വചനമനസ്‌കാരം: No.129

വചനമനസ്‌കാരം: No.129

നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ.

1 കോറിന്തോസ് 3:16, 17

'ആത്മാവ് ഒരൊറ്റ വജ്രം അഥവാ സ്വച്ഛമായ സ്ഫടികം കൊണ്ടു നിര്‍മ്മിച്ച ഒരു ഹര്‍മ്യമാണെന്ന് (Castle) എനിക്കു തോന്നി. സ്വര്‍ഗത്തില്‍ അനേകം സദനങ്ങള്‍ (Mansions) ഉള്ളതുപോലെ (യോഹ. 14:2) ഈ ഹര്‍മ്യത്തിലും ഒട്ടുവളരെ മുറികളുണ്ട്. ഇതിനെക്കുറിച്ചു പര്യാലോചിക്കുന്ന പക്ഷം, വത്സല സഹോദരിമാരേ, നീതിമാന്റെ ആത്മാവ് ദൈവത്തിനു പ്രീതികരമായ ഒരു പറുദീസയല്ലാതെ മറ്റൊന്നുമല്ലെന്നു നിങ്ങള്‍ക്കു ബോദ്ധ്യമാകും. അവിടുന്നുതന്നെ അതു വെളിപ്പെടുത്തിയിട്ടുമുണ്ടല്ലോ (സുഭാ. 8:31). ഇത്ര പ്രഭാവവാനും വിജ്ഞാനിയും പരിശുദ്ധനും സര്‍വനന്മനിധിയുമായ ഒരു രാജാവ് ആനന്ദത്തോടെ വാഴുന്ന മണിയറ എത്ര മഹത്തായിരിക്കണം! ഒരാത്മാവിന്റെ അതീവസൗന്ദര്യത്തിനും കഴിവുകള്‍ക്കും സദൃശമായി യാതൊന്നും കണ്ടെത്തുവാന്‍ എനിക്കു സാധിക്കയില്ല. നാം എത്ര കുശാഗ്രബുദ്ധികളായിരുന്നാലും അതു ഗ്രഹിക്കുവാന്‍ അശക്തര്‍തന്നെ; ദൈവത്തെക്കുറിച്ചുള്ള അഗാധജ്ഞാനം പോലെയാണതും എന്നു പറയാം. അവിടുന്നുതന്നെ അരുളിച്ചെയുന്നതുപോലെ തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് താന്‍ നമ്മെ സൃഷ്ടിച്ചിരിക്കുന്നത് (ഉല്‍പ. 1:26). അങ്ങനെയെങ്കില്‍ നമ്മുടെ ആഭ്യന്തരഹര്‍മ്യത്തിന്റെ സൗന്ദര്യം മനസ്സിലാക്കുവാന്‍ നാം വൃഥാ അധ്വാനിച്ചു ക്ഷീണിക്കേണ്ടതില്ല. ആത്മാവു ദൈവത്തിന്റെ സൃഷ്ടിയാണെങ്കിലും ദൈവവും ആത്മാവും തമ്മില്‍ സ്രഷ്ടാവും സൃഷ്ടിയുമെന്ന നിലയില്‍ വ്യത്യാസമുണ്ട്. മാത്രമല്ല, സ്വച്ഛായയില്‍ത്തന്നെയാണ് അതുണ്ടാക്കപ്പെട്ടിരിക്കുന്നതെന്ന് അവിടുന്നുതന്നെ അരുളിച്ചെയ്തിരിക്കുന്നതിനാല്‍ അതിന്റെ മഹോന്നതമായ അഴകും ശ്രേഷ്ഠതയും നമ്മുടെ ഗ്രഹണശക്തിക്കതീതമാണെന്നും സിദ്ധിക്കുന്നു.'

സാര്‍വത്രികസഭയുടെ വേദപാരംഗതയും മഹാവിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യായുടെ വിഖ്യാത രചനയാണ് 'ആഭ്യന്തരഹര്‍മ്യം' അഥവാ 'The Interior Castle of the Mansions.' 1577 ല്‍ എഴുതപ്പെട്ട ഈ യോഗാത്മക ഗ്രന്ഥത്തിലെ ഒന്നാം സദനത്തിലെ 'ആത്മാവിന്റെ അഴകും ആഭിജാത്യവും' എന്ന ഒന്നാമധ്യായത്തിലെ ഒന്നാം ഖണ്ഡികയാണ് മേലുദ്ധരിച്ചത്. 'മഹാവൈമനസ്യത്തോടെയാണ് ഈ വിവരണമെഴുതാന്‍ ഞാന്‍ തുടങ്ങിയതെങ്കിലും പൂര്‍ത്തിയായപ്പോള്‍ എനിക്കു വളരെ ചാരിതാര്‍ത്ഥ്യം തോന്നുന്നുണ്ട്' എന്ന വാചകത്തോടെ ആരംഭിക്കുന്ന ഗ്രന്ഥത്തിന്റെ ഉപസംഹാരത്തില്‍ വിശുദ്ധ രേഖപ്പെടുത്തിയിരിക്കുന്ന മനോഹരമായ മറ്റൊരു വാക്യം ഇപ്രകാരമാണ്: 'ഈ ഹര്‍മ്യത്തിനുള്ളിലെ ആനന്ദം ഒരു പ്രാവശ്യം അനുഭവിച്ചുകഴിഞ്ഞാല്‍ പിന്നെ എന്തുമാത്രം കഷ്ടത സഹിക്കേണ്ടിവന്നാലും സകല സംഗതികളിലും നിങ്ങള്‍ സമാധാനം കണ്ടെത്തുന്നതാണ്; വീണ്ടും അതിലേക്കു മടങ്ങിവരാമെന്നും ആരും അത് അപഹരിക്കയില്ലെന്നുമുള്ള സുപ്രതീക്ഷ എവിടെയും നിങ്ങളെ അനുഗമിക്കുകയും ചെയ്യും.'

നമുക്കു വസിക്കാന്‍ ആഢംബരഹര്‍മ്യങ്ങളും ആരാധിക്കാന്‍ പ്രൗഢിയും മോടിയുമുള്ള ദേവാലയങ്ങളും നിര്‍മ്മിക്കുന്ന നാം, ദൈവത്തിന് വസിക്കാന്‍ ദൈവം തന്നെ നിര്‍മ്മിച്ച ആലയമാണ് നമ്മുടെ ആത്മാവെന്ന പരമസത്യം ഓര്‍മ്മിക്കുന്നുണ്ടോ? ശരീരത്തിന്റെ ആരോഗ്യത്തിലും അഴകിലും ബദ്ധശ്രദ്ധരായ നാം മാമ്മോദീസായിലൂടെ ദൈവികജീവന്‍ പ്രാപിച്ച നമ്മുടെ ആത്മാവിന്റെ ആരോഗ്യത്തിലും അഴകിലും ശ്രദ്ധയുള്ളവരാണോ? അക്ഷയവും അനന്തവുമായ ആനന്ദം സദാ വഴിഞ്ഞൊഴുകുന്ന ഒരു നിധിപേടകം ഉള്ളില്‍ വഹിക്കുന്നവരാണെന്ന് നമുക്ക് ബോധ്യമുണ്ടോ?' 'നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?' എന്ന് അപ്പസ്‌തോലന്‍ രോഷത്തോടെ ചോദിക്കുന്നുണ്ട് (യാക്കോബ് 4:5). ലൗകികതൃഷ്ണകളിലും മായകളിലും മതിമറന്നു ദൈവദത്തവും ദൈവം വസിക്കുന്നതുമായ ആത്മാവെന്ന രമ്യഹര്‍മ്യത്തെ മറന്നു ജീവിക്കുന്ന മൗഢ്യം നമുക്ക് ഭവിക്കാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org