പിതാക്കന്മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.
എഫേസോസ് 6:4
'കയ്യില്‍ അടിക്കാതെ പിന്‍ഭാഗത്ത് അടിച്ചോളൂ എന്നു ടീച്ചറോട് ഞാനന്ന് അപേക്ഷിക്കുകപോലും ചെയ്തു. നാണക്കേടു കാരണം വീട്ടില്‍ പറഞ്ഞില്ല. കയ്യിലേറ്റ അടിയുടെ പാട് ദിവസങ്ങളോളം മറച്ചുവച്ചു. പിന്നീടതു മാഞ്ഞു. പക്ഷേ, മനസ്സിലെ പാട് മായാതെ ശേഷിച്ചു. ഇപ്പോഴും ജോലി ചെയ്യുമ്പോള്‍ ആ സംഭവം ഓര്‍മ്മ വരും.'
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റേതാണ് ഈ വാക്കുകള്‍. ക്രാഫ്റ്റ് ക്ലാസിലേക്കു സൂചി കൊണ്ടുപോകാത്തതിന് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടി തനിക്കുണ്ടാക്കിയ മാനസികാഘാതത്തെക്കുറിച്ചാണ് 'സ്‌കൂള്‍ കാലത്തെ ആ അനുഭവം ഒരിക്കലും മറക്കില്ല' എന്ന മുഖവുരയോടെ അദ്ദേഹം വിവരിച്ചത്. ഇത്തരം ശിക്ഷകളിലൂടെ അധ്യാപകര്‍ കുട്ടികള്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബാലനീതി വിഷയത്തില്‍ നേപ്പാള്‍ സുപ്രീം കോടതി കഠ്മണ്ഡുവില്‍ നടത്തിയ സിംപോസിയത്തില്‍ പ്രസംഗിക്കുമ്പോഴാണ് സ്വന്തം അനുഭവം അദ്ദേഹം വിവരിച്ചത്. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാണ് ഡി. വൈ. ചന്ദ്രചൂഡ്. ഇന്ത്യയുടെ പ്രസിഡന്റിന് പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ചീഫ് ജസ്റ്റിസാണ്. രാജ്യത്തെ പരമോന്നത പദവിയിലെത്തിയിട്ടും നാലര പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന സംഭവം ഇന്നും അദ്ദേഹത്തെ എത്രമാത്രം അസ്വസ്ഥനാക്കുന്നു എന്നതിന്റെ തെളിവാണല്ലോ ഈ വാക്കുകള്‍. മറ്റൊരു രാജ്യത്തു വച്ചു പോലും അതേക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം മടിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
craft എന്നതിന് കരകൗശലം, ശില്പവൈദഗ്ധ്യം എന്നൊക്കെയാണ് അര്‍ത്ഥം. ബാല്യകാലത്തെ ജീവിതാനുഭവങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നു എന്നത് അംഗീകരിക്കപ്പെട്ട തത്വമാണ്. ഇവിടെയാണ് സ്‌നേഹവും കരുണയും വിവേകവും സഹാനുഭൂതിയുമുള്ള മാതാപിതാക്കളും അധ്യാപകരും മുതിര്‍ന്നവരുമായ craftsmen അഥവാ ശില്പികളുടെ പങ്ക് നിര്‍ണ്ണായകമാകുന്നത്. 'ഒന്നേ ഉള്ളൂവെങ്കിലും ഉലക്ക കൊണ്ട് അടിക്കണം' എന്നത് പണ്ട് നമ്മുടെ കാരണവന്മാരുടെ അലിഖിതനിയമമായിരുന്നു. വിവേകമില്ലാതെ അത് ആഘോഷിച്ച പലരും മക്കളിലും വിദ്യാര്‍ത്ഥികളിലും നിറച്ചത് നിഷേധ ഊര്‍ജമാണ്. പലപ്പോഴും അവിവേകത്തിന്റെയും, ചിലപ്പോഴെങ്കിലും സ്‌നേഹരാഹിത്യം, ഹൃദയകാഠിന്യം എന്നിവയുടെയും അനന്തരഫലമായ കൊടിയ ശിക്ഷാരീതികള്‍ അവശേഷിപ്പിക്കുന്നത് രക്തസാക്ഷികളെയല്ലേ? അത്തരം ബാല്യകാലരക്തസാക്ഷികള്‍ പിന്നീട് ഏതു പദവിയിലെത്തിയാലും ആ ദുരനുഭവങ്ങള്‍ അവരെ വേട്ടയാടുമെന്ന് ഉറപ്പാണ്. തല്ലി പഠിപ്പിക്കാമെന്ന് കരുതുന്നവര്‍ സത്യത്തില്‍ ഒന്നും പഠിപ്പിക്കുന്നില്ലെന്ന് മാത്രമല്ല തല്ലിത്തോല്പിക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളുടെ ജീവിതത്തില്‍ മുദ്രകള്‍ അവശേഷിപ്പിക്കണം എന്നുണ്ടെങ്കില്‍ അത് ശരീരത്തിലെ തിണര്‍ത്ത പാടുകളും മനസിലെ കരുവാളിച്ച ഓര്‍മ്മകളും ആകാതിരിക്കട്ടെ. സ്‌നേഹാര്‍ദ്രമായ സമീപനത്താലും പ്രചോദനാത്മകമായ വാക്കുകളാലും സര്‍വോപരി സ്വന്തം ജീവിതമാതൃകയാലും കുട്ടികളുടെ ഹൃദയമാകുന്ന 'ക്ലീന്‍ സ്ലേറ്റില്‍' നിത്യമായി തങ്ങളെത്തന്നെ അടയാളപ്പെടുത്താനുള്ള സവിശേഷമായ സിദ്ധിയും സാധ്യതയും വിനിയോഗിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. ഒരര്‍ത്ഥത്തില്‍ നമ്മുടെ വീടുകളുടെ അകത്തളങ്ങളിലും സ്‌കൂളിലെ ക്ലാസ് മുറികളിലും അഭിനവ ഹിറ്റ്‌ലര്‍മാരും സ്റ്റാലിന്‍മാരും എം. കെ. ഗാന്ധിമാരും മദര്‍ തെരേസകളുമൊക്കെ ഒളിഞ്ഞിരിക്കുന്നുണ്ട്. ആരായി അവര്‍ പുറത്തുപോകണമെന്ന് നിര്‍ണ്ണയിക്കാം എന്നതിലാണ് പേരന്റിംഗിന്റെയും അധ്യാപനത്തിന്റെയും 'മാജിക്കല്‍ റിയലിസം' ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. metamorphosis അഥവാ രൂപാന്തരപ്രാപ്തി പകരാന്‍ കഴിയുന്ന ശില്പികളും കരകൗശലവിദഗ്ധരുമാണ് തങ്ങളെന്ന് മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയുന്നത് അവര്‍ക്കും കുട്ടികള്‍ക്കും ലോകത്തിനു തന്നെയും വലിയ നേട്ടമായി ഭവിക്കും.