വചനമനസ്‌കാരം: No.126

വചനമനസ്‌കാരം: No.126

ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്: ജ്ഞാനം അഭ്യസിക്കുവിന്‍, വഴി തെറ്റിപ്പോകരുത്.

ജ്ഞാനം 6:9

  • ഇവിടെയുണ്ടു ഞാന്‍ എന്നറിയിക്കുവാന്‍

  • മധുരമാമൊരു കൂവല്‍ മാത്രം മതി.

  • ഇവിടെയുണ്ടായിരുന്നു ഞാനെന്നതിന്നൊരു

  • വെറും തൂവല്‍ താഴെയിട്ടാല്‍ മതി.

  • ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്

  • അടയിരുന്നതിന്‍ ചൂടുമാത്രം മതി.

  • ഇതിലുമേറെ ലളിതമായ് എങ്ങനെ

  • കിളികളാവിഷ്‌ക്കരിക്കുന്നു ജീവനെ!?

  • - പി പി രാമചന്ദ്രന്‍

ഇന്ത്യന്‍ വോട്ടര്‍ ഇപ്പോള്‍ ഈ കവിതയിലെ കിളിയുടെ ജീവിതനിലയിലാണ്! അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തൊഴുകൈക ളോടും നിറചിരിയോടും കൂടി തേടി വന്ന് ആലിംഗനം ചെയ്യുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളോട് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ പരമാധികാരികളായ ജനം പറയുന്നത് ഇതാണ്: ഞങ്ങള്‍ ഇവിടെയുണ്ട്; ഞങ്ങള്‍ ഇവിടെയുണ്ടായിരുന്നു; ഞങ്ങള്‍ ഇനിയും ഇവിടെയുണ്ടാകും! കൂവലിനു പകരം വോട്ടുയന്ത്രത്തിലെ ബീപ് ശബ്ദം! തൂവലിനു പകരം ഇടതു ചൂണ്ടുവിരലിലെ മഷിക്കറ! ഭരണാധികാരികളുടെ ഭാഷയ്ക്കും ശരീരഭാഷയ്ക്കും മൗനത്തിനും വാചാലതയ്ക്കും ശൗര്യത്തിനും നിസംഗതയ്ക്കും പരിഹാസച്ചിരിക്കും മുതലക്കണ്ണീരിനും മേല്‍ അടയിരുന്ന് ജനം കൊടുത്ത പ്രഹരത്തിന്റെ ചൂട് അധികാരികള്‍ പെട്ടെന്ന് മറക്കാനിടയില്ല. ഇതിലും ലളിതമായും ശക്തമായും സ്വാതന്ത്ര്യത്തെ ഈ 'കിളികള്‍' എങ്ങനെ ആവിഷ്‌കരിക്കാനാണ്? അധികാരം ഉന്മാദികളാക്കിയ എല്ലാ ഏകാധിപതികളോടും ഒന്നേ പറയാനുള്ളൂ: ഞങ്ങള്‍ ഇനിയും ഇവിടെ ഉണ്ടാകും!

'രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണെന്നുള്ള സിദ്ധാന്തം' എന്നതാണ് democracy അഥവാ ജനായത്തഭരണസമ്പ്രദായത്തിന്റെ നിര്‍വചനം. സമത്വവും അഭിപ്രായത്തിലും മതത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലുമുള്ള സ്വാതന്ത്ര്യവുമാണ് ഈ വ്യവസ്ഥിതിയുടെ അടിസ്ഥാനം (equaltiy, freedom of speech, religion and political opinion). കൃത്യസമയത്ത് ഈ പരമാര്‍ത്ഥം ജനം സ്പഷ്ടമായി തിരിച്ചറിഞ്ഞിരിക്കുന്നു. ഏകാധിപതികള്‍ വിനാശത്തിലേക്കു വഴിതെറ്റിച്ച മഹത്തായ ഈ രാഷ്ട്രത്തെ വിരല്‍ത്തുമ്പുകള്‍ കൊണ്ട് അവര്‍ വീണ്ടെടുത്തിരിക്കുന്നു. എല്ലാ തൂണുകളും ദ്രവിച്ച് നിലംപൊത്താറായ ജനാധിപത്യത്തിന്റെ ഈ മഹനീയവസതിയെ അവര്‍ ഒന്നുചേര്‍ന്ന് ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. ഭരണഘടനാസ്ഥാപനങ്ങളും ഭരണഘടനാപദവി വഹിക്കുന്ന വ്യക്തികളും തങ്ങളുടെ അടിസ്ഥാനധര്‍മ്മം മറന്നപ്പോള്‍ ഭരണഘടനയുടെ രക്ഷാര്‍ത്ഥം ജനം മുന്നിട്ടിറങ്ങി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ശുഭസൂചന. ഭരണഘടനയും അതിലെ മൂല്യവിചാരങ്ങളും ഏറ്റവും ആവശ്യമായിരിക്കുന്നത് യഥാര്‍ത്ഥ ഭരണഘടനാധികാരികളായ ജനങ്ങള്‍ക്കാണല്ലോ. We, the People of India എന്നാരംഭിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയെയും രാജ്യത്തെ തന്നെയും അവര്‍ രക്ഷിച്ചിരിക്കുന്നു. ലോകത്തെ 'ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം' എന്നത് വെറും അലങ്കാരവാക്കുകള്‍ മാത്രമല്ലെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. വെറുപ്പിനെ തങ്ങള്‍ക്കു വെറുപ്പാണെന്ന് വെറുപ്പിന്റെ വ്യാപാരികളെ അവര്‍ ഓര്‍മ്മിപ്പിച്ചിരിക്കുന്നു. ധ്യാനിക്കേണ്ടത് കടലിനെ നോക്കിയല്ലെന്നും എല്ലാ കടലുകളെയും വെല്ലുന്ന സംസാരസാഗരത്തില്‍ തുഴഞ്ഞു നീങ്ങുന്ന തങ്ങളുടെ മുഖത്തു നോക്കിയാണെന്നും അധീശത്വവാദികളോട് അവര്‍ പറഞ്ഞിരിക്കുന്നു. യഥാര്‍ത്ഥ യജമാനര്‍ തങ്ങളാണെന്ന് 'പ്രധാനദാസനെയും' 'മുഖ്യദാസനെയും' പരിവാരങ്ങളെയുമെല്ലാം അവര്‍ അറിയിച്ചിരിക്കുന്നു. 'അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെ മേലുള്ള ആധിപത്യത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിന്‍, നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍ നിന്നു ലഭിച്ചതാണ്' എന്ന് ജ്ഞാനത്തിന്റെ പുസ്തകത്തിലുണ്ട് (6:2). ഒരര്‍ത്ഥത്തില്‍ അതു തന്നെയാണ് ഇന്ത്യന്‍ ജനതയും ആവര്‍ത്തിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org