വചനമനസ്‌കാരം: No.123

വചനമനസ്‌കാരം: No.123

നിത്യതയോടു തുലനം ചെയ്യുമ്പോള്‍ ഈ ഏതാനും വത്സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരി പോലെയും മാത്രം.

പ്രഭാഷകന്‍ 18:10

'നിങ്ങളുടെ ഗ്രന്ഥങ്ങള്‍ എനിക്കു വിജ്ഞാനം തന്നു. മനുഷ്യന്റെ അക്ഷീണമായ ബുദ്ധി ശതാബ്ദങ്ങളായി സൃഷ്ടിച്ച ചിന്തകള്‍ മുഴുവന്‍ ഒരു ഉരുളയായി എന്റെ തലച്ചോറിലുണ്ട്. ഞാന്‍ നിങ്ങളെല്ലാവരെക്കാളും സമര്‍ത്ഥനാണെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ നിങ്ങളുടെ ഈ ഗ്രന്ഥങ്ങളെയെല്ലാം വെറുക്കുന്നു. ലോകത്തിന്റെ അനുഗ്രഹങ്ങളെയും വിജ്ഞാനസഞ്ചയത്തെയും എല്ലാം വെറുക്കുന്നു. സകലതും ശൂന്യം, ശുഷ്‌കം, സ്വപ്‌നാത്മകം, മരീചികപോലെ മായാമയം. നിങ്ങള്‍ എത്ര ബുദ്ധിമാനായാലും അഹംഭാവിയായാലും സുന്ദരനായാലും എലി മണ്ണിനെ എന്നപോലെ മരണം നിങ്ങളെ ഈ ഭൂമുഖത്തുനിന്നും തൂത്തെറിയും. നിങ്ങളുടെ ഭാവിപരമ്പരയും നിങ്ങളുടെ ചരിത്രവും നിങ്ങളുടെ പ്രതിഭാശാലികളുടെ അമരത്വവും എല്ലാം കല്‍ക്കരിക്കൊള്ളി പോലെ കത്തിച്ചാമ്പലായിപ്പോകും. നിങ്ങള്‍ക്കു ഭ്രാന്താണ്. നിങ്ങള്‍ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിച്ചുകഴിഞ്ഞു. നിങ്ങള്‍ അസത്യത്തെ സത്യമായും വൈരൂപ്യത്തെ സൗന്ദര്യമായും കാണുന്നു. ആപ്പിള്‍മരങ്ങളും മധുരനാരകങ്ങളും പൊടുന്നനേ തവളകളെയും ഓന്തുകളെയും കായ്ക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയില്ലേ? റോസാപ്പൂക്കള്‍ക്ക് കുതിരവിയര്‍പ്പിന്റെ ഗന്ധമാണെങ്കില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയില്ലേ? അതുപോലെ സ്വര്‍ഗത്തിനു പകരം ഭൂമി മതിയെന്നു പറയുന്ന നിങ്ങളെപ്പറ്റി ഞാന്‍ അത്ഭുതപ്പെടുന്നു. എനിക്കു നിങ്ങളെ മനസ്സിലാക്കേണ്ട.'

ആന്റണ്‍ ചെക്കോവിന്റെ 'പന്തയം' എന്ന കഥ അതിമനോഹരമാണ്. പണ്ഡിതരും പൗരപ്രമുഖരും അടങ്ങുന്ന ഒരു സുഹൃദ്മണ്ഡലത്തില്‍ വധശിക്ഷയുടെ ധാര്‍മ്മികതയെക്കുറിച്ച് ഉശിരന്‍ സംവാദം നടക്കുകയാണ്. വധശിക്ഷയ്ക്കും ജീവപര്യന്തം തടവിനും അനുകൂലമായും പ്രതികൂലമായും വാദങ്ങളും മറുവാദങ്ങളും ഉയര്‍ന്നു. 'രണ്ടിലൊന്ന് സ്വീകരിക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ ജീവപര്യന്തം തടവ് മതിയെന്നു പറയും' എന്ന് പ്രഖ്യാപിച്ച യുവാവായ വക്കീലിനോട് 'അതൊരു പച്ചക്കള്ളമാണ്. ഞാന്‍ രണ്ടു ലക്ഷം റൂബിള്‍ പന്തയം വയ്ക്കുന്നു. നിങ്ങള്‍ തടവുമുറിയില്‍ അഞ്ചു കൊല്ലം തികച്ചു കിടക്കുകയില്ല' എന്ന് വെല്ലുവിളിക്കുകയാണ് ഒരു ബാങ്കര്‍. അങ്ങനെ പന്തയം ആരംഭിച്ചു. ബാങ്കറുടെ വീട്ടിലെ ഉദ്യാനത്തോടു ചേര്‍ന്ന മുറിയാണ് വക്കീലിന്റെ ജയിലറ. അവിടെ സ്വയം സ്വീകരിച്ച തടവില്‍ അയാള്‍ പതിനഞ്ചു കൊല്ലം കഴിയുന്നു. പുസ്തകപാരായണമായിരുന്നു പ്രധാനജോലി. വായിച്ച മഹാഗ്രന്ഥങ്ങള്‍ അയാള്‍ക്ക് ജ്ഞാനോദയത്തിന് നിമിത്തമായി. ഇതിനിടയില്‍ ബാങ്കര്‍ സാമ്പത്തികമായി തകര്‍ന്നിരുന്നു. പതിനഞ്ചു കൊല്ലം പൂര്‍ത്തിയാകുന്നതിന്റെ തലേന്ന് രാത്രി തടവുപുള്ളിയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ജയിലറയില്‍ എത്തിയ ബാങ്കര്‍ കണ്ട കുറിപ്പിലെ ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. 'ഒരിക്കല്‍ ഞാന്‍ സ്വര്‍ഗീയാനന്ദമെന്നു കരുതിയ ആ രണ്ടുലക്ഷം ഞാനിതാ വെറുപ്പോടെ ഉപേക്ഷിക്കുന്നു. എന്റെ അവകാശം ധ്വംസിക്കാന്‍ വേണ്ടി വ്യവസ്ഥയില്‍ പറയുന്ന സമയത്തിന് അഞ്ചു മിനിട്ടു മുമ്പായി ഞാനിതാ പുറത്തിറങ്ങുന്നു' എന്ന വാക്കുകളോടെ അവസാനിക്കുന്ന ആ കുറിപ്പ് വായിച്ച് ബാങ്കര്‍ വിങ്ങിക്കരഞ്ഞു കൊണ്ട് തടവുപുള്ളിയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചശേഷം പുറത്തേക്കു പോകുന്നു.

കഥ നമ്മുടെ കാലത്തിനു നേരെ പിടിച്ച കണ്ണാടിയാണ്. അസത്യത്തെ സത്യമായും വൈരൂപ്യത്തെ സൗന്ദര്യമായും കാണുന്നത് ഇക്കാലത്തിന്റെയും സങ്കീര്‍ണ്ണമായ സമസ്യയാണല്ലോ. നമുക്കും ആത്മാവിനേക്കാള്‍ ശരീരവും സ്വര്‍ഗത്തേക്കാള്‍ ഭൂമിയുമല്ലേ പ്രിയങ്കരം? ലോകത്തെ മാത്രം വായിക്കാതെ സ്വര്‍ഗത്തെ വായിക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ? 'പഴകിപ്പോകാത്ത പണസഞ്ചികളും ചിതല്‍ നശിപ്പിക്കാത്ത നിക്ഷേപങ്ങളും' നമ്മുടെ കൈവശമുണ്ടോ? നിത്യാനിത്യവിവേചനം നമ്മുടെ ഇഹ - പര - ലോക ജീവിതങ്ങളെ നിര്‍ണ്ണയിക്കും എന്നത് എപ്പോഴും ഓര്‍മ്മിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org