
മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!
ലൂക്കാ 1:38
'വാച്ചില്‍ ആരുടെ ചിത്രമാണ്?'
'അമലോത്ഭവ മാതാവിന്റെ'
'എന്തിനു വേണ്ടിയാണ്?'
'മാതാവിനെ ഇഷ്ടമാണ്'
'കാരണമെന്താണ്?'
'എന്തു ചോദിച്ചാലും മാതാവ് നടത്തിത്തരും!'
'അസുഖം മാറ്റുന്ന കാര്യം മാതാവിനോട് ചോദിച്ചോ?'
'പറഞ്ഞു; ചോദിച്ചില്ല!'
'കൊള്ളാം! രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. രണ്ടു വാക്കുകളല്ല; രണ്ടു ദര്‍ശനങ്ങളാണ്. വിശ്വാസബോധ്യങ്ങളിലെ ഈ തെളിമ തന്നെ വലിയ ദൈവാനുഗ്രഹമാണ്. അനന്തശക്തിയും അനന്തനന്മയും അനന്തജ്ഞാനവുമുള്ള സര്‍വേശ്വരന് മുമ്പില്‍ നിരുപാധികമായി സ്വയം സമര്‍പ്പിക്കാന്‍ സഹായിക്കുന്നത് തെളിമയാര്‍ന്ന ഈ ബോധ്യമാണ്. അതില്ലാതാകുമ്പോഴാണ് ഏറ്റവും അനുഗ്രഹീതമെങ്കിലും ഏറ്റവും ദയനീയമായ വിശ്വാസജീവിതത്തിന്റെ ഉടമകളായി നാം മാറുന്നത്. മാതാവിന്റെ സഹായവും മാധ്യസ്ഥ്യവും എപ്പോഴും ഉണ്ടാകട്ടെ.'
മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് രേഖകളില്‍ ഒപ്പും സീലും വാങ്ങാന്‍ ഓഫീസില്‍ വരാറുള്ള യുവാവിനെ മുമ്പും ശ്രദ്ധിച്ചിരുന്നു. പ്രസാദാത്മകതയും വിനയാന്വിതമായ ഭാവവുമാണ് ആകര്‍ഷകമായി തോന്നിയത്. മുപ്പത് വയസ് പോലും പ്രായമില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. ജീവന് അപായകരമല്ലെങ്കിലും ശല്യപ്പെടുത്തുന്ന അസുഖമാണ്. വര്‍ഷങ്ങളായി ചികിത്സയിലാണ്.
കൃത്യമായ പരിശോധനകളും ചികിത്സയും അനിശ്ചിതമായി തുടരുകയും വേണം. കഴിഞ്ഞ ദിവസം വന്നപ്പോഴാണ് സ്മാര്‍ട്ട് വാച്ചിന്റെ പ്രതലത്തില്‍ നീലയിലും വെള്ളയിലും പ്രശോഭിക്കുന്ന അമലോത്ഭവയുടെ ചിത്രം ശ്രദ്ധിച്ചത്. മുമ്പും അതുണ്ടായിരുന്നോ? അറിയില്ല. ഈ പ്രാവശ്യമാണ് ശ്രദ്ധിച്ചത്. ശ്രദ്ധിക്കാനും ഒരു സമയമുണ്ടല്ലോ! ചോദ്യം വെറുതെയായില്ല. അദ്ദേഹത്തിന്റെ ആഴമേറിയ ആത്മീയജീവിതത്തിന്റെ വെളിപ്പെടുത്തലും സാക്ഷ്യവുമായി അത് മാറി. ജപമാലയില്‍ ചൊല്ലുന്നതു മാത്രമല്ല; മുന്നില്‍ വരുന്ന ഓരോ മനുഷ്യനും ഒരു ദൈവികരഹസ്യമാണ്. ആന്തരികമായി ഏതു നിലയിലെന്നും ദൈവൈക്യത്തിന്റെയും വിശുദ്ധിയുടെയും ഏതു പടവുകളിലെന്നും ദൈവത്തിനു മാത്രം അറിയാവുന്ന ദൈവികരഹസ്യം! അക്കമിട്ടു നിരത്താവുന്ന അനുഗ്രഹങ്ങളെക്കാളും സൗഖ്യങ്ങളെക്കാളും അത്ഭുതങ്ങളെക്കാളും ഉപരി ദൈവൈക്യത്തില്‍ ആഹ്ലാദിക്കുന്ന ചില വിശുദ്ധജന്മങ്ങളുണ്ട്. അവര്‍ക്കു മാത്രമേ ദൈവത്തെ 'വിവരം ധരിപ്പിക്കുക' മാത്രം ചെയ്ത് വിശ്വസ്തതയിലും കൃതജ്ഞതയിലും ആനന്ദത്തിലും തുടരാന്‍ കഴിയുകയുള്ളൂ. പൂജാഗിരികള്‍ അക്ഷമയോടെ കാത്തിരിക്കുന്നത് അവരെയാണ്.
അള്‍ത്താരകള്‍ ആകാംക്ഷയോടെ തേടുന്നത് അവരുടെ സാന്നിധ്യമാണ്. സ്വര്‍ഗം സൂക്ഷിച്ചു വീക്ഷിക്കുന്നത് അവരുടെ വാക്കിനും വെളിപാടിനുമാണ്. മാലാഖമാര്‍ പോലും കാതോര്‍ക്കുന്നത് സര്‍വൈശ്വര്യങ്ങളേക്കാളും സര്‍വേശ്വരനെ പ്രണയിക്കുന്ന അവരുടെ ജീവിത ഗാനത്തിനാണ്.
സന്തോഷം, ദുഃഖം, മഹിമ, പ്രകാശം എന്നൊക്കെ വേര്‍തിരിക്കുമെങ്കിലും ജപമാലയിലെ എല്ലാം ഉള്‍ച്ചേര്‍ന്ന രഹസ്യം മറിയത്തിന്റെ ജീവിതമാണ്.
പുല്‍ത്തൊഴുത്തിലെ ആനന്ദം, കാല്‍വരിയിലെ പരമദുഃഖം, സ്വര്‍ഗത്തിലേക്കുള്ള കരേറ്റലിന്റെ മഹിമ, സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി അവരോധിക്കപ്പെടുന്നതിലെ പ്രകാശം എന്നിങ്ങനെ അവളുടെ ജീവിതരംഗവേദികള്‍ മാറിമറയുന്നുണ്ടാകാം. എന്നാല്‍, അന്തരംഗത്തില്‍ അവള്‍ക്കെന്നും ഒരേ ഭാവമാണ്; ഒരേ ചാരുതയാണ്. 'നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ' എന്ന വാക്കുകള്‍ അവളുടെ ഹൃദയനിലയുടെ പരമമായ സാക്ഷ്യവും സാക്ഷാത്കാരവുമാണ്.
വീണ്ടും ഒരു ഒക്‌ടോബറിലൂടെ കടന്നുപോകുമ്പോള്‍ ദൈവത്തിന്റെ വാക്കിന്റെ വിളഭൂമികളായി നമ്മുടെ കര്‍മ്മരംഗങ്ങളെ സമര്‍പ്പിക്കാം. നാമെന്ന രഹസ്യത്തെയും നമ്മുടെ മുന്നില്‍ വന്നുചേരുന്ന രഹസ്യങ്ങളെയും സര്‍വാത്മനാ ധ്യാനിക്കാം. 'മറിയത്തിന്റെ ശരീരത്തില്‍ നിന്നല്ല, അവളുടെ സമ്മതത്തില്‍ നിന്നാണ് ക്രിസ്തു പിറന്നത്' എന്ന ബിഷപ് ഷീനിന്റെ വിസ്മയകരമായ വാക്കുകള്‍ ഓര്‍മ്മിക്കാം.