
വസ്ത്രത്തില്‍ നിന്നു കീടങ്ങള്‍ എന്ന പോലെ സ്ത്രീയില്‍ നിന്നു ദുഷ്ടത വരുന്നു. സ്ത്രീയുടെ നന്‍മയെക്കാള്‍ ഭേദമാണ് പുരുഷന്റെ ദുഷ്ടത. സ്ത്രീയാണ് ലജ്ജയും അപമാനവും വരുത്തുന്നത്.
പ്രഭാഷകന്‍ 42:13, 14
'The most fragile thing in this world is Male Ego'
'അങ്ങനെ പറയാന്‍ കാരണമെന്താണ്?'
'അതാണല്ലോ സത്യം. എല്ലാം പുരുഷന്‍മാര്‍ക്കുവേണ്ടി പുരുഷന്‍മാര്‍ ഉണ്ടാക്കി വച്ചിരിക്കുന്നതാണ്. വിവാഹത്തിന്റെ കാര്യം നോക്കുക. Married men are happier than single men. Single women are happier than married women എന്ന് പഠനങ്ങളുണ്ട്. അതായത് വിവാഹം കൊണ്ട് നേട്ടമുള്ളത് പുരുഷന്‍മാര്‍ക്കാണ്. എല്ലാം പുരുഷന്‍മാര്‍ക്ക് ഫേവറബിളാണ്. Obviously this is a patriarchal world. ദൈവം പോലും ചെയ്തത് unfair ആയ കാര്യമല്ലേ ? He ആയല്ലേ ഭൂമിയില്‍ അവതരിച്ചത് ! ഈ വചനം തന്നെ നോക്കൂ. ഇത് വായിച്ചാല്‍ എഴുതിയ ആളുടെ പെറ്റ തള്ള സഹിക്കില്ല. ഇതെല്ലാം എങ്ങനെ ബൈബിളില്‍ കടന്നുവരുന്നു ? ഇതൊക്കെ എഴുതി വച്ചിരിക്കുന്ന ബൈബിള്‍ എന്തിന് വായിക്കണം?'
'വിശദമായി മറുപടി പറയേണ്ട ചോദ്യങ്ങളാണ്. പിന്നീട് പറയാം.'
അടിയേറ്റ് തിണര്‍ത്ത കവിളുമായി യുവ അഭിഭാഷകയുടെ ചിത്രം പത്രത്തിന്റെ ഒന്നാം പേജില്‍ കണ്ട ദിവസം മകളുമായി ഉണ്ടായ സംഭാഷണം ഇപ്രകാരമായിരുന്നു. വീട്, തൊഴിലിടം, പൊതുസ്ഥലം എന്ന ഭേദമില്ലാതെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മറയില്ലാതെ വെളിപ്പെടുന്ന ആണ്‍കോയ്മയില്‍ ഇക്കാലത്തെ പെണ്‍കുട്ടികള്‍ എത്രമേല്‍ രോഷാകുലരും അസ്വസ്ഥരുമാണെന്ന് അവളുടെ വാക്കുകള്‍ സ്പഷ്ടമാക്കുന്നു.
'അവള്‍' എന്തിന്, എങ്ങനെ സന്തോഷിക്കണമെന്നും എന്തിന്, എങ്ങനെ കരയണമെന്നും നിശ്ചയിക്കുന്നത് പുരുഷമനസാണ്. അവള്‍ എന്ത് ഇഷ്ടപ്പെടണമെന്നും എന്ത് ഇഷ്ടപ്പെടരുതെന്നും നിശ്ചയിക്കുന്നതും പുരുഷമനസാണ്. അവളുടെ മാനറിസങ്ങള്‍, വസ്ത്രധാരണം, ചിരി, നോട്ടം, നടപ്പ്, സംസാരരീതി, അംഗവിക്ഷേപങ്ങള്‍ എന്നിവയ്‌ക്കെല്ലാം സമൂഹത്തിന് സദാചാരത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പിന്‍ബലമുള്ള മുന്‍വിധികളുണ്ട്.
അവളുടെ കാര്യത്തില്‍ ആവശ്യത്തിലേറെ ഔത്സുക്യമുള്ള സമൂഹം പക്ഷേ, 'അവന്റെ' കാര്യത്തില്‍ അശ്രദ്ധരും ഉദാസീനരുമാണ്. നമ്മുടെ പൊതുബോധം അവന്‍ (He) ആണ്. നമ്മുടെ സമൂഹമനസും അവന്‍ (He) ആണ്. എന്തിനേറെ സര്‍ക്കാര്‍ പോലും ഫലത്തിലും പ്രവൃത്തിയിലും He ആണ്. യേശുക്രിസ്തുവിന്റെ ശരീരവും മണവാട്ടിയുമായ സഭ അവള്‍ (She) ആണ്. എന്നാല്‍, സഭയുടെ ഹയരാര്‍ക്കി കാഠിന്യമുള്ള അവന്‍ (He) ആണ്.
'സകല നന്മകളും സൗഭാഗ്യങ്ങളും നിറഞ്ഞ് മുടി ചൂടി നില്‍ക്കുന്നു' എന്ന് പ്രകീര്‍ത്തിക്കപ്പെടുമ്പോഴും അവളുടെ പുത്രിമാരുടെ അവസ്ഥ പരിതാപകരമാണ്. സഭയുടെ എല്ലാ തലങ്ങളിലും നിന്ന് വമിക്കുന്നത് ആണ്‍കോയ്മയുടെ അസഹ്യമായ ദുര്‍ഗന്ധമാണ്. ക്രിസ്തുവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ആ മനോഭാവങ്ങളിലും നിലപാടുകളിലും സമഭാവനയുടെയും സഹാനുഭൂതിയുടെയും കരുണയുടെയും വെട്ടം പകരാനാണ് ഫ്രാന്‍സിസ് പാപ്പ പരിശ്രമിച്ചത്.
മുന്‍തലമുറകളെ അപേക്ഷിച്ച് ജെന്‍സി (Gen Z), ആല്‍ഫാ (Alpha) തലമുറകളിലെ പെണ്‍കുട്ടികള്‍ ഭാഗ്യവതികളാണ്. പരസഹായം കൂടാതെ സ്വയം നിര്‍വചിക്കാന്‍ കെല്‍പുള്ള അവര്‍ എത്ര സ്വാഭാവികവും സുന്ദരവുമായാണ് പുരുഷനിര്‍മ്മിത പൊതുബോധവും സമൂഹമനസ്സും തച്ചുതകര്‍ക്കുന്നത്.
തങ്ങള്‍ക്കുവേണ്ടി ചിന്തിക്കാനും സ്വപ്നങ്ങള്‍ കാണാനും പ്രവര്‍ത്തിക്കാനും മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വശ്യമായ ഈ ഡിസ്‌റപ്ഷനിലൂടെ അവര്‍ പറയുന്നത്. ആരൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു ജെന്‍ഡര്‍ ന്യൂട്രല്‍ സമൂഹമനസ്സും പൊതുബോധവുമാണ് നമുക്ക് ചുറ്റും അവര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. പായ് വഞ്ചിയുടെ അമരത്തേറി കടലുകള്‍ കീഴടക്കിയെത്തിയ രണ്ടു പെണ്‍കൊടികള്‍ അഭിമാനപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നതും പരമമായ ഈ സത്യമാണ്.