ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ.
ഉല്‍പത്തി 1:28
മാലോകര്‍ തുഷ്ടിയാം തൊട്ടിലില്‍, നിദ്രതന്‍
താലോലമേറ്റു മയങ്ങിക്കിടക്കവേ,
ഹാ! കഷ്ട,മെങ്ങനെ മര്‍ത്ത്യന്‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?
- വൈലോപ്പിള്ളി
വീണ്ടും ഒരു മഹാദുരന്തത്തിന്റെ ആഘാതത്തിലാണ് നാട്. ഒരു രാത്രിയുടെ ഇരുളില്‍ സര്‍വവും നഷ്‌പ്പെട്ട ഒരു ജനത. നിദ്രയില്‍ നിന്നുണരാതെ നിത്യനിദ്രയിലമര്‍ന്ന നിസഹായരായ മനുഷ്യര്‍. സത്യത്തില്‍, മലനാട് - ഇടനാട് - തീരനാട് എന്ന ഭേദമില്ലാതെ അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള നമ്മുടെ നാട് ഒന്നാകെ അതീവ ദുര്‍ബലപ്രദേശമല്ലേ? ആഗോളതാപനം, കാര്‍ബണ്‍ ബഹിര്‍ഗമനം, സമുദ്രതാപനിലയിലെ വര്‍ധനവ്, എല്‍നിനോ-ലാനിനോ പ്രതിഭാസങ്ങള്‍, ചക്രവാതച്ചുഴികള്‍, ന്യൂനമര്‍ദങ്ങള്‍, തെക്കു-വടക്കന്‍ കാറ്റുകള്‍, മേഘവിസ്‌ഫോടനം, അതിതീവ്രമഴ എന്നിങ്ങനെ നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കാത്ത കാരണങ്ങളുണ്ടെങ്കിലും ഓരോ ദുരന്തങ്ങള്‍ക്കും മനുഷ്യനിര്‍മ്മിതമായ കാരണങ്ങളും ഉണ്ട് എന്നതല്ലേ സത്യം?
ഭൂമിയെ കീഴടക്കുക എന്നതിന്റെ അര്‍ത്ഥം സ്വന്തം നിലനില്‍പിനെ പോലും തകര്‍ക്കുന്ന വിധം ദുരുപയോഗിക്കുക എന്നതല്ല. സകലതിനുംമേല്‍ ആധിപത്യം എന്നതിന്റെ അര്‍ത്ഥം സ്വാര്‍ത്ഥതയോടെയുള്ള അധിനിവേശം എന്നതല്ല. മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തി അവനു തന്നെ വിനയാകുമെന്നാണ് ഓരോ ദുരന്തവും ഓര്‍മ്മിപ്പിക്കുന്നത്. ഒരുവശത്ത് രോഗവും വാര്‍ധക്യവും മരണവുമില്ലാത്ത മനുഷ്യരുടെ ലോകം വിഭാവനം ചെയ്യുന്ന ട്രാന്‍സ്ഹ്യൂമനിസത്തിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍, മറുവശത്ത് ആകാശത്തെയും കടലിനെയും ഭൂമിയെയും മാമലകളെയും പുഴകളെയും ചേര്‍ത്തുപിടിച്ചുള്ള പാരസ്പര്യത്തിന്റെ ജീവിതം നയിക്കാന്‍ മനുഷ്യന് കഴിയാതെ പോകുന്നത് ദുഃഖകരവും വിനാശകരവുമായ വൈരുധ്യമാണ്.
മഹാദുരന്തത്തിന്റെ ആഘാതത്തിനിടയിലും സ്ഥാപിതതാത്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും കണ്ടു. ജൂലൈ 30 ന് പുലര്‍ച്ചെ 2.45 നും 4.10 നും ദൈവം എവിടെയായിരുന്നു എന്നാണ് ചിലര്‍ ഉയര്‍ത്തിയ ചോദ്യം. രക്ഷാപ്രവര്‍ത്തനത്തിലും ദൈവത്തിന്റെ അസാന്നിധ്യം പ്രകടമായിരുന്നെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കി. ഇത്തരത്തില്‍ മനുഷ്യനെ ഭീകരദുരിതങ്ങള്‍ക്ക് ഇരയാക്കുന്ന ദൈവത്തിന്റെ ക്രൂരതയും ചിലര്‍ 'നവസുവിശേഷം' പോലെ പ്രചരിപ്പിച്ചു. മനുഷ്യന്‍ നേരിടുന്ന ദുരന്തങ്ങളും പ്രതിസന്ധികളുമെല്ലാം ദൈവത്തെയും ദൈവവിശ്വാസത്തെയും പ്രഹരിക്കാനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്ന ദൈവനിഷേധികളും മതവിരോധികളും ശാസ്ത്രവാദികളും മനുഷ്യമഹത്വവാദികളുമുണ്ട്. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്നേ അവരോട് പറയാനുള്ളൂ. ദൈവം ഇല്ലെന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ ആ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.
ശാസ്ത്രത്തിന്റെ സര്‍വജ്ഞാനത്തിലും സര്‍വശക്തിയിലും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ വിശ്വാസം നിങ്ങളെയും മാനവവംശം മുഴുവനെയും രക്ഷിക്കട്ടെ. മനുഷ്യന്റേത് പരമമായ മഹത്വമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ പറയുന്ന ആ അതിമാനുഷന്‍ മനുഷ്യകുലത്തെയും ഈ മഹാപ്രപഞ്ചത്തെയും രക്ഷിക്കട്ടെ. ഓരോ ദുരന്തങ്ങളെയും മുന്‍നിര്‍ത്തി ഉയര്‍ത്തേണ്ടത് ദൈവം എവിടെ എന്ന ചോദ്യമല്ല; മനുഷ്യന്‍ എവിടെ എന്ന ചോദ്യമാണ്. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ മനുഷ്യന്റെ പങ്ക് എന്താണ് എന്ന ചോദ്യമാണ്. ആത്യന്തികമായ വിശകലനത്തില്‍ ഓരോ ദുരന്തവും മനുഷ്യനിര്‍മ്മിതമാണ് എന്നിരിക്കെ ദൈവത്തെ പഴിക്കുന്നത് നിരര്‍ത്ഥകമാണ്.
ഭരണകൂടങ്ങളുടെ അലംഭാവത്തിന്റെയും ജുഡിഷ്യറിയുടെ മെല്ലെപ്പോക്കിന്റെയും പൊതുജനത്തിന്റെ നിസംഗതയുടെയും ഫലമായി ഇനിയും സംഭവിക്കാനിടയുള്ള മഹാദുരന്തങ്ങള്‍ക്കും ദൈവത്തെ പഴിക്കാനാകില്ല. 'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക' എന്ന് യേശു പഠിപ്പിച്ചതിന് മറ്റൊരു മാനവുമുണ്ട്. സീസര്‍ ചെയ്യേണ്ടത് സീസര്‍ ചെയ്യണം. സീസര്‍ക്ക് പകരക്കാരനാകാന്‍ ദൈവത്തിനും കഴിയില്ല. പാരസ്പര്യത്തോടെയുള്ള സഹവര്‍ത്തിത്വം മാത്രമാണ് ഭൂമിയില്‍ മനുഷ്യന്റെ അതിജീവനത്തിനുള്ള ഏകമാര്‍ഗം.