വചനമനസ്‌കാരം: No.176

വചനമനസ്‌കാരം: No.176
Published on

ഉഷസ്സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അത് യേശുവാണെന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല.

യോഹന്നാന്‍ 21:4

ഗനേസറത്തും തിബേരിയാസും വിശ്വാസപരിശീലനത്തിന്റെ രണ്ട് ഉജ്വല മാതൃകകളാണെന്നും കടല്‍ത്തീരത്തെ രണ്ടു ക്ലാസുമുറികളില്‍ നിന്നും ചില ചോദ്യങ്ങള്‍ നമ്മുടെ അന്തരംഗങ്ങളില്‍ ഉയരുന്നുണ്ടെന്നുമാണ് കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചത്. രണ്ടും യേശുക്രിസ്തു നേരിട്ട് എടുത്ത ക്ലാസുകളായിരുന്നു. മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനിട യില്‍ അനുപമവും മൗലികവുമായ എത്രയോ സെഷനുകളാണ് അവിടുന്ന് പൂര്‍ത്തീകരിച്ചത്.

അപ്പവും അദ്ഭുതങ്ങളുമായിരുന്നു മുഖ്യമെങ്കിലും ചിലപ്പോഴെങ്കിലും പ്രാര്‍ഥിക്കാന്‍ പഠിക്കാനും വിശ്വാസം വര്‍ധിപ്പിക്കാനും സ്വര്‍ഗത്തിന്റെ രഹസ്യങ്ങള്‍ വെളി പ്പെട്ടു കിട്ടാനും അവര്‍ യേശുവിന്റെ പക്കല്‍ അണഞ്ഞിരുന്നു. എന്നിട്ടും, ''ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്? ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ?'' (മത്താ. 13:54) എന്ന വിസ്മയത്തിനപ്പുറം അവരുടെ യേശു അനുഭവം വളര്‍ന്നില്ല.

അന്ന് എടുത്ത ഏത് ക്ലാസും ചരിത്ര ത്തിന്റെ ഏതു നിമിഷത്തിലും വ്യക്തിപരമായി ഓരോ മനുഷ്യനും വീണ്ടും എടുത്തു നല്‍കാന്‍ കഴിയും എന്നതാണ് യേശുവിന്റെ അധ്യാപനത്തെ അനന്യമാക്കുന്നത്. 'സജ്ജീകൃതമായ ഒരു വലിയ മാളിക മുറി'യിലെ വിരുന്നിന്റെ ക്ലാസും 'തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായിലെ' ബലിയുടെ ക്ലാസും അനുദിനം എത്രയോ അള്‍ത്താരകളിലാണ് അവിടുന്ന് ആവര്‍ത്തിക്കുന്നത്. പലസ്തീനായില്‍ നിന്ന് നമ്മുടെ ആവൃതികളിലും വേദത്താളുകളില്‍ നിന്ന് നമ്മുടെ ഉള്‍ത്തട ങ്ങളിലും ആ ക്ലാസുകള്‍ ഞൊടിയിടയില്‍ ആവര്‍ത്തിക്കാന്‍ യേശുവിനു കഴിയും. തുലനം ചെയ്യാന്‍ ആരുമില്ലാത്ത ഗുരുനാഥനായി യേശുക്രിസ്തു മാനവചരിത്രത്തില്‍ പ്രശോഭിക്കുന്നു.

1) നമ്മുടെ സാക്ഷ്യജീവിതത്തിന്റെ വല ശക്തവും സക്രിയവുമാണോ? പ്രക്ഷുബ്ധവും മലിനവുമായ സംസാര സാഗരത്തില്‍ ആഴ്ന്നിറങ്ങി കര്‍ത്താവിനായി 'വിശുദ്ധ മത്സ്യങ്ങളെ' പിടികൂടാന്‍ അതിന് കഴിയുന്നുണ്ടോ?

2) ആഴത്തിലേക്ക് നീക്കുക - അതാണ് ആത്യന്തികമായി യേശു പറയുന്നത്. നമ്മുടെ ജീവിതനൗക തന്റെ സ്‌നേഹ സാഗരത്തിന്റെ നടുവില്‍ തുടിക്കണം എന്നതാണ് യേശുവിന്റെ ആഗ്രഹം. നമ്മുടെ വിശ്വാസപരിശീലനം ആഴങ്ങളിലൂടെയുള്ള സഞ്ചാരമാണോ? പരീക്ഷാവിജയം, സ്‌കോളര്‍ഷിപ്പ്, മുഴുവന്‍ ഹാജര്‍, ബെസ്റ്റ് യൂണിറ്റ് എന്നീ 'തീരദേശങ്ങള്‍' പിന്നിട്ട് ക്രിസ്തുസാഗരത്തിന്റെ നടുവില്‍ നിലയുറപ്പിക്കാന്‍ നമ്മുടെ മക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടോ? മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും, സര്‍വോപരി ക്രിസ്ത്വാനുഭവത്തിന്റെയും ആഴങ്ങളിലേക്ക് അവര്‍ നയിക്കപ്പെടുന്നുണ്ടോ?

3) ഉഷസ്സായപ്പോഴാണ് യേശു കടല്‍ക്കരയില്‍ വന്നു നിന്നത്. എന്നിട്ടും അത് യേശുവാണെന്ന് ശിഷ്യന്‍മാര്‍ക്ക് തിരിച്ചറിയാ നായില്ല. ആത്മാവിന്റെ ഇരുണ്ട രാത്രികളില്‍ പോലും 'കുഞ്ഞുങ്ങളേ' എന്ന വിളിയോടെ അരികില്‍ അണയുന്ന ആ സ്‌നേഹവാത്സല്യത്തെ തിരിച്ചറിയാനുള്ള പരിശീലനം നമ്മുടെ മക്കള്‍ക്ക് ലഭിക്കുന്നുണ്ടോ?

4) ജീവിതാനുഭവങ്ങള്‍ എത്ര തീവ്രവും ശോകാകുലവുമായാലും 'അതു കര്‍ത്താവാണ്' എന്ന് ആത്മധൈര്യത്തോടും പ്രത്യാശയോടും കൂടി ഏറ്റു പറയാനുള്ള ബലവും ബോധ്യവും പകരാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്കു കഴിയുന്നുണ്ടോ? പരാജയത്തിന്റെയും നൈരാശ്യത്തിന്റെയും സന്ദര്‍ഭങ്ങളിലും സ്‌നേഹാര്‍ദ്രവും സവിശേഷവുമായ അവിടുത്തെ സാന്നിധ്യം അനുഭവിക്കാന്‍ നമ്മുടെ മക്കള്‍ പ്രാപ്തരാകുന്നുണ്ടോ?

5) RM, Jin, Suga, J-Hope, Jimin, V, Jungkook എന്നിവരെല്ലാം ചേര്‍ന്ന് എത്ര അനായാസമായാണ് നമ്മുടെ മക്കളെ പിടികൂടിയത്! വേടന്‍ എത്ര അനായാസമായാണ് നമ്മുടെ മക്കളെ വലയിലാക്കിയത്! എന്നാല്‍, അതേ അഭിനിവേശത്തോടെ നമ്മുടെ മക്കള്‍ യേശു എന്ന സുവിശേഷത്തിലും സുവിശേഷത്തിലെ യേശുവിലും കുടുങ്ങുന്നുണ്ടോ? മറ്റെല്ലാറ്റിനും ഉപരിയായി ക്രിസ്തുവിന്റെ അനുപമവും വശ്യവുമായ വ്യക്തിത്വത്തിന്റെ 'ചൂണ്ടയില്‍' അവര്‍ കൊത്തുന്നുണ്ടോ?

6) മാന്ത്രികമായ വശ്യതയോടെ നരകത്തിന്റെ സിലബസ് അവതരിപ്പിക്കപ്പെടുന്ന ഒരു ലോകത്തില്‍ സ്വര്‍ഗവും സ്വര്‍ഗത്തിന്റെ സിലബസും ആകര്‍ഷകവും അര്‍ഥപൂര്‍ണ്ണവു മായി അവതരിപ്പിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് ഭാവാത്മകമായി ഉത്തരം നല്‍കാന്‍ കഴിയുമ്പോഴാണ് നമ്മുടെ അധ്യാപനവും മക്കളുടെ അധ്യയനവും തേജോമയവും രക്ഷാകരവുമാകുന്നത്.

തീരത്ത് സുഖാലസമായ വിശ്രമജീവിതം നയിക്കാനല്ല; ആഴക്കടലില്‍ അവിരാമമായി അധ്വാനിച്ച് മനുഷ്യബന്ധനം നടത്താനാണ് നാം നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ആ പ്രക്രിയയിലെ ആത്മാര്‍ഥതയും സമര്‍പ്പണവുമാണ് ഒടുവില്‍, നമ്മെ നിത്യജീവന്റെ തീരത്തണയ്ക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org