വചനമനസ്‌കാരം: No.147

വചനമനസ്‌കാരം: No.147
Published on

നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ ?

യാക്കോബ് 4 : 5

ആത്മാനം രഥിനം വിദ്ധി

ശരീരം രഥമേവ ച

ബുദ്ധിം തു സാരഥിം വിദ്ധി

മന: പ്രഗ്രഹമേവ ച

ഇന്ദ്രിയാണി ഹയാനാഹുര്‍

വിഷയാംസ്‌തേഷു ഗോചരാന്‍

ആത്മേന്ദ്രിയമനോയുക്തം

ഭോക്തേത്യാഹുമനീഷിണ:

'ഈ ശരീരത്തെ ഒരു തേരായിട്ടും ആത്മാവിനെ അതിന്റെ ഉടമസ്ഥനായിട്ടും അറിയുക. ബുദ്ധി തേരാളിയും മനസ്സ് കുതിരകളെ നിയന്ത്രിക്കുന്ന കടിഞ്ഞാണുമാകുന്നു. ഇന്ദ്രിയങ്ങളാണ് കുതിരകള്‍. വിഷയങ്ങളാണ് ആ കുതിര കള്‍ക്കു പോകാനുള്ള മാര്‍ഗ്ഗങ്ങള്‍. ശരീരത്തോടും ഇന്ദ്രിയ ങ്ങളോടും മനസ്സിനോടും കൂടിയ ആത്മാവ് തന്നെയാണ് കര്‍മ്മഫലങ്ങളനുഭവിക്കുന്ന സംസാരിയായ ജീവന്‍.'

കഠോപനിഷത്തിലെ വിഖ്യാതമായ രഥരൂപകവും അതിന്റെ അര്‍ത്ഥവുമാണ് മേലുദ്ധരിച്ചിരിക്കുന്നത്. പ്ലേറ്റോ, ശങ്കരാചാര്യര്‍, ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, രംഗനാഥാനന്ദസ്വാമികള്‍ എന്നിങ്ങനെ ഒട്ടേറെ മഹാത്മാക്കള്‍ വ്യാഖ്യാനിച്ചിട്ടുള്ളതാണ് രഥരൂപകം. ചക്രങ്ങള്‍ ഘടിപ്പിച്ച രഥമെന്ന സങ്കല്പം യാത്രയുടെ ആവശ്യം ധ്വനിപ്പിക്കുന്നു. ശരീരമെന്ന രഥം യാത്ര ചെയ്യുന്ന ദൃശ്യപ്രപഞ്ചം അഥവാ ഈ ലോകം തന്നെയാണ് യാത്രയുടെ മാര്‍ഗം. രഥത്തില്‍ പൂട്ടിയ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളുമാകുന്ന കുതിരകളാണ് അതിന് പ്രവര്‍ത്തകശക്തി കൊടുക്കുന്നത്.

എന്നാല്‍ യാത്രയുടെ ഗതി നിശ്ചയിക്കാന്‍ അവയെ അനുവദിച്ചുകൂടാ. അനുവദിച്ചാല്‍ യാത്ര അവയുടേതാകും. രഥിയും സാരഥിയും നിസഹായരായ നോക്കുകുത്തികളാകും. ഈ അപകടം ഒഴിവാക്കാനാണ് മനസ്സ് എന്ന കടിഞ്ഞാണ്‍ കൊണ്ട് ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ ബന്ധിക്കുന്നത്. ശക്തമായ കടിഞ്ഞാണ്‍ ഉണ്ടെങ്കിലും സമര്‍ത്ഥനായ തേരാളി അഥവാ സാരഥി ഇല്ലെങ്കില്‍ യാത്ര അപകടകര മാകും. ആ സാരഥിയാണ് ബുദ്ധി. രഥയാത്രയുടെ ഗതിവേഗം നിയന്ത്രിക്കുന്നത് സാരഥിയാണ്. പക്ഷേ, അയാള്‍ക്കു പിന്നില്‍ ഇരിക്കുന്ന യജമാനനെ ലക്ഷ്യസ്ഥാനത്ത് സസുഖം എത്തിക്കുകയാണ് അയാളുടെ ജോലി. ആ യജമാനന്‍ അഥവാ യാത്രക്കാരനാണ് ആത്മാവ്.

സാരഥിയെയും നിയന്ത്രിക്കുന്നത് ആ യജമാനനാണ്. രഥവും സാരഥിയും കടിഞ്ഞാണും അശ്വങ്ങളുമെല്ലാം യജമാനനുവേണ്ടിയാണ്. യാത്ര അദ്ദേഹത്തിന്റേതാണ്. ഇന്ദ്രിയങ്ങളാണ് യാത്രയെ നിയന്ത്രിക്കുന്നതെങ്കില്‍, ജീവിതം മൃഗീയതലത്തില്‍ കഴിയും. സ്വഭാവേന ചപലമായ മനസ്സാണ് ജീവിതത്തെ നയിക്കുന്നതെങ്കില്‍, ജീവിതം ആടിയുലയും. പ്രബുദ്ധ ബുദ്ധിയാണ് യാത്രയുടെ നിയന്താവെങ്കില്‍, ജീവിതം ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ തലങ്ങളിലേക്ക് ഉന്നമിക്കും. യഥാര്‍ഥമായ സ്വാതന്ത്ര്യവും ആനന്ദവും അനുഭവിക്കും.*

അയനം എന്നൊരു പദമുണ്ട്; ഗതി, സഞ്ചാരം, വഴി, വീട്, പ്രാപ്യസ്ഥാനം എന്നൊക്കെയാണ് അര്‍ത്ഥം. നവംബര്‍ ആത്മായനത്തെ - ആത്മാവിന്റെ സഞ്ചാരവഴികളെയും പ്രാപ്യസ്ഥാനത്തെയും - ധ്യാനിക്കേണ്ട സമയമാണ്. നമ്മുടെ ജീവിതയാത്രയെ നിയന്ത്രിക്കുന്നത് ആരാണ്? ശരീരം എന്ന രഥമാണോ ? ഇന്ദ്രിയങ്ങള്‍ എന്ന കുതിര കളാണോ ? മനസ്സ് എന്ന കടിഞ്ഞാണാണോ ? ബുദ്ധി എന്ന സാരഥിയാണോ ? ആത്മാവ് എന്ന യജമാനനാണോ ? ആത്മാവിന്റെയും അധിനാഥനായ സര്‍വേശ്വരന്‍ തന്നെയാണോ ? അതുമല്ലെങ്കില്‍ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിങ്ങനെ ഇന്ദ്രിയങ്ങളെക്കൊണ്ടറിയാവുന്ന വിഷയങ്ങളാകുന്ന മാര്‍ഗങ്ങള്‍ നമ്മുടെ ഈ മഹായാത്രയെ കവര്‍ന്നെടുത്തിരിക്കുകയാണോ ?

നവംബര്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ട സമയമാണ്. ശരീരത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും നാം ശരീരം മാത്രമല്ലെന്നും അമൂല്യനും അതിവിശിഷ്ടനുമായ ഒരു യാത്രക്കാരന്‍ അതില്‍ സഞ്ചരിക്കുന്നുണ്ടെന്നും സവിശേഷ മായി ഓര്‍മ്മിക്കേണ്ട സന്ദര്‍ഭം. ഓരോ മനുഷ്യനും ദൈവത്തിന്റെ മൗലികവും അനുപമവുമായ ഒരു 'നിക്ഷേപവും സംരംഭവും' തന്നെയാണ്. ക്ലേശകരമെങ്കിലും ആനന്ദപൂര്‍ണ്ണമായ ഈ മഹായനത്തിനൊടുവില്‍ കൃതാര്‍ത്ഥത യോടും ആഹ്ലാദത്തോടും കൂടി നിക്ഷേപകനും സംരംഭ കനുമായ സര്‍വേശ്വരനു മുന്നില്‍ നില്‍ക്കാനാകുന്നതാണ് സഫലത. 'ആത്മാക്കളുടെ മാസത്തില്‍' ഉള്ളില്‍ നിറയേണ്ടതും ഈ അവബോധമാണ്.

  • (* ഇവിടെ ചേര്‍ത്തിരിക്കുന്നത് രംഗനാഥാനന്ദ സ്വാമികളുടെ വ്യാഖ്യാനമാണ്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org