മോശ ജോഷ്വയോട് പറഞ്ഞു: എന്നെ പ്രതി നീ അസൂയപ്പെടുന്നുവോ? കര്‍ത്താവിന്റെ ജനം മുഴുവനും പ്രവാചകന്‍മാരാകുകയും അവിടുന്നു തന്റെ ആത്മാവിനെ അവര്‍ക്കു നല്‍കുകയും ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.
സംഖ്യ 11 : 29
'പാത്രിയര്‍ക്കീസ് അധ്യക്ഷനായിരിക്കുന്ന സഭ മുഴുവന്റേയും ആലോചനായോഗമാണ് പാത്രിയാര്‍ക്കല്‍ സഭായോഗം. കൂടുതല്‍ പ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്, പ്രത്യേകിച്ച് സ്വന്തം സഭയുടെ പൊതുനന്മയും അതുപോലെതന്നെ പല സ്വയാധികാരസഭകള്‍ ഒരുമിച്ചു നിലനില്‍ക്കുന്ന പ്രദേശം മുഴുവന്റേയും പൊതുനന്മയും കണക്കിലെടുത്തുകൊണ്ട് കാലത്തിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളനുസരിച്ച് പ്രേഷിതത്വത്തിന്റെ (apostolate) ഘടനയും കര്‍മ്മപരിപാടികളും സഭാപരമായ അച്ചടക്കവും വേണ്ട രീതിയില്‍ ഏകീകരിക്കുന്നതിന്, പാത്രിയര്‍ക്കീസിനെയും പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്മാരുടെ സിനഡിനെയും ഇതു സഹായിക്കുന്നു.'
പൗരസ്ത്യസഭകളുടെ കാനോനസംഹിതയില്‍ (CCEO) പാത്രിയാര്‍ക്കല്‍ സഭകള്‍ എന്ന നാലാം ശീര്‍ഷകത്തില്‍ പാത്രിയാര്‍ക്കല്‍ സഭായോഗം എന്ന ഏഴാം അധ്യായത്തില്‍ കൊടുത്തിരിക്കുന്ന കാനോന 140 ആണ് മുകളില്‍ ഉദ്ധരിച്ചത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകള്‍ എന്ന അഞ്ചാം ശീര്‍ഷകത്തില്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭായോഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നാല്‍, 'പൊതുനിയമത്തില്‍ പാത്രിയാര്‍ക്കല്‍ സഭകളെയോ പാത്രിയര്‍ക്കീസുമാരെയോ സംബന്ധിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭകളേയും മേജര്‍ ആര്‍ച്ചുബിഷപ്പുമാരേയും സംബന്ധിച്ചും ബാധകമാണ്' എന്ന് കാനോന 152 ല്‍ പറഞ്ഞിരിക്കുന്നതിനാല്‍ പാത്രിയാര്‍ക്കല്‍ സഭായോഗത്തിന്റെ അതേ മാതൃകയിലാണ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭായോഗവും കൂടുന്നത്.
സീറോ മലബാര്‍ സഭയുടെ അഞ്ചാമത് സഭായോഗം സമാഗതമായിരിക്കെ ചില 'അസംബ്ലിവിചാരങ്ങള്‍' പ്രസക്തമാണ്. gathering together a group of people for a particular purpose - പ്രത്യേക ഉദ്ദേശ്യത്തോടെ ആളുകളെ ഒരുമിച്ചുചേര്‍ക്കല്‍ ആണ് അസംബ്ലി എന്നതിന്റെ അര്‍ത്ഥവിശദീകരണം. അങ്ങനെയെങ്കില്‍ അഞ്ചാമത് അസംബ്ലിക്കായി ഒരുമിച്ചുകൂടുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ 'പ്രത്യേക ഉദ്ദേശ്യം' എന്തായിരിക്കണം? ഉത്തരം ആദ്യം ഉദ്ധരിച്ച കാനോനയിലുണ്ട്. സ്വന്തം സഭയുടെ പൊതുനന്മയും പല സഭകള്‍ ഒരുമിച്ചു നിലനില്‍ക്കുന്ന പ്രദേശം മുഴുവന്റെയും പൊതുനന്മയും കണക്കിലെടുക്കുക, കാലത്തിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിവേചിച്ചറിയുക, തദനുസൃതമായി പ്രേഷിതത്വത്തിന്റെ ഘടനയും കര്‍മ്മപരിപാടികളും സഭാപരമായ അച്ചടക്കവും ഏകീകരിക്കുക എന്നതൊക്കെയാകണം ഈ അസംബ്ലിയുടെ പ്രത്യേക ഉദ്ദേശ്യം.
'സഭാശുശ്രൂഷയിലെ സ്‌നേഹവാഹനം' എന്നാണ് പരിശുദ്ധപിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'പരിശുദ്ധ കാനോനകള്‍' (Sacri Canones) എന്ന അപ്പസ്‌തോലിക പ്രമാണരേഖ വഴി 1990 ഒക്‌ടോബര്‍ 18 ന് 'പൗരസ്ത്യസഭകളുടെ കാനോനസംഹിത' (CCEO) ഔദ്യോഗികമായി വിളംബരം ചെയ്തു കൊണ്ട് വിശേഷിപ്പിച്ചത്. സത്യത്തില്‍ എല്ലാ ക്രിസ്തീയസഭകളുടെയും 'സുവര്‍ണ്ണകാനോന' സ്‌നേഹം എന്നതാണ്. അതാകട്ടെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നേരിട്ടു നല്‍കിയതാണ്. മറ്റെല്ലാ കാനോനകളുടെയും പ്രഭവവും പ്രവാഹവും സംഗമവും ആ സുവര്‍ണ്ണ കാനോനയിലാണ്. സഭയുടെ നിയമസംഹിതയെ സ്‌നേഹവാഹനമായി കൈകാര്യം ചെയ്യാന്‍ പരാജയപ്പെടുമ്പോഴാണ് സഭാകോടതി, മഹറോന്‍, എക്‌സ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ അപശബ്ദങ്ങള്‍ സഭാമണ്ഡലങ്ങളില്‍ മുഴങ്ങുന്നത്.
കൂടാരത്തിനു സമീപത്തേക്കു പോകാതെ പാളയത്തിനുള്ളില്‍ വച്ചുതന്നെ പ്രവചിച്ച എല്‍ദാദിനെയും മെദാദിനെയും വിലക്കാന്‍ ആവശ്യപ്പെട്ട ജോഷ്വയ്ക്ക് മോശ നല്‍കുന്ന മറുപടിയാണ് മനസ്‌കാരവചനം. ആ ശൈലിയും ധ്വനിയും അനുകരിച്ച് പറയട്ടെ: കര്‍ത്താവിന്റെ ജനത്തെ പ്രതിനിധീകരിച്ച് സഭായോഗത്തില്‍ സംബന്ധിക്കുന്ന എല്ലാവരും പ്രവാചകരാകട്ടെ. കര്‍ത്താവിന്റെ ആത്മാവ് അവരില്‍ സമൃദ്ധമായി വര്‍ഷിക്കപ്പെടട്ടെ.
'ഇന്നാരംഭിക്കുന്ന ഈ കൗണ്‍സില്‍ സഭയില്‍ ഉദിച്ചുയരുന്ന ഒരു പ്രഭാതം പോലെയാണ്' എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പാപ്പ പ്രസ്താവിച്ചത്. സീറോ മലബാര്‍ സഭയുടെ അഞ്ചാമത് സഭായോഗം സഭയെയും സമൂഹത്തെയും പുതിയ പ്രഭാതത്തിലേക്ക് നയിക്കാന്‍ നിമിത്തമാകട്ടെ.