്നെ അവിടുന്ന് രക്ഷിക്കുന്നു' (36:15) എന്നതിന്റെ നേരടയാളമായി ഈ 'ചെറിയ അജഗണത്തിന്റെ' പ്രതിരോധം സഭാചരിത്രത്തില്‍ ഇടം നേടും.

ഹൃദയഭേദകമായ നിലവിളികളും ഹൃദയശൂന്യമായ അട്ടഹാസങ്ങളുമെല്ലാം നിലച്ചിട്ടുണ്ടാകാം. എങ്കിലും അമര്‍ത്തിയ ഒരു തേങ്ങല്‍ കേള്‍ക്കുന്നുണ്ട്. അതുയരുന്നത് യേശുവിന്റെ കുരിശില്‍ നിന്നോ അതോ കുരിശിലെ യേശുവില്‍ നിന്നോ ? അതോ അള്‍ത്താരകളെയും ബലിപീഠങ്ങളെയും പവിത്രമാക്കുന്ന സക്രാരിയില്‍ നിന്നോ ? അതുമല്ലെങ്കില്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ അന്തരാത്മാവില്‍ നിന്നോ ? എല്ലാ തേങ്ങലുകളും നിലയ്ക്കട്ടെ. പ്രാര്‍ഥനകള്‍ മാത്രം തുടരട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org