വചനമനസ്‌കാരം: No.140

വചനമനസ്‌കാരം: No.140
Published on

രാവും പകലും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ ഞാന്‍ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു.

2 തിമോത്തേയോസ് 1:3

'സാറിന് നല്ലത് വരും. സാറിനും കുടുംബത്തിനും വേണ്ടി ഞാനും ഭാര്യയും എന്നും പ്രാര്‍ത്ഥിക്കും.'

'സന്തോഷം; നന്ദി.'

'സാറിന് ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകാനും ഞങ്ങള്‍ എന്നും പ്രാര്‍ത്ഥിക്കും.'

'നന്ദി.'

'ഞങ്ങള്‍ക്കുവേണ്ടി സാറും പ്രാര്‍ത്ഥിക്കണം. ആരുടെ പ്രാര്‍ത്ഥനയാണ് ദൈവം കേള്‍ക്കുന്നതെന്ന് നമുക്കറിയില്ലല്ലോ!'

'തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം.'

നിറകണ്ണുകളോടെ കൈകൂപ്പി വിതുമ്പിക്കൊണ്ടാണ് അദ്ദേഹം ഇതു പറഞ്ഞത്. പത്തു വര്‍ഷം മുന്‍പ് പിറന്ന പേരക്കുട്ടിയുടെ വാക്‌സിനേഷന്‍ കാര്‍ഡിന്റെ പകര്‍പ്പിനായി വന്നതാണ്. ആശുപത്രിയില്‍ നിന്ന് അന്ന് നല്‍കിയ കാര്‍ഡ് നഷ്ടപ്പെട്ടു. പേരക്കുട്ടി വിദേശത്ത് മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. നാലാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ വാക്‌സിനേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആശുപത്രിയില്‍ നിന്ന് പുതിയൊരു കാര്‍ഡോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ കിട്ടിയില്ലെങ്കില്‍ പ്രതിസന്ധിയാകും. വിനയഭാവത്തോടും കാര്‍ഡ് സൂക്ഷിക്കാനാകാത്തതിന്റെ അപരാധബോധത്തോടും കൂടിയാണ് കാര്യം അവതരിപ്പിച്ചത്.

'പത്തു വര്‍ഷമായി ഒരിക്കല്‍ പോലും വന്നിട്ടില്ലാത്തതിനാല്‍ ആശുപത്രിയിലെ ഫയല്‍ തന്നെ ഉണ്ടാകാനിടയില്ല. ഫയല്‍ ഉണ്ടായിരുന്നെങ്കില്‍ അതിനെ ആധാരമാക്കി പുതിയ കാര്‍ഡ് ഡോക്ടര്‍മാര്‍ നല്‍കുമായിരുന്നു. ഫയല്‍ ഇല്ലെങ്കില്‍ ഒന്നും ചെയ്യാനാകില്ല. വലിയ പ്രതീക്ഷയില്ല; എങ്കിലും നോക്കാം. അല്‍പ്പനേരം കാത്തിരിക്കൂ' എന്ന വാക്കുകള്‍ അദ്ദേഹത്തെ നിരാശനാക്കിയെന്ന് തോന്നുന്നു. പ്രാര്‍ത്ഥനയോടെയാണ് മെഡിക്കല്‍ റെക്കോഡ്‌സില്‍ വിളിച്ചത്. വൈകാതെ 'ഫയല്‍ ഇല്ല' എന്ന മറുപടിയെത്തി. പരിശോധിച്ച് ഉറപ്പുവരുത്താന്‍ അവരോട് അഭ്യര്‍ത്ഥിച്ചു.

അരമണിക്കൂറിനുശേഷം കൊച്ചുമകന്റെ പുതിയ വാക്‌സിനേഷന്‍ കാര്‍ഡുമായി അദ്ദേഹം ഓഫീസിലെത്തി. കാലപരിധി കഴിഞ്ഞ ഫയലുകള്‍ നീക്കം ചെയ്തിരുന്നെങ്കിലും രേഖകളെല്ലാം കംപ്യൂട്ടറില്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിച്ചിരുന്നു. അതുപ്രകാരം ഡോക്ടര്‍ പുതിയ കാര്‍ഡ് ഒപ്പും സീലും വച്ച് നല്‍കി! നന്ദി പറഞ്ഞ് പിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് മേലുദ്ധരിച്ചത്. ഉള്ളില്‍ നിലയ്ക്കാതെ മുഴങ്ങിയത് അവസാനവാചകമാണ്. 'ആരുടെ പ്രാര്‍ത്ഥനയാണ് ദൈവം കേള്‍ക്കുന്നതെന്ന് നമുക്കറിയില്ലല്ലോ.' അതൊരു പരമാര്‍ത്ഥമാണ്. അനന്തനും അപരിമേയനും ആയിരിക്കുമ്പോഴും ദൈവത്തെക്കുറിച്ച് സുനിശ്ചിതമായും ലളിതമായും പറയാവുന്ന കാര്യം അവിടുന്ന് എല്ലാവരുടേതുമാണ് എന്നതാണ്.

ദൈവം ആരുടെയും കുത്തകയല്ല. സര്‍വമനുഷ്യരുടെയും പിതാവും അധിനാഥനുമായ അവിടുന്ന് അതിനാല്‍ത്തന്നെ സര്‍വര്‍ക്കും സംപ്രാപ്യനാണ്. 'മനുഷ്യന്‍ മതങ്ങളെയും മതങ്ങള്‍ ദൈവങ്ങളെയും സൃഷ്ടിച്ചു' എന്ന വിപ്ലവഗാനത്തില്‍ തെറ്റും ശരിയുമുണ്ട്. മനുഷ്യനെ ആര് സൃഷ്ടിച്ചു എന്ന് സ്പഷ്ടമാക്കുന്നില്ല എന്നതാണ് തെറ്റ്. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവച്ചു എന്നതാണ് ശരി. മണ്ണും മനസ്സും മാത്രമല്ല; ദൈവത്തെപ്പോലും ഇന്ന് മനുഷ്യനും മതങ്ങളും ചേര്‍ന്ന് പങ്കുവച്ചെടുത്തിരിക്കുന്നു. മതങ്ങളുടെയും ജാതികളുടെയും കള്‍ട്ടുകളുടെയും സെക്ടുകളുടെയും സമുദായങ്ങളുടെയും പാരമ്പര്യങ്ങളുടെയും ദിക്കുകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും തടവറയില്‍ ദൈവം വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ടാകും. അല്പം 'ശുദ്ധവായു' ശ്വസിക്കാന്‍ വേണ്ടിയാകണം നിര്‍മ്മലസ്‌നേഹവും ശുദ്ധമനഃസാക്ഷിയുമുള്ള മനുഷ്യരെ അവിടുന്ന് ഉറ്റുനോക്കുന്നത്.

മനുഷ്യര്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നതിനേക്കാള്‍ പ്രസക്തവും പ്രധാനവുമായിരിക്കുന്നത് ദൈവത്തില്‍ വിശ്വസിക്കുന്ന മനുഷ്യരെ ദൈവം വിശ്വസിക്കുന്നുണ്ടോ എന്നതാണ്. അഥവാ ദൈവത്തിന് വിശ്വസിക്കാന്‍ മാത്രം ഹൃദയനൈര്‍മ്മല്യവും ശുദ്ധമനഃസാക്ഷിയും ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കുണ്ടോ എന്നതാണ്. യഥാര്‍ത്ഥ ആരാധന ആത്മാവിലും സത്യത്തിലുമാണെന്ന് യേശു പഠിപ്പിച്ചു. ആരാധനയുടെ ആത്മാവെന്നത് ശുദ്ധമനഃസാക്ഷിയും നിര്‍മ്മലഹൃദയവുമാണ്. പൂജാപദ്ധതികളെയും ജീവിതത്തെ തന്നെയും അത്തരം ആരാധനയിലേക്ക് ഉയര്‍ത്താനായില്ലെങ്കില്‍ വിശ്വാസികളും ഭക്തരുമെന്ന് അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ആ പാഠമാണ് ഓഫീസ് മുറിയില്‍ വന്ന ഹസന്‍കുട്ടി ഓര്‍മ്മിപ്പിച്ചത്!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org