വചനമനസ്‌കാരം: No.170

വചനമനസ്‌കാരം: No.170
Published on

എല്ലാവരും അന്വേഷിക്കുന്നതു സ്വന്തം കാര്യമാണ്. യേശുക്രിസ്തുവിന്റെ കാര്യമല്ല.

ഫിലിപ്പി 2:21

'ആ കുരിശ് വഹിക്കാനും ആ ദൗത്യം നിര്‍വഹി ക്കാനും നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഒരു സഭ എന്ന നിലയില്‍, യേശുവിന്റെ സുഹൃത്തുക്കളുടെ ഒരു സമൂഹമായി, വിശ്വാസികളായി, സുവിശേഷം പ്രഘോഷിക്കാന്‍ എന്നോടൊപ്പം നടക്കാന്‍ നിങ്ങളില്‍ ഓരോരുത്തരെയും എനിക്ക് ആശ്രയിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം. നമ്മുടെ രക്ഷകനായ യേശുക്രിസ്തു മാത്രമാണ് പിതാവിന്റെ മുഖം വെളിപ്പെടുത്തുന്നത്. ക്രിസ്തു നിലനില്‍ക്കുന്നതിനായി മാറി നില്‍ക്കുക; അവന്‍ അറിയപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നതിനായി സ്വയം ചെറുതാകുക; എല്ലാവരും ക്രിസ്തുവിനെ അറിയാനും സ്‌നേഹിക്കാനും അവസരം ലഭിക്കുന്നതിന് സ്വയം വിട്ടുനല്‍കുക. സഭയുടെ അമ്മയായ മറിയത്തിന്റെ സ്‌നേഹനിര്‍ഭരമായ മധ്യസ്ഥതയിലൂടെ ദൈവം ഇന്നും എപ്പോഴും എനിക്ക് ഈ കൃപ നല്‍കട്ടെ.'

-ലെയോ പതിനാലാമന്‍ പാപ്പ

കാത്തിരിപ്പിന് വിരാമമായി. പ്രാര്‍ഥനകള്‍ക്ക് ഫലശ്രുതിയായി. സ്വര്‍ഗം ഭൂമിക്ക് ഉത്തരം നല്‍കിയിരി ക്കുന്നു. നമുക്ക് പുതിയ പാപ്പയെ ലഭിച്ചിരിക്കുന്നു. കോണ്‍ക്ലേവിന്റെ ദൃശ്യനായ അധ്യക്ഷന്‍ കാര്‍ഡിനല്‍ പരോളിന്‍ ആയിരുന്നെങ്കിലും അദൃശ്യനായ അധ്യക്ഷനും നിയന്താവും പരിശുദ്ധ റൂഹാ തമ്പുരാന്‍ തന്നെയായി രുന്നു എന്ന് പുതിയ പാപ്പയുടെ സൗമ്യദീപ്തമായ മുഖവും തെളിമയുള്ള വാക്കുകളും സ്പഷ്ടമാക്കുന്നു. പാപ്പ ആയതിനുശേഷം കര്‍ദിനാള്‍മാരോടൊത്ത് അര്‍പ്പിച്ച ആദ്യ ദിവ്യബലിയിലെ വചനസന്ദേശത്തില്‍ നിന്നുള്ള പ്രസക്തഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. പാപ്പ ജോണ്‍ പോളിന്റെ കാലത്തിന് ജോണ്‍ പോളിനെയും പാപ്പ ബെനഡിക്ടിന്റെ കാലത്തിന് ബെനഡിക്ടിനെയും പാപ്പ ഫ്രാന്‍സിസിന്റെ കാലത്തിന് ഫ്രാന്‍സിസിനെയും നല്‍കിയ നല്ല ദൈവം, ഇതാ പാപ്പ ലെയോയെ നമുക്ക് നല്‍കിക്കൊണ്ട് സഭയിലും ലോകത്തിലും ലെയോയുടെ കാലത്തിന് തുടക്കമിട്ടിരിക്കുന്നു.

എന്തിനാണ് ഒരാള്‍ ക്രിസ്തുവിന്റെ ശരീരമായ സഭയില്‍ മാര്‍പാപ്പയാകുന്നത് ? എന്തിനാണ് ചിലര്‍ കര്‍ദിനാളും മെത്രാനും വൈദികനും സന്യാസിയും സന്യാസിനിയുമൊക്കെ ആകുന്നത് ? യേശുക്രിസ്തുവിന്റെ കാര്യം നോക്കാന്‍ വേണ്ടി മാത്രമാണ് എന്നാണ് ഉത്തരം. യേശുക്രിസ്തുവിന്റെ കാര്യം നോക്കുക എന്നതിന്റെ അര്‍ഥമെന്താണ് ? ക്രിസ്തു നോക്കിയവരുടെ കാര്യം നോക്കുക എന്നല്ലാതെ മറ്റൊരര്‍ഥമില്ല. ക്രിസ്തു നോക്കിയത് ആരുടെ കാര്യമാണ് ? ഐഹികമായ രാജ്യ ത്തിന്റെ കാര്യമാണോ ? മത രാഷ്ട്രീയ അധികാരികളുടെ കാര്യമാണോ ? ധനവാന്മാരുടെയും പ്രതാപികളുടെയും കാര്യമാണോ ? ഇപ്പോള്‍ പ്രചാരത്തിലുള്ള വാക്കനു സരിച്ച്, സ്വന്തം 'സമുദായത്തിന്റെ' കാര്യം മാത്രമാണോ ? തന്നില്‍ വിശ്വസിക്കുന്നവരുടെ മാത്രം കാര്യമാണോ ? തന്റെ അനുചരരുടെ കാര്യം മാത്രമാണോ ? അല്ല എന്നതാണ് എല്ലാറ്റിന്റെയും ഉത്തരം.

ക്രിസ്തു നോക്കിയത് നീതിമാന്മാരുടെ കാര്യമല്ല; പാപികളുടെ കാര്യമാണ്. ബലമുള്ളവരുടെ കാര്യമല്ല; ബലഹീനരുടെ കാര്യമാണ്. സമൃദ്ധിയാല്‍ ക്ലേശിക്കുന്നവരുടെ കാര്യമല്ല; ആത്മീയവും ശാരീരികവുമായി വിശന്ന് വിലപിക്കുന്നവ രുടെ കാര്യമാണ്. വൈദ്യനെ ആവശ്യമുള്ള രോഗികളുടെ കാര്യമാണ്. ഗുരുവിനെ ആവശ്യമുള്ള അജ്ഞാനികളുടെ കാര്യമാണ്. വഴിയും സത്യവും ജീവനും ആവശ്യമുള്ള പഥികരുടെയും സത്യാന്വേഷകരുടെയും മൃതസമാനരു ടെയും കാര്യമാണ്. രക്ഷകനെ ആവശ്യമുള്ള അശരണരു ടെയും അഗതികളുടെയും കാര്യമാണ്.

ഇടയനെ തേടുന്ന ആടുകളുടെയും ദൈവത്തെ തേടുന്ന മനുഷ്യരുടെയും കാര്യമാണ്. മറ്റൊരു വാക്കില്‍, സ്‌നേഹവും സത്യവും നീതിയും കരുണയും തേടുന്ന സര്‍വമനുഷ്യരുടെയും കാര്യം ക്രിസ്തുവിന്റെ കാര്യമാണ്. അത് നോക്കാനാണ് ഒരാള്‍ കര്‍തൃശുശ്രൂഷകനാകുന്നത്. തീര്‍ഥാടനത്തിലൂടെ ജോണ്‍ പോളും ജ്ഞാനോപാസനയിലൂടെ ബെനഡിക്ടും കരുണയിലൂടെ ഫ്രാന്‍സിസും ഹൃദയ ഹാരിയായി നോക്കിയത് ക്രിസ്തുവിന്റെ കാര്യങ്ങളാണ്.

'ദൈവദാസന്മാരുടെ ദാസന്‍' എന്ന് പാപ്പ പോലും സ്വയം വിശേഷിപ്പിക്കുമ്പോള്‍, ക്രിസ്തുവിന്റെ ശരീരത്തിന്റെ 'ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍' ചമയുകയും ക്രിസ്തുവിന്റെ കാര്യം നോക്കുന്നു എന്ന വ്യാജേന നിര്‍ലജ്ജം സ്വന്തം കാര്യം നോക്കുകയും ചെയ്യുന്ന 'കര്‍തൃശുശ്രൂഷകരാണ്' ക്രിസ്തുവിന്റെ ശരീരത്തെ ഉള്ളില്‍ നിന്ന് തകര്‍ക്കുന്നത്. ഇവിടെ ഇപ്പോള്‍,

ക്രിസ്തു നോക്കിയവരുടെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്നവര്‍ക്ക് മാത്രമാണ് അവിടെ, അപ്പോള്‍ ക്രിസ്തുവിന്റെ തിരുമുഖത്തേക്ക് നോക്കാന്‍ കഴിയുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org