വചനമനസ്‌കാരം: No.128

വചനമനസ്‌കാരം: No.128
Published on

സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുമ്പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിന്റെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്.

ഹെബ്രായര്‍ 12:23, 24

വിശ്വാസപരിശീലന വര്‍ഷാരംഭത്തിന് മുന്നോടിയായി രണ്ട് ഇടവകകളിലെ വിശ്വാസപരിശീലകര്‍ക്ക് ക്ലാസ് എടുക്കാന്‍ അവസരം ലഭിച്ചു. നാല് ചോദ്യങ്ങള്‍ അധ്യാപകര്‍ക്കു മുന്‍കൂട്ടി നല്‍കി ഉത്തരങ്ങള്‍ സ്വരൂപിച്ച ശേഷമാണ് ക്ലാസുകള്‍ നയിച്ചത്. വിശ്വാസപരിശീലന ശുശ്രൂഷ കൊണ്ട് നിങ്ങള്‍ക്കുള്ള പ്രധാന നേട്ടങ്ങള്‍ എന്തെല്ലാം എന്നതായിരുന്നു നാലാം ചോദ്യം. ലഭിച്ച ഉത്തരങ്ങളില്‍ ചിലത് ഇവയാണ്:

  1. എനിക്ക് എന്റെ ദൈവത്തെ കൂടുതലായി അറിയാനും മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുത്ത് അവരിലൂടെ ദൈവത്തെ കാണാനും ഓരോ നിമിഷവും അവിടുത്തെ കൂടുതല്‍ ആഴത്തില്‍ സ്‌നേഹിച്ചു ജീവിക്കാനും അവസരം കിട്ടുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.

  2. സ്വയം നവീകരിക്കാനും ദൈവികപുണ്യങ്ങളില്‍ വളരാനും കഴിയുന്നു എന്നത് നേട്ടമാണ്. എന്നാല്‍, സ്വര്‍ഗം കരസ്ഥമാക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം.

  3. കുട്ടികള്‍ക്ക് മാതൃകയാകണം എന്ന ചിന്ത എപ്പോഴും മനസില്‍ ഉള്ളതിനാല്‍ കൂടെക്കൂടെ കുമ്പസാരിച്ച് വിശുദ്ധിയില്‍ നിലനില്‍ക്കാന്‍ കഴിയുന്നതാണ് നേട്ടം.

  4. യേശുവിനോടു ചേര്‍ന്നിരിക്കാനും സംസാരിക്കാനുമുള്ള തുറവി ലഭിക്കുന്നു എന്നത് വലിയ നേട്ടമാണ്.

  5. സ്വന്തം ജീവിതത്തില്‍ അസാധ്യമെന്ന് തോന്നിയ പല കാര്യങ്ങളും ദൈവം നടത്തിത്തരികയും കരുതലോടും സ്‌നേഹത്തോ ടും കൂടെ വഴി നടത്തുകയും ചെയ്യുന്നു എന്നതാണ് പ്രധാന നേട്ടം.

  6. കര്‍ത്താവിന്റെ പ്രത്യേക അനുഗ്രഹവും സ്‌നേഹവും സംരക്ഷണവും വ്യക്തിപരമായും കുടുംബാംഗങ്ങള്‍ക്കും ലഭിക്കുന്നതോടൊപ്പം സ്വര്‍ഗരാജ്യത്തില്‍ പ്രതിഫലവും ലഭിക്കുന്നു. സുവിശേഷപ്രഘോഷണത്തില്‍ പങ്കാളിയാകുന്നതിന്റെ ആത്മസന്തോഷവും സംതൃപ്തിയും ലഭിക്കുന്നു.

  7. തിന്മയില്‍ നിന്നും ലോകത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും അകന്നു ജീവിക്കാന്‍ കഴിയുന്നു എന്നതും ദൈവവുമായുള്ള വ്യക്തിബന്ധം ഊര്‍ജസ്വലമാക്കാന്‍ സാധിക്കുന്നു എന്നതും നേട്ടമാണ്.

പരിശുദ്ധാരൂപിയുമായി സംസാരിച്ചതിനു ശേഷമേ ഉത്തരങ്ങള്‍ എഴുതാവൂ എന്ന് മുന്‍കൂട്ടി നിഷ്‌കര്‍ഷിച്ചിരുന്നു. മിക്കവാറും അധ്യാപകര്‍ ആ സംഭാഷണം ആത്മാര്‍ത്ഥമായി നടത്തി എന്നതിന്റെ തെളിവാണ് ലഭിച്ച ഉത്തരങ്ങള്‍. പ്രിയ വിശ്വാസപരിശീലകരേ, നമുക്ക് ലഭിച്ചിരിക്കുന്നത് നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവില്‍ നിന്നുള്ള സവിശേഷമായ വിളിയും ദൗത്യവുമാണെന്ന് ബോധ്യമുള്ളവരാണല്ലോ നാം. ആയതിനാല്‍ നമ്മുടെ വിളിയിലും ദൗത്യത്തിലും ആഴപ്പെടുവാനും വളരുവാനും നാം ബോധപൂര്‍വം പരിശ്രമിക്കേണ്ടതുണ്ട്. നമ്മുടെ ശുശ്രൂഷയ്ക്കു പ്രതിഫലമായി 'ഷെവലിയര്‍' പദവിയോ 'അല്മായരത്‌നം' പട്ടമോ പ്രത്യേക പുരസ്‌കാരങ്ങളോ നമുക്കു ലഭിക്കണമെന്നില്ല. എന്നാല്‍, കര്‍ത്താവ് നമ്മെ തിരിച്ചറിയാനും തന്റെ ജീവന്റെ പുസ്തകത്തില്‍ നമ്മുടെ പേര് ഉള്‍പ്പെടുത്താനും 'വിശുദ്ധ നഗരത്തിലും ജീവന്റെ വൃക്ഷത്തിലും' നമ്മെ പങ്കുചേര്‍ക്കാനും ഈ ശുശ്രൂഷ കാരണമാകും എന്നതില്‍ സംശയമില്ല. അതിനാല്‍ കൃതജ്ഞതാഭരിതമായ ഹൃദയത്തോടും പരിപൂര്‍ണ്ണമായ ആത്മസമര്‍പ്പണത്തോടും സ്ഥിരമായ ഉത്സാഹത്തോടും അചഞ്ചലമായ വിശ്വസ്തതയോടും സര്‍വോപരി, വിശുദ്ധിയോടും ആഹ്ലാദത്തോടും കൂടി നമ്മുടെ ശുശ്രൂഷയില്‍ മുഴുകാം. നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന കുട്ടികള്‍ നമ്മിലൂടെ ദൈവത്തെ കണ്ടെത്തുന്നതിലും വലിയ സഫലതയും സന്തോഷവും വേറെയില്ലല്ലോ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org