വചനമനസ്‌കാരം: No.125

വചനമനസ്‌കാരം: No.125

ഭരണാധിപനെപ്പോലെ പരിജനം; രാജാവിനെപ്പോലെ പ്രജകളും. വിവരമില്ലാത്ത രാജാവ് ജനത്തിനു വിനാശം; രാജ്യത്തിന്റെ ഐശ്വര്യത്തിനു നിദാനം രാജാവിന്റെ ജ്ഞാനമാണ്.

പ്രഭാഷകന്‍ 10:2, 3

'മകന്‍ ഇപ്പോള്‍ എവിടെയാണ്?'

'വനം വകുപ്പില്‍ ആയിരുന്നു. ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലാണ്.'

'എന്താണ് വനം വകുപ്പില്‍ നിന്ന് മാറിയത്?'

'മൃഗങ്ങള്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചിരിക്കുകയല്ലേ? ആനയ്ക്കും കടുവയ്ക്കും പുലിക്കും കാട്ടുപോത്തിനും കാട്ടുപന്നിക്കുമെല്ലാം ഭ്രാന്ത് പിടിച്ചിരിക്കുകയാണ്! വല്ലാത്ത വര്‍ക്ക് പ്രഷര്‍ ആണെന്നാണ് അവന്‍ പറഞ്ഞത്. ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്താലും എല്ലാവരുടെയും പഴി മാത്രം മിച്ചം.'

'അതെ! വിശപ്പാണ് ഏറ്റവും വലിയ ഭ്രാന്ത്! മനുഷ്യര്‍ക്കും അങ്ങനെയല്ലേ? മൃഗങ്ങള്‍ക്ക് ആര്‍ത്തിയില്ല. എന്നാല്‍, ആര്‍ത്തിയുടെ ഭ്രാന്തുള്ള മനുഷ്യര്‍ വനത്തിനും മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും ഏല്‍പ്പിച്ച ആഘാതത്തിന്റെ ഫലമായല്ലേ മൃഗങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ചത്? അരിക്കൊമ്പനും ചക്കക്കൊമ്പനുമൊക്കെ അങ്ങനെയാണ് ഉണ്ടായത്. കാടത്തം എന്ന വാക്ക് നമ്മള്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍, മനുഷ്യനോളം കാടത്തമുള്ള മറ്റൊരു ജീവിയില്ല എന്നതല്ലേ സത്യം? നമ്മുടെ ഭ്രാന്താണ് മൃഗങ്ങളിലേക്കു പകര്‍ന്നത്. പക്ഷികളില്‍ നിന്നും മൃഗങ്ങളില്‍നിന്നും പല രോഗങ്ങളും മനുഷ്യരിലേക്ക് പകരുന്നതുപോലെ നമ്മില്‍ നിന്ന് മൃഗങ്ങളിലേക്ക് പകര്‍ന്നതാണ് അവരുടെ ഭ്രാന്ത്!'

'ശരിയാണ്. മനുഷ്യര്‍ക്കാണ് ഭ്രാന്ത്. അതില്‍ത്തന്നെ അധികാരികള്‍ക്കാണ് മുഴുഭ്രാന്ത്. എല്ലാ മണ്ഡലങ്ങളിലെയും അധികാരികള്‍ക്ക് ഭ്രാന്താണ്. എല്ലാ അധികാരികളും സേവിക്കുന്നത് അവരവരെത്തന്നെയാണ്; ജനങ്ങളെയല്ല.'

'സത്യമാണ്. അധികാരത്തോളം മനുഷ്യനെ ഉന്മാദിയാക്കുന്ന മറ്റൊരു ലഹരിയില്ല. ഭ്രാന്തനായ അധികാരിയോളം വിനാശകരമായി മറ്റൊന്നുമില്ല. അതിന്റെ കെടുതികളാണ് രാഷ്ട്രത്തിലും സഭയിലുമൊക്കെ ഇന്ന് നാം അനുഭവിക്കുന്നത്.'

ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയ പഴയ പരിചയക്കാരനോടുള്ള കുശലാന്വേഷണം ഇവ്വിധമാണ് പുരോഗമിച്ചത്! എന്തുചെയ്യാം; ഏത് വിഷയത്തില്‍ തുടങ്ങിയാലും ഒടുവില്‍ എത്തുന്നത് നീരാളികളെപ്പോലെ എല്ലാ ജീവമണ്ഡലങ്ങളെയും വരിഞ്ഞു മുറുക്കുന്ന അധികാരികളിലാണ്. ജനത്തിന്റെ തോളില്‍ കയറിയിരുന്ന് അവരുടെ ചെവി കടിക്കുന്ന അധികാരികള്‍ അത്രമേല്‍ വെറുപ്പിക്കുന്നുണ്ട്. ജനവിധി എന്ന വാക്ക് രണ്ടര്‍ത്ഥത്തിലും ശരിയാണ്. ജനം വിധി എഴുതുമ്പോള്‍ത്തന്നെ അത് ജനത്തിന്റെ വിധിയുമാണ്. ആ വിധിയാണ് അറിയാന്‍ പോകുന്നത്. വിവരവും ജ്ഞാനവുമില്ലാത്ത അധികാരികളെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ ജനത സ്വയം വിനാശം വിധിക്കുമോ? വോട്ടുയന്ത്രം എന്ന കുടത്തില്‍ നിന്ന് സമഗ്രാധിപത്യത്തിന്റെ ഭൂതങ്ങളെ അവര്‍ തുറന്നുവിടുമോ? ഫലപ്രഖ്യാപന ദിനത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെങ്കിലും ഇന്ത്യ എന്ന വികാരത്തിന്റെയും സംസ്‌കൃതിയുടെയും ഭാവി ഉത്തരമില്ലാത്ത ചോദ്യമാകുമോ? മെയ് മാസവണക്കത്തില്‍ ഏറ്റവും പ്രിയങ്കരമായതും ഹൃദയപൂര്‍വം ആവര്‍ത്തിക്കുന്നതുമായ സുകൃതജപം അഞ്ചാം തീയതിയിലേതാണ്: 'മറിയത്തിന്റെ വിമലഹൃദയമേ, ഇന്‍ഡ്യയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ!'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org