വചനമനസ്‌കാരം: No.131

വചനമനസ്‌കാരം: No.131

തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം ! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം ! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം !

ഏശയ്യാ 5:20

''ഞങ്ങളിപ്പോഴും പ്രതിപക്ഷത്താണ്. പ്രതിപക്ഷത്തിരിക്കുന്നതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഞങ്ങള്‍ അധികാരത്തെക്കാള്‍ സത്യത്തെ വിലമതിക്കുന്നു. നിങ്ങള്‍ക്ക് അധികാരം മാത്രമാണുള്ളത്. സത്യം ഞങ്ങള്‍ക്കൊപ്പമാണ്.''

പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയുടെ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവിന്റെ കരുത്തുറ്റ ശബ്ദം മുഴങ്ങി. ജനം പറയാനാഗ്രഹിച്ച എല്ലാ കാര്യങ്ങളും ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തിലൂടെ അധികാരിയുടെയും കൂട്ടാളികളുടെയും മുന്നില്‍ അദ്ദേഹം അക്കമിട്ടു നിരത്തി. സത്യമില്ലാത്ത അധികാരി - അധികാരം മാത്രമുള്ള അധികാരി - എത്ര വിനാശകരമായിരിക്കുമെന്ന് അധികാരിയുടെ മുഖത്തു നോക്കി അയാള്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നേരിട്ട പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലുകള്‍ക്കുമെല്ലാം ഇരയായിട്ടും പതറാതെ അടര്‍ക്കളത്തില്‍ അയാള്‍ തുടര്‍ന്നതാണ് പാര്‍ട്ടിയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഏകാധിപത്യത്തിലേക്ക് യാത്ര തുടങ്ങിയ ഒരു രാഷ്ട്രത്തെ, ജനത്തെ ഒരുമിച്ചു ചേര്‍ത്ത് അയാള്‍ വീണ്ടെടുത്തു. 'നെഞ്ചളവിന്റെ' കണക്കുകളില്‍ മാറ്റമില്ലെങ്കിലും ധാര്‍മ്മികമായി ഒരാള്‍ ദുര്‍ബലനും മറ്റെയാള്‍ കരുത്തനാകുകയും ചെയ്തതിന്റെ കാരണമെന്താണ് ? ജനങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം എന്ന് ലളിതമായി പറയാം. ഒരാള്‍ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും ജനങ്ങളുമായി സംവദിച്ചപ്പോള്‍ മറ്റെയാള്‍ നേരിട്ട് സംവദിച്ചു. ഒരാള്‍ ചോദ്യങ്ങള്‍ നിരോധിക്കുകയും 'സെലക്ടീവ് സൈലന്‍സില്‍' അഭയം തേടുകയും ചെയ്തപ്പോള്‍ മറ്റെയാള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും മറുപടികള്‍ നല്‍കുകയും ചെയ്തു. ഒരാള്‍ 'മീഡിയ മേക്കോവറില്‍' ആശ്രയിച്ചപ്പോള്‍ മറ്റെയാള്‍ വെയിലും മഴയും കൊണ്ട് ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചു. നെടുെകയും കുറുകെയുമായി രാജ്യത്ത് നടത്തിയ രണ്ടു യാത്രകള്‍ അയാളെ കരുത്തനാക്കി. നടന്നു ചെന്ന് അയാള്‍ എല്ലാവരെയും കേട്ടു. വേദനിക്കുന്നവരെ ചേര്‍ത്തുപിടിച്ചു. ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി ശബ്ദിച്ചു. പ്രകടനമായി വന്ന് പരിഹസിച്ച എതിരാളികള്‍ക്കും 'പറക്കും ചുംബനം' നല്‍കി. ജനാധിപത്യത്തില്‍ 'പരമസത്യം' ജനങ്ങളാണെന്ന് ഒരാള്‍ വിസ്മരിക്കുകയും മറ്റെയാള്‍ ഓര്‍മ്മിക്കുകയും ചെയ്തു എന്ന് തിരഞ്ഞെടുപ്പാനന്തര രാഷ്ട്രനിലയെ സംഗ്രഹിക്കാം.

അധികാരത്തെ ആധികാരികവും സ്വീകാര്യവുമാക്കുന്നത് അധികാരിക്ക് ജനങ്ങളുമായുള്ള ബന്ധവും അധികാരിയുടെ സത്യ - ധര്‍മ്മ - നീതികളോടുള്ള പ്രതിബദ്ധതയുമാണ്. രാഷ്ട്രം, സഭ എന്ന ഭേദങ്ങളൊന്നുമില്ലാതെ എല്ലാ അധികാരമണ്ഡലങ്ങളിലെയും അടിസ്ഥാനപാഠം ഇതുതന്നെയാണ്. പ്രത്യയശാസ്ത്രങ്ങള്‍ 'ദ്രവിക്കുന്നതും' സംഹിതകളുടെ 'സൈദ്ധാന്തിക ഉള്ളടക്കത്തില്‍ ചോര്‍ച്ച' ഉണ്ടാകുന്നതും പാര്‍ട്ടികള്‍ 'പൂതലിക്കുന്നതും' ജനങ്ങളുമായുള്ള ബന്ധം പാടെ നഷ്ടപ്പെടുമ്പോഴാണ്. സ്വന്തം ജീവന്‍ കൊടുത്തും ആടുകളെ സംരക്ഷിക്കേണ്ട ദൗത്യം ദൈവത്താല്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഇടയര്‍ക്ക് കൊഴിഞ്ഞു പോയവയുടെ കണക്ക് നിര്‍വികാരതയോടെ പറയേണ്ടിവരുന്നതിന്റെയും കാരണം അതുതന്നെയാണ്. സ്വാര്‍ത്ഥ-സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി തിന്മയെ നന്മയായും അന്ധകാരത്തെ പ്രകാശമായും കയ്പിനെ മധുരമായും അവതരിപ്പിക്കുന്നതാണ് സത്യാനന്തരകാലത്തെ സങ്കീര്‍ണ്ണമാക്കുന്നത്. 'എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ' വെളിച്ചമായ (യോഹ. 1:9) യേശുക്രിസ്തുവിന്റെ പ്രതിപുരുഷരും അത് ആവര്‍ത്തിക്കുന്നതാണ് വിചിത്രവും ദുഃഖകരവുമായ വസ്തുത. സഭ പൊതുസമൂഹമധ്യേ അപഹസിക്കപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണവും ഇതു തന്നെയല്ലേ ? 'ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളെയും കൊണ്ടുവരുന്നത്' (യോഹ. 10:16) സ്വപ്‌നം കാണുന്ന നല്ല ഇടയന്റെ പിന്തുടര്‍ച്ചക്കാര്‍ തങ്ങളുടെ 'ശുശ്രൂഷയുടെ' ഫലമായി ഉള്ള ആടുകളെത്തന്നെ ആലയില്‍ നിന്ന് ആട്ടിയോടിക്കുന്ന ഐറണിക്ക് ദൈവവും കാലവും കണക്കു ചോദിക്കുമെന്ന് മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org