അടുത്തായാലും അകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
2 കോറിന്തോസ് 5:9
'ഇതെന്താണ് ?'
'ധ്യാനകേന്ദ്രത്തിലെ പത്രമാണ്'
'ഈ വെയിലേറ്റു നിന്ന് ഇതു കൊടുക്കുന്നത് എന്തിനാണ് ?'
'പ്രേഷിതവേല ചെയ്യുകയാണ്.'
'എന്താണ് കര്‍ത്താവുമായുള്ള ഡീല്‍?'
'നന്ദിയും സ്‌നേഹവുമാണ്.token of love and gratitude.'
'എന്തിന് ?'
'എന്റെ കുഞ്ഞ് മൂന്നു വയസ്സുവരെ ഒരു വാക്കുപോലും ഉച്ചരിച്ചില്ല. അവന്‍ ഇപ്പോള്‍ സംസാരിക്കുന്നുണ്ട്. ഉടമ്പടി എടുത്ത് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ് അതു സംഭവിച്ചത്. അതിനുള്ള പ്രതിനന്ദിയായി ചെയ്യുന്നതാണ്.'
'അതുശരി! അനുഗ്രഹം കിട്ടിയതുകൊണ്ട് മാത്രം ചെയ്യുന്നതാണ് അല്ലേ?'
'അല്ല ! I was far away from God. Now I am very close to Him.'
'ഓ ! ദാറ്റ്‌സ് ഗ്രേറ്റ് !'
നഗരത്തിലെ തിരക്കേറിയ തെരുവില്‍ നിന്ന്, പ്രശസ്തമായ ധ്യാനകേന്ദ്രത്തിന്റെ പത്രം വിതരണം ചെയ്യുന്ന യുവതിയെ ശ്രദ്ധിച്ചു. ജീന്‍സും ടീ ഷര്‍ട്ടുമാണ് വേഷം. മുന്നിലൂടെ കടന്നുപോകുന്ന സകലര്‍ക്കും നേരെ സന്തോഷത്തോടെ അവള്‍ അത് നീട്ടുന്നു. ചിലര്‍ വാങ്ങുന്നു. മറ്റു ചിലര്‍ വേണ്ടെന്ന് ആംഗ്യം കാട്ടി മുന്നോട്ടു പോകുന്നു. അടുത്തെത്തിയപ്പോള്‍ അവള്‍ പത്രം നീട്ടി. 'ഉടമ്പടി പ്രാര്‍ത്ഥന ഉടനടി അനുഗ്രഹം' എന്ന ടാഗ്‌ലൈനുള്ള പത്രം നിറയെ പ്രാര്‍ത്ഥനാസഫലതയുടെ സാക്ഷ്യങ്ങളാണ്. സാക്ഷ്യപ്പെടുത്താന്‍ അവള്‍ക്കുമുണ്ട് ചില സ്‌നേഹാനുഭവങ്ങള്‍. ന്യൂസിലന്റില്‍ നഴ്‌സാണ്. നാട്ടിലും വിദേശത്തും പല തെറപ്പികളും ചെയ്തിട്ടും കുഞ്ഞിന് ഒരു പുരോഗതിയും ഉണ്ടായില്ല. അങ്ങനെയാണ് ഉടമ്പടി എടുത്ത് പ്രാര്‍ത്ഥിച്ചത്. അതിന് ഫലമുണ്ടായതിന്റെ സന്തോഷത്തില്‍ ലീവെടുത്തുവന്ന് പ്രേഷിതവേല ചെയ്യുകയാണ്.
കര്‍ത്താവ് അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ച് പിരിയുമ്പോള്‍ അവള്‍ പറഞ്ഞ വാചകം ഉള്ളില്‍ പ്രതിദ്ധ്വനിച്ചു. ''ഞാന്‍ കര്‍ത്താവില്‍ നിന്ന് വളരെ അകലെയായിരുന്നു. ഇപ്പോള്‍ അവിടുത്തോട് വളരെ അടുത്താണ്.''
ജീവിതാനുഭവങ്ങള്‍ ഒന്നെങ്കിലും വ്യാഖ്യാനങ്ങള്‍ വ്യത്യസ്തമായിരിക്കും. വിശ്വാസബോധ്യങ്ങളും അനുഭവങ്ങളുടെ തീക്ഷ്ണതയുമാണ് സര്‍വതിനും ഭാഷ്യങ്ങള്‍ ചമയ്ക്കുന്നത്. അതു മനസ്സിലാക്കാന്‍ മറ്റാര്‍ക്കും കഴിയാത്തതിനാല്‍ അതിനെ വിധിക്കാനും മറ്റാര്‍ക്കും അവകാശമില്ല.
ഹൃദയം എവിടെ എന്നതാണ് നിര്‍ണ്ണായകം. സൗരയൂഥത്തില്‍ സൂര്യനെ വലം വയ്ക്കുന്ന ഗ്രഹങ്ങള്‍ക്കെന്നതുപോലെ മനുഷ്യഹൃദയങ്ങള്‍ക്കും ഭ്രമണപഥങ്ങളുണ്ട്. അനുഗ്രഹങ്ങളും സഹനങ്ങളും പ്രചോദനങ്ങളും പ്രലോഭനങ്ങളും ആശനിരാശകളും വിജയപരാജയങ്ങളുമെല്ലാം ചാക്രികമായി ആവര്‍ത്തിക്കുന്ന ജീവിതത്തില്‍ ഹൃദയത്തിന്റെ ഭ്രമണപഥം എവിടെ എന്നതാണ് ആത്യന്തികമായ ചോദ്യം.
ഹൃദയം വലം വയ്ക്കുന്ന 'സൂര്യന്‍' ഏതാണ് ? അനുഗ്രഹങ്ങളുടെയും സൗഭാഗ്യങ്ങളുടെയും പട്ടിക ദീര്‍ഘമായിരിക്കുമ്പോഴും ഹൃദയം ദൈവത്തില്‍ നിന്ന് അകലെയാണെങ്കില്‍ അതാണ് യഥാര്‍ത്ഥ സഹനം. സഹനങ്ങളുടെയും സങ്കടങ്ങളുടെയും പട്ടിക ദീര്‍ഘമായിരിക്കുമ്പോഴും ഹൃദയം അവിടുത്തോട് അടുത്താണെങ്കില്‍ അതാണ് യഥാര്‍ത്ഥ അനുഗ്രഹം.
ദൈവത്തിലേക്ക് അനുഗ്രഹങ്ങളുടെയും സഹനങ്ങളുടെയും എന്ന രണ്ടു വഴികളുണ്ട്. ആദ്യത്തേത് ആനന്ദത്തിന്റെ രാജവീഥിയെന്നും രണ്ടാമത്തേത് ദുഃഖത്തിന്റെ കനല്‍വഴിയെന്നും വേര്‍തിരിക്കുന്നതാണ് നമ്മുടെ പരിമിതി. വഴി ഏതായാലും അവിടുത്തോടൊപ്പമായിരിക്കാനും അവിടുത്തെ പ്രസാദിപ്പിക്കാനും കഴിയുന്നതാണ് കൃപ.
അനുഗ്രഹങ്ങളും അത്ഭുതങ്ങളും പ്രാപിച്ചില്ലെങ്കിലും 'നിനക്ക് എന്റെ കൃപ മതി' എന്ന വാഗ്ദാനത്തോടെ കരം പിടിച്ച് കര്‍ത്താവ് കൂടെയുണ്ടെന്നും അവിടുന്ന് ഒരിക്കലും അത് പിന്‍വലിക്കില്ലെന്നും ഹൃദയത്തെ ബോധ്യപ്പെടുത്തുന്നതാണ് യഥാര്‍ത്ഥ 'ഉടമ്പടി.'