
നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണു ള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?
1 കോറിന്തോസ് 4:7
'ദുഃഖമുണ്ടോ?'
'എന്തിന്?'
'തിരുപ്പട്ടം അനിശ്ചിതമായി വൈകുന്നതില്‍?'
'ഇല്ല'
'അര്‍പ്പിക്കാമായിരുന്ന എത്രയോ ദിവ്യബലികള്‍! ദൈവവചനത്തിന്റെ അഴകും ആഴവും പകരാമായിരുന്ന എത്രയോ വചനവിരുന്നുകള്‍! പരികര്‍മ്മം ചെയ്യാമായിരുന്ന എത്രയോ കൂദാശകള്‍! തന്നെത്തന്നെ വാഴ്ത്തി മുറിച്ചു വിളമ്പിയവന്റെ നാമത്തില്‍ മുറിച്ചു നല്‍കാമായിരുന്ന കൃപയുടെ എത്രയോ അനശ്വരമുഹൂര്‍ത്തങ്ങള്‍! പഠിപ്പിക്കാനും വിശുദ്ധീകരിക്കാനും നയിക്കാനുമായി ആവേശത്തോടെ കുതിക്കാമായിരുന്ന ആദ്യനാളുകള്‍! എല്ലാം അനന്തമായി വൈകുകയല്ലേ?'
'ശരിയാണ്. പക്ഷേ, എല്ലാം തമ്പുരാന്റെ പ്രത്യേക പദ്ധതിയായി കാണുകയാണ്. ഈ നാളുകളിലെല്ലാം പല ഇടവകകളില്‍ ആയിരുന്നു. ചെറുതും വലുതുമായ ഇടവകകള്‍. സീനിയര്‍ വൈദികരുടെ കൂടെ താമസിച്ച് പാസ്റ്ററല്‍ തിയോളജിയുടെ എത്രയോ പ്രായോഗിക പാഠങ്ങള്‍ പഠിച്ചു. തിരുപ്പട്ടം എന്നെങ്കിലും കിട്ടുമല്ലോ! ഒരുപക്ഷേ ഞങ്ങളെപ്പോലെ ഒരുങ്ങാന്‍ ആര്‍ക്കും അവസരം ലഭിച്ചിട്ടുണ്ടാകില്ല!'
പരിശുദ്ധ കന്യകാമറിയത്തിന് വ്യാകുലങ്ങള്‍ ഏഴാണ്. എന്നാല്‍, എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയ്ക്ക് ഇപ്പോള്‍ എട്ടു വ്യാകുലങ്ങള്‍ ഉണ്ട്. പത്തും പന്ത്രണ്ടും വര്‍ഷങ്ങള്‍ നീണ്ട പഠനവും പരിശീലനവുമെല്ലാം പൂര്‍ത്തിയാക്കിയിട്ടും തങ്ങളുടേതല്ലാത്ത കുറ്റത്തിന് ബന്ദികളാക്കപ്പെട്ടിരിക്കുന്ന എട്ട് ഡീക്കന്‍മാര്‍. കഴിഞ്ഞ ദിവസം അവരിലൊരാളെ കാണാനിടയായി. രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കേണ്ടതായിരുന്നു. തത്വശാസ്ത്ര പഠനം കഴിഞ്ഞപ്പോള്‍ പ്രത്യേക അനുവാദത്തോടെ രണ്ടു വര്‍ഷത്തെ ലൈസന്‍ഷ്യേറ്റ് ചെയ്തു. അങ്ങനെയാണ് 2023 ബാച്ചില്‍ ഉള്‍പ്പെട്ടത്. അക്കാര്യം സൂചിപ്പിച്ചപ്പോഴാണ് അദ്ദേഹത്തോട് ചോദ്യമുന്നയിച്ചത്.
ഒരുവേള മുഖം വിവര്‍ണ്ണമായെങ്കിലും മറുപടി വ്യക്തവും പ്രത്യാശ നിറഞ്ഞതുമായിരുന്നു. മനസ്സ് മടുക്കാതെ അവര്‍ കാത്തിരിക്കുകയാണ്. തളരാതെ അവര്‍ പ്രാര്‍ത്ഥിക്കുകയാണ്. പ്രിയപ്പെട്ട ഡീക്കന്മാരേ, നിങ്ങളുടെ ഈ മുറിവിന് സവിശേഷമായ മൂല്യമുണ്ട്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഇത് നല്‍കിയത് സൗഖ്യദായകര്‍ എന്ന് സങ്കല്പിക്കപ്പെടുന്ന ഇടയന്മാര്‍ തന്നെയാണ്.
സീറോ മലബാര്‍ സഭയ്ക്ക് ഇന്ന് ഏഴോ എട്ടോ അല്ല അനേകം വ്യാകുലങ്ങളുണ്ട്. എല്ലാം നേതൃത്വത്തിന്റെ സ്വയംകൃതാനര്‍ത്ഥങ്ങളാണ്. 'അധികാരി ആത്മപരിശോധന ചെയ്യണമെന്ന്' വിശ്വഗുരുവും ദൈവദൂതനുമെന്ന് അവകാശപ്പെടുന്ന പ്രധാനസേവകനോട് പരോക്ഷമായെങ്കിലും പറയാന്‍ പാര്‍ട്ടിയില്‍ പോലും ആളുണ്ടായി.
എന്നാല്‍, സീറോ മലബാര്‍ സഭാനേതൃത്വത്തോട് ആ ധ്വനിയില്‍ സംസാരിക്കാന്‍ നേതൃനിരയില്‍ ആരുമില്ല എന്നതാണ് ഈ സഭ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി. 'ആ മനുഷ്യന്‍ നീ തന്നെ' എന്ന് അധികാരികളുടെ മുഖത്തു നോക്കി ആവര്‍ത്തിക്കുന്ന നാഥാന്മാര്‍ ഈ സഭയില്‍ ഇല്ല. പ്രവാചകത്വം നഷ്ടപ്പെട്ട സഭ വെറുമൊരു പ്രസ്ഥാനമോ സംഘടനയോ മാത്രമാണ്. സീറോ മലബാര്‍ സഭ ഇന്നൊരു കേഡര്‍ സംഘടനപോലെ ആകുന്നുണ്ടോ?
അനീതിയും അസത്യവും അഹങ്കാരവും അഴിമതിയും നിറഞ്ഞ് ജനങ്ങളില്‍ നിന്നകന്ന അധികാരികളെ അന്ധമായി സ്‌നേഹിക്കുകയും അവരെ സംരക്ഷിക്കാനായി അടിമകളെപ്പോലെ എന്തും ചെയ്യാന്‍ തയ്യാറാകുകയും ചെയ്യുന്ന അണികളുള്ള ഇടമായി മാറുന്നുണ്ടോ? അങ്ങനെയെങ്കില്‍, 'ദാനമായി നിങ്ങള്‍ക്ക് കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍' എന്ന് കല്‍പ്പിച്ച (മത്താ. 10:8) കര്‍ത്താവിനെത്തന്നെയാണ് തോല്‍പ്പിക്കുന്നതെന്ന് സഭാനേതൃത്വം ഓര്‍മ്മിക്കണം.
ദൈവം തിരഞ്ഞെടുത്തവരെ തടവിലിടാന്‍ നിങ്ങള്‍ ആരാണ്? സ്വര്‍ഗം അഴിക്കുന്നതിനെ ഭൂമിയില്‍ കെട്ടാന്‍ നിങ്ങള്‍ ആരാണ്? ദൈവത്തിനും ദൈവജനത്തിനും മാത്രമല്ല, സ്വന്തം മനഃസാക്ഷിക്കും നിങ്ങള്‍ ഉത്തരം നല്‍കേണ്ടി വരും.