ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തന്റെ കടിഞ്ഞൂല്‍പ്പുത്രസ്ഥാനം വിറ്റ ഏസാവിനെപ്പോലെ ആരും അസന്‍മാര്‍ഗിയോ അധാര്‍മ്മികനോ ആകരുത്. പിന്നീട് അവകാശം പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അവന്‍ തിരസ്‌കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. കണ്ണീരോടെ അവന്‍ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാന്‍ അവന് അവസരം ലഭിച്ചില്ല.
ഹെബ്രായര്‍ 12:16-17
'സീറോ മലബാര്‍ സഭയെ തനതായ വിശ്വാസത്തിലും പാരമ്പര്യത്തിലും അടിയുറച്ച ഐക്യബോധവും സഹവര്‍ത്തിത്വവുമുള്ള സമുദായമാക്കി രൂപപ്പെടുത്തുന്നതിന്റെ കാലികസാധ്യതകളെക്കുറിച്ചും ഒരു സമുദായം എന്ന നിലയില്‍ നാം നേരിടുന്ന പ്രതിസന്ധികളുടെ ആഴങ്ങളെക്കുറിച്ചും അഞ്ചാമത് അസംബ്ലി സൂക്ഷ്മമായ പരിചിന്തനങ്ങള്‍ നടത്തുകയും കൃത്യമായ പരിഹാരമാര്‍ഗങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു. സ്വന്തം സമുദായത്തെപ്പറ്റിയുള്ള അഭിമാനബോധം വളര്‍ത്തുക എന്നതാണ് സമുദായ ശക്തീകരണത്തിന്റെ ആദ്യപടി. സീറോ മലബാര്‍ സമൂഹത്തിന്റെ ഭൗതികതലത്തെ സൂചിപ്പിക്കുന്നതിനാണ് സമുദായം എന്ന പദം ഉപയോഗിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്‍ സമുദായം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നിരവധിയാണ്. ജനസംഖ്യാശോഷണം, കൃഷി, തൊഴില്‍, സാമ്പത്തിക മേഖലകളിലെ തിരിച്ചടി, സാമൂഹിക രാഷ്ട്രീയ പിന്നാക്കാവസ്ഥ, പൊതുസമൂഹത്തില്‍ ക്രിസ്തീയ ചരിത്രവും സംസ്‌കാരവും നേരിടുന്ന അവഗണന, പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതെല്ലാം സഭ അഭിമൂഖീകരിക്കുന്ന വെല്ലുവിളികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഭാഷകളിലും സംസ്‌കാരങ്ങളിലുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതു കണ്ണിയായി തങ്ങളുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും ഭാഷാപൈതൃകവും പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തുവാന്‍ അസംബ്ലി തീരുമാനിച്ചു. സമുദായ ശക്തീകരണം എന്നത് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പ്രക്രിയയല്ല. ആഗോള മാനം സിദ്ധിച്ചിരിക്കുന്ന സീറോ മലബാര്‍ സഭ ലോകത്തിലെവിടെയായാലും അവിടെ സമുദായത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് സഭ യഥാര്‍ത്ഥത്തില്‍ വളരുന്നത്.'
സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ അസംബ്ലിക്കുശേഷം മീഡിയ & പബ്ലിക് റിലേഷന്‍സ് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നുള്ള ഭാഗമാണ് മേലുദ്ധരിച്ചത്. വിശ്വാസപരിശീലന നവീകരണം, സുവിശേഷപ്രഘോഷണത്തിലെ അല്മായപങ്കാളിത്തം, സമുദായ ശക്തീകരണം എന്നീ മേഖലകളാണ് പ്രധാനമായും ചര്‍ച്ചാവിഷയമാക്കിയതെങ്കിലും കൂടുതല്‍ പ്രാധാന്യത്തോടെ വിവരിച്ചിരിക്കുന്നത് സമുദായ ശക്തീകരണം എന്ന വിഷയമാണ്.
സഭ, സമൂഹം, സമുദായം എന്ന പദങ്ങള്‍ തരംപോലെ ഉപയോഗിച്ചിരിക്കുന്ന പ്രസ്താവനയില്‍ ഉടനീളം തുടിക്കുന്നത് 'ആഗോള സഭയായി' മാറിയ സീറോ മലബാറിന്റെ 'വളര്‍ച്ച'യുടെയും സ്വത്വബോധത്തിന്റെയും സമുദായബോധത്തിന്റെയും സ്പന്ദനങ്ങളാണ്. പൊതുസമൂഹത്തില്‍ ക്രിസ്തീയ ചരിത്രവും സംസ്‌കാരവും നേരിടുന്ന അവഗണനയെപ്പറ്റി ആകുലപ്പെടുന്ന പ്രസ്താവനയില്‍ അതിന്റെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റി ആത്മവിമര്‍ശനപരമായ ഒരു വാക്കുപോലുമില്ല.
സീറോ മലബാര്‍ സഭാനേതൃത്വം ഏസാവിനെ സവിശേഷമായി ധ്യാനിക്കുന്നത് നല്ലതാണ്. അയാള്‍ ചെയ്തതിന് സമാനമായി, പൗരസ്ത്യപാരമ്പര്യം എന്ന 'പായസത്തിനു' വേണ്ടി സുവിശേഷമൂല്യങ്ങളെല്ലാം നിസ്സാരമായി കരുതി നഷ്ടപ്പെടുത്തുകയാണല്ലോ സഭാനേതൃത്വവും ചെയ്യുന്നത്.
കരുണ, സ്‌നേഹം, സത്യം, നീതി എന്നിവയില്‍ അധിഷ്ഠിതമായ ശിഷ്യത്വത്തിന്റെ ജീവിതത്തിലേക്കാണ് യേശു സര്‍വമനുഷ്യരെയും ക്ഷണിച്ചിരിക്കുന്നതെന്ന് സമുദായബോധം, സ്വത്വബോധം, ഭാഷാപൈതൃകം എന്നൊക്കെ ആവര്‍ത്തിക്കുന്നവര്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്. അനീതി, അസത്യം, ദുഷ്ടത, വഞ്ചന, പ്രതികാരദാഹം, പക്ഷപാതം, കുറ്റകരമായ നിശ്ശബ്ദത, അര്‍ത്ഥശൂന്യമായ പാരമ്പര്യവാദം, വ്യര്‍ത്ഥമായ അനുഷ്ഠാനവ്യഗ്രത എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്ന മാരകമായ അര്‍ബുദം ഉള്ളില്‍ വളരുമ്പോഴും അതിനെ അവഗണിച്ചുകൊണ്ട് ചര്‍മ്മത്തില്‍ നടത്തുന്ന കൊസ്‌മെറ്റിക് ചികിത്സയ്ക്ക് ഈ സഭാഗാത്രത്തെ രക്ഷിക്കാനാകില്ല.
എത്രയോ തലമുറകളുടെ ആത്മീയവസന്തത്തെ കുരുതികൊടുത്തിട്ടാണ് സഭാനേതൃത്വം പാരമ്പര്യപ്രേമത്തിന്റേതും സ്വത്വബോധത്തിന്റേതുമായ 'പുതിയ ബാബേല്‍' പണിതുകൊണ്ടിരിക്കുന്നത്. പിന്നീട് അനുതപിക്കാനും നഷ്ടപ്പെടുത്തിയ സര്‍വതും വീണ്ടെടുക്കാനും ഏസാവിനെപ്പോലെ, സീറോ മലബാറിനും അവസരം ലഭിക്കില്ല.