വചനമനസ്‌കാരം: No.172

വചനമനസ്‌കാരം: No.172
Published on

ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങു നിക്ഷേപിച്ചിരിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 4:7

  • എസ്. പാറേക്കാട്ടില്‍

''എല്ലാം ക്രയവിക്രയം ചെയ്യപ്പെടുന്ന ഒരു ലോകത്ത്, പണത്തിന്റെ ശക്തികൊണ്ട് എന്തെല്ലാം ശേഖരിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ആളുകളുടെ മൂല്യം നിര്‍ണ്ണയിക്കപ്പെടുന്നത്. നമ്മുടെ അടിയന്തരവും നിസ്സാരവുമായ ആവശ്യങ്ങള്‍ക്കപ്പുറം നോക്കാന്‍ അനുവദിക്കാത്ത നിന്ദ്യമായ ഒരു വ്യവസ്ഥിതിയുടെ ബന്ദികളാക്കപ്പെട്ട്, വാങ്ങുക, ഉപഭോഗം നടത്തുക എന്നിവയിലേക്കു മാത്രം നിരന്തരം ശ്രദ്ധതിരിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.

ഈ തലതിരിഞ്ഞ സംവിധാനത്തില്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിനു സ്ഥാനമില്ല. എന്നാലും ആ സ്‌നേഹത്തിനു മാത്രമേ, സൗജന്യസ്‌നേഹത്തിന് ഇടം നല്‍കാത്ത ഭ്രാന്തില്‍ നിന്നും നമ്മെ മോചിപ്പിക്കാന്‍ കഴിയൂ. സ്‌നേഹിക്കാനുള്ള കഴിവ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു നാം കരുതുന്നിടത്തെല്ലാം സ്‌നേഹത്തെ പുനരുജ്ജീവിപ്പിക്കാനും നമ്മുടെ ലോകത്തിന് ഒരു ഹൃദയം നല്‍കാനും ക്രിസ്തുവിന്റെ സ്‌നേഹത്തിനു മാത്രമേ കഴിയൂ.''

ഹൃദയമില്ലാത്ത ലോകത്തിലാണ് നാം ജീവിക്കുന്നത്. ബുദ്ധി, ശക്തി, സൗന്ദര്യം എന്നിവയും അവയിലൂടെ ആര്‍ജ്ജിക്കുന്നവയും മാത്രം മൂല്യമുള്ളതായി കരുതുന്ന ലോകം. വില (price) ഉള്ളവയ്ക്കു മാത്രം മൂല്യം (value) കല്‍പ്പിക്കുന്ന ലോകം. ദൃശ്യമായ സമ്പത്തിന്റെയും പദവിയുടെയും പ്രതാപത്തിന്റെയും മാത്രം പേരില്‍ മനുഷ്യര്‍ പരിഗണിക്കപ്പെടുന്ന ലോകം. അത്തരമൊരു ലോകത്തിന് തിരുഹൃദയത്തിന്റെ സ്‌നേഹവും ആര്‍ദ്രതയും പകരാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ 'അവിടുന്ന് നമ്മെ സ്‌നേഹിച്ചു' (DILEXIT NOS) എന്ന ചാക്രിക ലേഖനം എഴുതിയത്. അഞ്ച് അധ്യായങ്ങള്‍ മാത്രമുള്ള ആ പ്രബോധനത്തിന്റെ ഉപസംഹാരത്തില്‍

218 നമ്പറായി കൊടുത്തിരിക്കുന്ന ചെറുഖണ്ഡികയാണ് മുകളില്‍ ഉദ്ധരിച്ചത്. വീണ്ടും ഒരു വിശ്വാസപരിശീലന വര്‍ഷം സമാരംഭിക്കുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങ ളെയും ആഭിമുഖ്യങ്ങളെയും മുന്‍ഗണനകളെയും ക്രിസ്തുവിന്റെ സ്‌നേഹം എന്ന ഏകകത്തില്‍ കേന്ദ്രീകരിച്ച് വിലയിരുത്താന്‍ പാപ്പയുടെ വാക്കുകള്‍ സഹായിക്കും.

'ഈശോയിലാണെന്റെ പ്രത്യാശ' എന്നതാണ് പുതിയ അധ്യയന വര്‍ഷത്തെ ആപ്തവാക്യം. ഇരുട്ട് നിറഞ്ഞതും വിഷാദഭരിതവുമായ നമ്മുടെ ജീവമണ്ഡലത്തെ ഒന്നാകെ പുല്‍കിയുണര്‍ത്താന്‍ പര്യാപ്തമായ പദമാണ് hope അഥവാ പ്രത്യാശ.

expectation and desire combined എന്നാണ് hope എന്ന വാക്കിന്റെ അര്‍ഥം. ആശയും പ്രതീക്ഷയും കൂടിച്ചേരുന്നതാണ് പ്രത്യാശ. ആഗ്രഹവും ഇച്ഛയും വിശ്വാസവും ആശ്വാസവും ഉള്‍ച്ചേരുന്നതാണ് പ്രത്യാശ. അങ്ങനെയെങ്കില്‍, പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസപരിശീലനത്തിലൂടെ എന്ത് ആഗ്രഹിക്കാനും പ്രതീക്ഷിക്കാനുമാണ് നാം മക്കളെ പഠിപ്പിക്കുന്നത് ? എന്ത് തേടാനും എന്തില്‍ ആശ്വാസം കണ്ടെത്താനുമുള്ള നൈപുണ്യമാണ് പകരുന്നത് ?

ഈ ലോകത്തിന്റെ രസതന്ത്രങ്ങള്‍ നല്‍കുന്ന സന്തോഷങ്ങള്‍ക്കപ്പുറം ഹൃദയത്തിന്റെ അടിത്തട്ടില്‍ ദൈവം നിക്ഷേപിക്കുന്ന ആനന്ദത്തിന്റെ വിദ്യ നാം മക്കളെ പഠിപ്പിച്ചിട്ടുണ്ടോ ? ഈ ലോകത്തിന്റെ എല്ലാ വെളിച്ചങ്ങളേക്കാള്‍ വെളിച്ചമുള്ള, എല്ലാ വിജയങ്ങളേക്കാള്‍ മാധുര്യമുള്ള, എല്ലാ ആനന്ദങ്ങളേക്കാള്‍ ആനന്ദമുള്ള, എല്ലാ സ്‌നേഹങ്ങളേക്കാള്‍ സ്‌നേഹിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം 'പ്രസരണനഷ്ടം' കൂടാതെ പകരാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? യേശുക്രിസ്തുവിനുവേണ്ടി കൊല്ലാനും ചാകാനും മടിയില്ലാത്ത ചാവേറുകളെ രൂപപ്പെടുത്തുകയല്ല ക്രിസ്തീയ വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യം; പിന്നെയോ, യേശുവിനുവേണ്ടി ജീവിക്കുന്ന മനുഷ്യരെ രൂപപ്പെടുത്തുക എന്നതാണ്.

യേശുവിനുവേണ്ടി നിര്‍മ്മല മനഃസാക്ഷിയോടെ ജീവിക്കുന്നവര്‍; യേശുവിനെപ്രതി സത്യസന്ധതയോടും നീതിബോധത്തോടും കൂടി ജീവിക്കുന്നവര്‍; യേശുവിനുവേണ്ടി വിശുദ്ധിയെ സ്‌നേഹിക്കുന്നവര്‍; യേശുവിനുവേണ്ടി സ്‌നേഹവും കരുണയും ഹൃദയാര്‍ദ്രതയും പുലര്‍ത്തുന്നവര്‍; യേശുവിന്റെ സുവിശേഷം ആഹ്ലാദത്തോടെ ജീവിക്കുന്നവര്‍ - സാക്ഷ്യജീവിതത്തിന്റെ മഹിമയും മാധുര്യവും നിറഞ്ഞ ഇത്തരം മനുഷ്യരെ രൂപപ്പെടുത്തുക എന്നതാണ് മീന്‍ പിടിച്ചിരുന്നവരെ മനുഷ്യരെ പിടിക്കാന്‍ പഠിപ്പിച്ച വിശ്വഗുരുവിന് നമുക്ക് നല്‍കാവുന്ന സ്‌നേഹനിര്‍ഭരമായ പ്രതിസമ്മാനം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org