വചനമനസ്‌കാരം: No.127

വചനമനസ്‌കാരം: No.127

ദൈവത്തോടൊത്തു ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കുന്നത്.

സങ്കീര്‍ത്തനങ്ങള്‍ 60:12

  • ദയാപരനായ യേശുവേ,

ഞങ്ങളുടെ നിലയ്ക്കാത്ത യുദ്ധത്തെയും അതിലെ ഓരോ പോരാട്ടങ്ങളെയും കരുണാപൂര്‍വം കടാക്ഷിക്കണമേ. എന്തെന്നാല്‍, ഞങ്ങള്‍ പൊരുതുന്നത് സത്യത്തിനും നീതിക്കും വേണ്ടിയാണല്ലോ. ഞങ്ങള്‍ പൊരുതുന്നത്, 'പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും' എതിരായാണല്ലോ. ഞങ്ങള്‍ പൊരുതുന്നത്, അതിവിശുദ്ധ സ്ഥലത്ത് വ്യാപരിച്ചുകൊണ്ട് അങ്ങയുടെ 'സ്ഥലം' മുഴുവനും അശുദ്ധമാക്കുന്ന ദുരാത്മാക്കള്‍ക്കെതിരായാണല്ലോ. ഞങ്ങള്‍ പൊരുതുന്നത്, നീതിയും സമാധാനവും അരൂപിയുടെ സന്തോഷവും നിറഞ്ഞുവസിക്കുന്ന നിന്റെ രാജ്യത്തിനുവേണ്ടിയാണല്ലോ. ഞങ്ങള്‍ പൊരുതുന്നത്, ഇടുങ്ങിയ വാതിലിലൂടെയും വീതി കുറഞ്ഞ വഴിയിലൂടെയും മാത്രം കൈവരുന്ന ജീവനുവേണ്ടിയാണല്ലോ. ഞങ്ങള്‍ പൊരുതുന്നത്, യുഗാന്തം വരെ കൂടെ വസിക്കാന്‍ മോഹിക്കുന്ന നിന്റെ മോഹസാക്ഷാത്കാരത്തിനുവേണ്ടിയാണല്ലോ. ഞങ്ങള്‍ പൊരുതുന്നത്, ഇനിയും പിറക്കാനിരിക്കുന്ന ശതകോടി മനുഷ്യരുടെ മുഖത്തു നോക്കി മരിക്കാനും അപ്പമാകാനുമുള്ള നിന്റെ അവകാശത്തിനുവേണ്ടിയാണല്ലോ. നിന്നില്‍ എല്ലാവരും ഒന്നെന്ന ബോധ്യമുള്ളതിനാല്‍ സമത്വത്തിനുവേണ്ടിയാണല്ലോ ഞങ്ങള്‍ പൊരുതുന്നത്. ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടിയും ആത്മാവിലും സത്യത്തിലും നിന്നെ ആരാധിക്കാനുള്ള അവകാശത്തിനും വേണ്ടിയാണല്ലോ ഞങ്ങള്‍ പൊരുതുന്നത്. അപ്പത്തില്‍ പ്രത്യക്ഷനാകുന്ന നിന്നെ കാണാനുള്ള അവകാശത്തിനും നിന്നെ നോക്കി പ്രകാശിതരാകാനുള്ള അവസരത്തിനും വേണ്ടിയാണല്ലോ ഞങ്ങള്‍ പൊരുതുന്നത്.

  • സ്‌നേഹനിധിയായ യേശുവേ,

അങ്ങയോടൊപ്പം പൊരുതാന്‍ ഞങ്ങളെ തിരഞ്ഞെടുത്തതിന് നിറഹൃദയത്തോടെ നന്ദി. ഞങ്ങളോടൊപ്പം പൊരുതാന്‍ കൂടെ വന്നതിനും സഹസ്രകോടി നന്ദി. അങ്ങു കൂടെയുള്ളതിനാലാണല്ലോ ഞങ്ങള്‍ പരാജയപ്പെടാത്തത്. 'സത്യം കൊണ്ട് അര മുറുക്കിയതിനാലും നീതിയുടെ കവചം ധരിച്ചിരിക്കുന്നതിനാലും വിശ്വാസത്തിന്റെ പരിച' എടുത്തിരിക്കുന്നതിനാലുമാണല്ലോ ഞങ്ങള്‍ പരാജയപ്പെടാത്തത്. സത്യസന്ധരുടെ ദൈവമേ, നീതിയുള്ളവരുടെ ദൈവമേ, നിരാലംബരുടെ ദൈവമേ, അങ്ങയുടെ തിരുസാന്നിധ്യം ഒന്നു മാത്രമാണ് ഞങ്ങളെ ശക്തരും ആത്മധൈര്യം ഉള്ളവരുമാക്കുന്നത്. അങ്ങുതന്നെയാണ് ഞങ്ങളിലൂടെയും ഞങ്ങള്‍ക്കുവേണ്ടിയും പൊരുതുന്നത് എന്നും ഞങ്ങള്‍ തിരിച്ചറിയുന്നു.

  • കരുണയുള്ള കര്‍ത്താവേ,

ഞങ്ങളോടെന്ന പോലെ ഞങ്ങളുടെ എതിരാളികളുടെ മേലും കരുണയായിരിക്കണമേ. എതിരാളി ശത്രുവല്ലെന്ന് ഞങ്ങള്‍ക്കറിയാവുന്നതു പോലെ ഞങ്ങള്‍ അവരുടെ ശത്രുവല്ലെന്ന് അവരും തിരിച്ചറിയട്ടെ. മരിക്കാന്‍ ഭയമില്ലാത്തവരെ കൊല്ലുമെന്ന് പേടിപ്പിക്കുന്ന മഹാമൗഢ്യത്തില്‍ നിന്ന് അവര്‍ രക്ഷപ്രാപിക്കട്ടെ. പ്രതികാരദാഹത്തിന്റെ ഭ്രാന്തിലും വിനാശത്തിലും നിന്ന് അവര്‍ രക്ഷപ്പെടട്ടെ. തലമുറകളുടെ വിശ്വാസനഷ്ടത്തിന്റെ പാപഭാരം അവര്‍ ചുമക്കാതിരിക്കട്ടെ. നിന്റെ 'ശരീരത്തിന്റെ' ചോരയും കണ്ണീരും തീമഴയായി അവരുടെമേല്‍ പെയ്യാതിരിക്കട്ടെ. ഉപമയിലെ ധൂര്‍ത്തപുത്രനെ പോലെ അവര്‍ സുബോധം വീണ്ടെടുക്കട്ടെ. നീതിയില്ലാതെ സമാധാനമില്ലെന്നും സമാധാനമില്ലാതെ സ്‌നേഹം പൂര്‍ണ്ണമാകില്ലെന്നും അവര്‍ ഗ്രഹിക്കട്ടെ. സത്തയില്‍ ഒന്നെങ്കിലും ആളത്തത്തില്‍ വൈവിധ്യമുള്ളതാണ് പരിശുദ്ധ ത്രിത്വം പോലുമെന്ന് അവര്‍ ഓര്‍മ്മിക്കാനും വൈവിധ്യത്തിന്റെ സൗന്ദര്യം ഗ്രഹിക്കാനും ഇടയാകട്ടെ. അവരുടെ കാപട്യം അവരെ മാത്രമല്ല സഭയെ മുഴുവനും വിഴുങ്ങുമെന്ന് അവര്‍ തിരിച്ചറിയട്ടെ. ഫറവോയെ ലജ്ജിപ്പിക്കുന്ന കഠിനഹൃദയങ്ങളിലും കത്തിക്കരിഞ്ഞ മനസ്സാക്ഷികള്‍ക്കുംമേല്‍ പരിശുദ്ധാരൂപി ആര്‍ദ്രതയുടെയും നവചൈതന്യത്തിന്റെയും വിശുദ്ധജലം തളിക്കട്ടെ. അങ്ങനെ ഞങ്ങളും അവരും ഒന്നുചേര്‍ന്ന് നിന്റെ 'ശരീരത്തില്‍' നിന്നെ ആരാധിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org