വചനമനസ്‌കാരം: No.142

വചനമനസ്‌കാരം: No.142
Published on

എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജീവപ്രവൃത്തികളില്‍ നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!

ഹെബ്രായര്‍ 9:14

  • ഞങ്ങളിലില്ലാ ഹൈന്ദവ രക്തം

  • ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം

  • ഞങ്ങളിലില്ലാ ഇസ്ലാം രക്തം

  • ഞങ്ങളിലുള്ളത് മാനവരക്തം

കേരളത്തിലെ മനുഷ്യസ്‌നേഹികള്‍ക്കും പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും പ്രിയങ്കരമായ ഈ മുദ്രാവാക്യം 1968 ല്‍ വി.കെ. പവിത്രന്‍ രചിച്ചതാണ്. കേരളീയരെ അടിമുടി ഗ്രസിച്ചിരുന്ന ജാതീയതയ്‌ക്കെതിരെ വ്യത്യസ്തമായ പോര്‍മുഖം തുറന്നത് അദ്ദേഹമാണ്. ആദ്യം അഖില കൊച്ചി മിശ്രവിവാഹസംഘവും പിന്നീട് അഖില കേരള മിശ്രവിവാഹസംഘവും രൂപീകരിച്ചും സ്വയം മിശ്രവിവാഹിതനായും ജാതീയതയ്‌ക്കെതിരെ നിരന്തരം പോരാടിയ അദ്ദേഹം, മനുഷ്യന്‍ എന്ന ഏകജാതിയില്‍ എല്ലാ മനുഷ്യരും ഉള്‍പ്പെടുന്നു എന്നതിന്റെ പ്രഖ്യാപനമായാണ് 'ജയ് ഏകജാതി' എന്നത് സംഘത്തിന്റെ മുദ്രാവാക്യമായി സ്വീകരിച്ചത്.

അദ്ദേഹമുള്‍പ്പെടെ ഒട്ടേറെ മഹാരഥന്മാര്‍ സന്ധിയില്ലാതെ പൊരുതിയ ജാതീയത പല രൂപഭാവങ്ങളില്‍ പിടിമുറുക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിലെ സമസ്ത മണ്ഡലങ്ങളിലും കാണുന്നത്. അടുത്ത കാലം വരെ കേരളത്തിലെ ക്രൈസ്തവരായിരുന്നു ജാതീയതയെ ശക്തമായി ചെറുത്തിരുന്നത്. എന്നാല്‍, ഇന്ന് ഏറ്റവും അസഹിഷ്ണുതയുള്ളവരും ഇതരമത വിദ്വേഷമുള്ളവരും വെറുപ്പിന്റെ മൊത്തവ്യാപാരികളുമായി വര്‍ത്തിക്കുന്നത് ക്രൈസ്തവരിലെ ഒരു വിഭാഗമാണ്. മറ്റുള്ളവരും ഇതെല്ലാം ചെയ്യുന്നു എന്നതാണ് ഈ നിയോ റാഡിക്കല്‍ ക്രിസ്ത്യാനികളുടെ ന്യായവാദം. 'അവനും അവള്‍ക്കും വിശുദ്ധരാകാമെങ്കില്‍ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ' എന്ന് സ്വയം ചോദിച്ച് ഒരാള്‍ പണ്ട് നടത്തിയ മഹായനത്തിന്റെ ഭീകരവും ദുഃഖകരവുമായ ഒരു വിപരീതവേര്‍ഷന്‍!

അയല്‍ രൂപതാംഗമായ സഹപ്രവര്‍ത്തകന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ഇതെല്ലാം ഓര്‍മ്മിപ്പിച്ചത്. 'ക്രിസ്ത്യാനികള്‍ക്ക് ഓണമില്ല. അതിനാല്‍ വരുന്ന ഞായറാഴ്ച പതിവുപോലെ വിശ്വാസപരിശീലന ക്ലാസുകള്‍ ഉണ്ടാകും' എന്ന് അദ്ദേഹത്തിന്റെ ഇടവക വികാരി തലേ ഞായറാഴ്ച പള്ളിയില്‍ അറിയിച്ചു. പാവം! ഓണം ക്രിസ്ത്യാനിയുടെ മതപരമായ ആഘോഷമല്ലെന്ന ലളിതമായ വസ്തുത പോലും ആ വൈദികന്‍ ഓര്‍മ്മിച്ചില്ല. ക്രിസ്ത്യാനിക്ക് ഓണമില്ല എന്നതിനേക്കാള്‍ കൃത്യമായിരിക്കുന്നത് ഓണത്തിന് ക്രിസ്ത്യാനിയും മുസല്‍മാനും ഹൈന്ദവനുമില്ല; പിന്നെയോ മലയാളി മാത്രമേയുള്ളൂ എന്നതാണ്. ഹൈന്ദവര്‍ ആചാരബദ്ധമായി ഓണം ആലോഷിക്കുന്നുണ്ടാകും. എന്നാല്‍ മറ്റുള്ളവര്‍ക്ക് അതൊരു സാംസ്‌കാരികാഘോഷം മാത്രമാണ്.

ലോകത്ത് മലയാളികള്‍ ഉള്ളിടത്തെല്ലാം ഓണം ആഘോഷിക്കുന്നത് അത്തരത്തിലാണ്. മറ്റു മതസ്ഥര്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ആചാരപ്രകാരമല്ലല്ലോ. പ്രത്യക്ഷത്തില്‍ ഭോഷത്തം മാത്രമെന്ന് തോന്നുമെങ്കിലും പ്രച്ഛന്നമായ വെറുപ്പും വിദ്വേഷവും ഉള്‍ക്കൊള്ളുന്ന ഇത്തരം നിലപാടുകള്‍, ഇപ്പോള്‍ത്തന്നെ അതീവദുര്‍ബലമായ സഹവര്‍ത്തിത്വത്തിന്റെ കണ്ണികള്‍ പൂര്‍ണ്ണമായും തകര്‍ക്കാനേ ഉപകരിക്കുകയു ള്ളൂ.

നമ്മുടെ അള്‍ത്താരകളും വിശ്വാസപരിശീലന വേദികളുമെല്ലാം വിവേകത്തിന്റെയും ഹൃദയവിശാലതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും വിളംബരവേദികളും പാഠശാലകളുമാകാത്തതിന്റെ കെടുതികള്‍ നാം കാണാനിരിക്കുന്നതേയുള്ളൂ.

വംശശുദ്ധിയുടെയും വരേണ്യതയുടെയും പേരില്‍ വ്യര്‍ത്ഥമായി അഭിമാനിക്കുന്ന ക്രിസ്ത്യാനികള്‍, മതത്തിനും വംശത്തിനും ഗോത്രത്തിനും ആചാരങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെല്ലാം ഉപരിയായി മനുഷ്യനെ പ്രതിഷ്ഠിച്ച യേശുക്രിസ്തുവിനെയാണ് തിരസ്‌കരിക്കുന്നത്.

നമ്മിലുള്ളത് സീറോ മലബാര്‍ രക്തമോ കല്‍ദായ രക്തമോ ലത്തീന്‍ രക്തമോ മലങ്കര രക്തമോ പ്രൊട്ടസ്റ്റന്റ് രക്തമോ ആകട്ടെ, ക്രിസ്തുവിന്റെ രക്തം നമ്മുടെ അന്തഃകരണത്തെ നിര്‍ജീവപ്രവൃത്തികളില്‍ നിന്ന് ശുദ്ധീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ മതബോധവും ആത്മീയതയും പ്രാകൃതമായ ഗോത്രബോധം പോലെ വന്യവും ഫലശൂന്യവുമാണെന്നതാണ് യാഥാര്‍ത്ഥ്യം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org