വചനമനസ്‌കാരം: No.137

വചനമനസ്‌കാരം: No.137
Published on

വഴിയില്‍ വച്ച് അവന്‍ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?

ലൂക്കാ 24:32

''നിങ്ങളുടെ മുന്നില്‍ ജെംസും കിന്‍ഡര്‍ ജോയിയും വച്ചിരിക്കുന്നു. ഇഷ്ടമുള്ള ഒരെണ്ണം എടുക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും?''

''കിന്‍ഡര്‍ ജോയ്!''

''ശരി. നിങ്ങള്‍ക്ക് കിന്‍ഡര്‍ ജോയിയും ബിരിയാണിയും തന്ന ശേഷം ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഏതെടുക്കും?''

''ബിരിയാണി!''

''ശരി. നിങ്ങള്‍ക്ക് ബിരിയാണിയും ഗോവയിലേക്ക് നാല് ദിവസത്തെ വിനോദയാത്രയും ഓഫര്‍ ചെയ്തിരിക്കുന്നു. ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും?''

''ഗോവന്‍ ട്രിപ്!''

''ഓ. കെ. നിങ്ങള്‍ക്ക് ഗോവന്‍ ട്രിപ്പും ഒരു ലക്ഷം രൂപയും ഓഫര്‍ ചെയ്തശേഷം ഇഷ്ടമുള്ള ഒന്ന് സ്വീകരിക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എത് സ്വീകരിക്കും?''

''ഒരു ലക്ഷം രൂപ!''

''മിടുക്കന്‍മാരും മിടുക്കികളുമാണല്ലോ! അപ്പോള്‍ കൂടുതല്‍ മൂല്യമുള്ളത് കൃത്യമായി മനസ്സിലാക്കാനും തിരഞ്ഞെടുക്കാനും നിങ്ങള്‍ക്ക് നന്നായി അറിയാം അല്ലേ? അതുപോലെ തന്നെയാണ് നശ്വരമായ ഈ ലോകജീവിതത്തിലെ സന്തോഷങ്ങള്‍ക്കും സുഖങ്ങള്‍ക്കും ഉപരിയായി നാം ദൈവത്തെയും ദൈവരാജ്യത്തെയും തിരഞ്ഞെടുക്കേണ്ടത്. കൂടുതല്‍ മുല്യമുള്ളതും ആനന്ദം നല്‍കുന്നതുമാണ് നിങ്ങളുടെ മുന്‍ഗണനയെങ്കില്‍ അത് നല്‍കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. അതിനാല്‍ ദൈവത്തോട് യെസ് പറയുക. സ്വര്‍ഗം തിരഞ്ഞെടുക്കുക. ഈശോ നല്‍കുന്ന ദൈവരാജ്യത്തിന്റെയും നിത്യജീവന്റെയും ഓഫര്‍ സ്വീകരിക്കുക.''

വിശ്വാസപരിശീലന വിഭാഗം സംഘടിപ്പിച്ച മാതാപിതാക്കള്‍ക്കുള്ള ക്ലാസ് നയിക്കാനാണ് ആ ചെറിയ ഇടവകയില്‍ ചെന്നത്. പരിവര്‍ത്തനോത്സുകനും വിപ്ലവമനസ്‌കനുമായ യുവവൈദികനാണ് വികാരി. യേശുവിന്റേതു പോലെ ധൈര്യവും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ ഒരാള്‍! വിശുദ്ധഗ്രന്ഥ വായനയ്ക്കുശേഷം അള്‍ത്താരയില്‍ നിന്ന് താഴേക്കിറങ്ങി വന്ന് കുട്ടികളുടെ മുന്നില്‍ നിലയുറപ്പിച്ച് അദ്ദേഹം നടത്തിയ വചനവ്യാഖ്യാനത്തിന്റെ ആരംഭമാണ് മേലുദ്ധരിച്ചത്. നിധിയുടെയും രത്‌നത്തിന്റെയും വലയുടെയും ഉപമകള്‍ സെന്‍ കഥയുടെയും ലളിതമായ തത്വവിചാരങ്ങളുടെയും അകമ്പടിയോടെ അദ്ദേഹം വ്യാഖ്യാനിച്ചത് ജനം ശ്രദ്ധയോടെ കേട്ടിരിക്കുന്നത് ഹൃദ്യമായ അനുഭവമായിരുന്നു.

ഞായറാഴ്ചകളില്‍ സ്ഥിരമായി പ്രസംഗം കഴിഞ്ഞ് പള്ളിയിലെത്തിയിരുന്ന ഒരാളോട് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഇന്‍ജറി ടൈം കഴിഞ്ഞ് വരുന്നതാണ് നല്ലത്' എന്ന മറുപടിയാണ് ലഭിച്ചത്. കുറ്റപ്പെടുത്തലും ഉപദേശവും കൊണ്ട് വിരസതയും വെറുപ്പും ഉളവാക്കുന്ന പ്രസംഗത്തെ ആത്മാവിനും മനസിനും പരിക്കേല്‍ക്കുന്ന ഇന്‍ജറി ടൈം എന്നാണ് അയാള്‍ വിശേഷിപ്പിച്ചത്. ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയിലെ വചനവ്യാഖ്യാനം ജീവിതഗന്ധിയും ഹൃദയസ്പര്‍ശിയുമാകണം എന്നതില്‍ രണ്ടുപക്ഷമില്ല.

യേശു വിശദീകരിച്ചപ്പോള്‍ എന്നതുപോലെ അത് ഹൃദയത്തെ ജ്വലിപ്പിക്കണം; മനസ്സിനെ സന്തോഷിപ്പിക്കണം; മുറിവുകള്‍ സൗഖ്യമാക്കണം; പ്രത്യാശ പകരണം; ജീവിതവ്യഥകള്‍ക്ക് ആശ്വാസമേകണം. തേടി വരികയും കൂടെ വസിക്കുകയും ചെയ്യുന്ന കര്‍ത്താവിന്റെ കരുണാര്‍ദ്രസ്‌നേഹം വാക്കുകളിലൂടെ മുറിച്ചു വിളമ്പാന്‍ വൈദികര്‍ക്ക് കഴിയണം. പ്രസംഗസഹായികളായ പുസ്തകങ്ങളും കമന്ററികളും നല്ലതാണ്. എന്നാല്‍ ഏറ്റവും നല്ല 'പ്രസംഗസഹായി' യേശു തന്ന സഹായകനായ പരിശുദ്ധാരൂപി തന്നെയാണ്.

ധ്യാനമനനങ്ങളിലൂടെ ആ നിത്യസഹായകന്‍ സമൃദ്ധമായി നല്‍കുന്ന വെളിപാടും വെളിച്ചവും പങ്കുവയ്ക്കാന്‍ കഴിയുമ്പോഴാണ് വചനവിചിന്തനം പാഥേയമായി മാറുന്നത്. ദൈവവചനത്തിന്റെ നിത്യനൂതനത്വം ഹൃദ്യമായും സരളമായും പകരാന്‍ കഴിയുമ്പോള്‍ മാത്രമാണ് 'പഠിപ്പിക്കുക' എന്ന പുരോഹിതരുടെ സുപ്രധാനദൗത്യം സാക്ഷാത്കരിക്കപ്പെടുന്നത്. പട്ടികയില്‍ ഇല്ലെങ്കിലും ഇക്കാലത്ത് മനുഷ്യരുടെ സമയം പാഴാക്കുന്നത് മാരകപാപമാണ്!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org