വചനമനസ്‌കാരം: No.122

വചനമനസ്‌കാരം: No.122

യേശു പ്രതിവചിച്ചു: ഉന്നതത്തില്‍ നിന്നു നല്‍കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല.

യോഹന്നാന്‍ 19:11

''ഇത് ഭ്രമയുഗാ. കലിയുഗത്തിന്റെ ഒരു അപഭ്രംശം. സഹസ്രാബ്ദം നീണ്ടുനില്‍ക്കുന്ന ഹിംസയുടെ ഉന്മാദം. ഭ്രമയുഗത്തില്‍ ദൈവത്തിനെ പൂജിച്ചിട്ടൊന്നും ഒരു കാര്യമില്ല. അത്തരം ആചാരങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയില്ല. അവന്റെ പലായനത്തോടെയാണ് ഭ്രമയുഗം ആരംഭിക്കുന്നത്. നീയൊക്കെ എത്ര ഉറക്കെ വിളിച്ച് പാടിയാലും അവന്‍ കേള്‍ക്കില്ല.'

അധികാരത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം എപ്രകാരം ചാത്തന്മാരെ സൃഷ്ടിക്കുന്നു എന്നതിന്റെ മനോഹരമായ ആഖ്യാനമാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചലച്ചിത്രം. അധികാരകാമനകളുടെ വന്യത, നേര്‍ത്ത ഭീതിയുടെ അകമ്പടിയോടെ കറുപ്പിലും വെളുപ്പിലുമായി പ്രേക്ഷകരിലേക്ക് അരിച്ചിറങ്ങുന്നു. കൃതഹസ്തനായ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്റെ തിരക്കഥയും സംഭാഷണവും ശ്രദ്ധാര്‍ഹമാണ്. സംഗീതം ദൈവകലയാണെന്ന് പറയുന്ന പാണന് ചാത്തന്‍ കൊടുക്കുന്ന മറുപടിയാണ് മുകളില്‍ ഉദ്ധരിച്ചത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം - ഇവ നാലുംകൂടിയതാണ് ചതുര്യുഗം. അധികാരഭ്രാന്തുള്ള ചാത്തന്‍മാര്‍ യുഗഭേദമെന്യേ ഉണ്ടായിരിക്കുമെന്നും ജാതി - മത - വര്‍ഗ - വര്‍ണ്ണ - മേലാള - കീഴാള ഭേദമില്ലാതെ പല രൂപഭാവങ്ങളില്‍ പകര്‍ന്നാടുമെന്നും സിനിമ ഓര്‍മ്മിപ്പിക്കുന്നു.

പ്രത്തോറിയത്തില്‍ നാം കാണുന്നത് ഉന്മാദിയായ ഒരു ചാത്തനെയാണ്. അയാള്‍ ഉപാസിക്കുന്നത് അധികാരം എന്ന സേവാമൂര്‍ത്തിയെയാണ്. ''അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല'' എന്ന് ബോധ്യപ്പെടുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടും കൊടുംകുറ്റവാളികള്‍ക്കുള്ള ശിക്ഷയായ കുരിശുമരണത്തിന് അയാള്‍ അവനെ വിട്ടുകൊടുത്തതിന്റെ കാരണമതാണ്. നമ്മുടെ സമസ്ത ജീവിതമണ്ഡലങ്ങളെയും നിയന്ത്രിക്കുന്നത് ചാത്തന്മാര്‍ തന്നെയല്ലേ? പ്രത്തോറിയത്തിലും അഭ്രപാളിയിലും കണ്ട അതേ ചാത്തന്മാര്‍? കോട്ടും സ്യൂട്ടും കുര്‍ത്തയും മുണ്ടും അങ്കിയും തൊപ്പിയും അരപ്പട്ടയും ഒക്കെയായി വേഷഭൂഷാദികളില്‍ വൈവിധ്യമുണ്ടെങ്കിലും കര്‍മ്മത്തിലും ഫലത്തിലും ഐക്യവും ഐകരൂപ്യവുമുള്ള ചാത്തന്മാര്‍? ഉന്നതത്തില്‍ നിന്ന് നല്‍കപ്പെട്ടത് എന്ന അവബോധമില്ലാതെ ജനത്തെ സ്വതന്ത്രരാക്കാനും ക്രൂശിക്കാനും അധികാരമുണ്ടെന്ന മിഥ്യാധാരണയില്‍ അഭിരമിക്കുന്ന അഭിനവചാത്തന്മാരാണ് അധികാരമണ്ഡലങ്ങളെ അശുദ്ധമാക്കുന്നത്. അവര്‍ വംശഹത്യകള്‍ക്ക് കളമൊരുക്കി മൂകസാക്ഷിയായ് നില്‍ക്കും. വോട്ടിനുവേണ്ടി വെറുപ്പിന്റെ വിഷം വമിപ്പിക്കും. ദുഷ്ടബുദ്ധിയോടെ ജനത്തെ കൊള്ളയടിച്ച് കോര്‍പറേറ്റ് സുഹൃത്തുക്കളുടെ ദുര്‍മ്മേദസ്സ് വര്‍ധിപ്പിക്കും. ജീവസന്ധാരണത്തിന് ജനം ക്ലേശിക്കുമ്പോള്‍ കൊട്ടാരത്തിലെ കാലിത്തൊഴുത്ത് മോടി പിടിപ്പിക്കും. ജനത്തെ ബന്ദികളാക്കി നിരത്തിലൂടെ ചീറിപ്പായും. 'എന്റെ പിതാവിന്റെ ആലയം' എന്ന് അവന്‍ വിശേഷിപ്പിച്ച ദൈവാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഒത്താശ ചെയ്യും. കലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിമരുന്നിട്ട ശേഷം അള്‍ത്താരകളില്‍ നിന്ന് ഐക്യത്തെയും അനുസരണത്തെയും കുറിച്ച് വാചാലരാകും. ഹൃദയങ്ങളില്‍ പള്ളി പണിയേണ്ടതിന് മാതൃകയും പ്രചോദനവുമാകേണ്ടതിന് പകരം പള്ളിയെ ലോകത്തിന്റെ ന്യായാസനങ്ങള്‍ക്ക് തീറെഴുതും. അനന്തനും അദൃശ്യനും അരൂപിയുമായ ദൈവത്തിന്റെ സാന്നിധ്യം സമയകാലങ്ങളുടെ ചെറുഖണ്ഡത്തില്‍ അനുഭവിപ്പിക്കുക എന്നതാണ് എല്ലാ അധികാരികളുടെയും അടിസ്ഥാനധര്‍മ്മം. അതിനാണ് ജനത്താലും ആത്മാവിനാലും അവര്‍ സിംഹാസനങ്ങളില്‍ അവരോധിതരാകുന്നത്. എന്നാല്‍, വാക്കുകളും കര്‍മ്മങ്ങളും മൗനങ്ങളും വഴി ദൈവത്തിന്റെ പലായനം ഉറപ്പു വരുത്തുന്നവരായിരിക്കുന്നു നമ്മുടെ മിക്കവാറും അധികാരികള്‍. ദൈവത്തിന്റെയും മനുഷ്യരുടെയും പേരില്‍ ആരൂഢരാവുകയും ദൈവത്തിന്റെയും മനുഷ്യരുടെയും അസാന്നിധ്യം അനുഭവിപ്പിക്കാന്‍ കഠിനമായി യത്‌നിക്കുകയും ചെയ്യുന്ന അധികാരികളാണ് നമ്മുടെ കാലത്തെ കലികാലവും ഭ്രമയുഗവുമൊക്കെ ആക്കിത്തീര്‍ക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org