വചനമനസ്‌കാരം: No.138

വചനമനസ്‌കാരം: No.138
Published on

കലഹക്കാരിയായ ഭാര്യയോടൊപ്പം വീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍ മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്.

സുഭാഷിതങ്ങള്‍ 21 : 9

''ഇത് എഴുതിയത് ആരാണ്?''

''താഴെ പേരുണ്ടല്ലോ.''

''അത് പുസ്തകത്തിന്റെ പേരല്ലേ?''

''അതെ. സുഭാഷിതങ്ങള്‍ എഴുതിയത് ആരാണ്?''

''അറിയില്ല.''

''മഹത്വത്തിലും വിജ്ഞാനത്തിലും മുമ്പനെന്ന് യേശു പോലും പ്രകീര്‍ത്തിച്ച ഒരാളാണ് എഴുതിയത്. അറിയില്ലേ?''

''ഇല്ല.''

''സോളമന്‍.''

''പക്ഷേ, ഇത് പക്ഷപാതപരവും സ്ത്രീവിരുദ്ധവുമാണല്ലോ! ഭാര്യമാര്‍ മാത്രമാണോ കലഹിക്കാറുള്ളത്? എല്ലാം ആണുങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ്. ഈശോ പോലും ആണുങ്ങള്‍ക്കുവേണ്ടിയാണ് നിലകൊണ്ടത്! പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തിട്ടും ശിഷ്യയായി ഒരു പെണ്ണിനെ പോലും തിരഞ്ഞെടുത്തില്ലല്ലോ?''

''എന്തൊക്കെയാണ് ഈ പറയുന്നത്?''

''പറഞ്ഞത് ശരിയല്ലേ? ഈ ലോകത്ത് ആണുങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! കൊല്‍ക്കത്തയിലെ ഡോക്ടര്‍ ക്കു സംഭവിച്ചതു കണ്ടില്ലേ? ലോകം ഇത്ര ചീത്തയായിരിക്കാന്‍ കാരണം ആണുങ്ങളാണ്.''

''മോളേ ! റിലാക്‌സ് ! ഇത്ര തീവ്രമായ നിലപാടുകള്‍ നല്ലതല്ല. എല്ലാ ആണുങ്ങളും ചീത്തയാണോ? എല്ലാ പെണ്ണുങ്ങളും നല്ലതല്ലാത്തതു പോലെ എല്ലാ ആണുങ്ങളും ചീത്തയുമല്ല. ആണോ പെണ്ണോ എന്നതല്ല നിര്‍ണ്ണായകം; സത്യധര്‍മ്മനീതികള്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ്. കരുണയും സ്‌നേഹവും മനുഷ്യത്വവുമുള്ള മനുഷ്യവ്യക്തിയാണോ എന്നതാണ്.''

''ശരി ശരി! പപ്പ ക്ലാസ്സൊക്കെ എടുക്കുമ്പോള്‍ ആണ്‍മക്കളെ നന്നായി വളര്‍ത്താന്‍ മാതാപിതാക്കളോട് പറയണം കേട്ടോ?!''

''പറയാമല്ലോ. ശക്തമായി പറയാം.''

വിശ്വാസപരിശീലന വിഭാഗം ഇടവകകളില്‍ സംഘടിപ്പിക്കുന്ന മാതാപിതാക്കളുടെ ക്ലാസിനുള്ള പവര്‍പോയന്റ് പ്രസന്റേഷന്‍ മകളുടെ സഹായത്തോടെ പുതുക്കുകയായിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് എന്ന ഭാഗത്ത് ചേര്‍ക്കാനായി തിരഞ്ഞെടുത്ത വചനമാണ് പന്ത്രണ്ടാം ക്ലാസുകാരിയെ പ്രകോപിപ്പിച്ചത്. സമകാലിക സംഭവങ്ങള്‍ കൗമാരമനസില്‍ ഇത്രയും കലക്കവും കാലുഷ്യവും ഉണ്ടാക്കുമെന്ന് സ്വപ്‌നേപി നിനച്ചില്ല. ഇക്കാലത്തെ പെണ്‍കുട്ടികള്‍ ഇങ്ങനെയാണ്. ബാല്യത്തില്‍ രക്ഷിക്കുന്ന പിതാവിന്റെയും യൗവനത്തില്‍ രക്ഷിക്കുന്ന ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യത്തില്‍ രക്ഷിക്കുന്ന മകന്റെയും 'സ്മൃതി'മാഹാത്മ്യത്തില്‍ അവരെ തളച്ചിടാനാവില്ല.

16 വയസ്സുവരെ പ്രായമുള്ളവള്‍ ബാല; 16-30 തരുണി; 30-50 പ്രൗഢ; അതിനുമേല്‍ വൃദ്ധ എന്നാണ് സ്ത്രീ എന്ന വാക്കിന് നിഘണ്ടു നല്‍കുന്ന അര്‍ത്ഥവിശദീകരണം. നമ്മുടെ രാജ്യത്ത് എല്ലാ പ്രായത്തിലും അവള്‍ അടിച്ചമര്‍ത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആലപ്പുഴയില്‍ എഴുപതുകാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഓഗസ്റ്റ് 26 നാണ്. സഭയെന്നോ രാഷ്ട്രമെന്നോ സിനിമയെന്നോ സ്‌പോര്‍ട്‌സെന്നോ വീടെന്നോ വിദ്യാലയമെന്നോ ഭേദമില്ലാതെ നമ്മുടെ പൊതുജീവിതത്തിന്റെ സകല മണ്ഡലങ്ങളും ആണ്‍കോയ്മയുടെ പിടിയിലാണ്. പെണ്ണായി പിറന്നതില്‍ ആത്മനിന്ദയും അപകര്‍ഷതയും തോന്നാത്ത ജീവിതം നയിക്കാന്‍ കഴിയുന്ന ഇടവും സാഹചര്യവും പെണ്ണിന് നല്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ആണിന്റെ 'ആണത്തം' അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.

'അവളോടൊപ്പം' എന്ന് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗിട്ട് അതിജീവിതകള്‍ക്ക് പിന്തുണ നല്‍കുന്നതല്ല; 'അതിജീവിത' എന്ന ഗണത്തില്‍ പുതുതായി ഒരു പെണ്ണും കൂട്ടിച്ചേര്‍ക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതാണ് ഹീറോയിസം. 'ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിനി എന്ന നിലയില്‍' (1 പത്രോസ് 3:7) സ്ത്രീകളോട് ആദരവും സമഭാവവുമുള്ള ഒരു ജീവിതക്രമം പുരുഷനെ പഠിപ്പിക്കാന്‍ കുടുംബങ്ങള്‍ക്കല്ലാതെ ഒരു നിയമനിര്‍മ്മാണസഭകള്‍ക്കും 'കമ്മിറ്റി'കള്‍ക്കും കഴിയില്ല. ആ ക്രമവും പാഠവും മാതാപിതാക്കളില്‍ നിന്ന് പഠിക്കുമ്പോള്‍ മാത്രമാണ് അരുണഷാന്‍ബാഗ്, ഭന്‍വാരിദേവി, ഉന്നാവ് പെണ്‍കുട്ടി, കഠ്‌വ പെണ്‍കുട്ടി, നിര്‍ഭയ, അഭയ എന്നിങ്ങനെ അനന്തമായി നീളുന്ന പട്ടികയ്ക്ക് അറുതി വരുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org