വചനമനസ്‌കാരം: No.121

വചനമനസ്‌കാരം: No.121

ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.

1 രാജാക്കന്‍മാര്‍ 3:9

  • എന്തൊരു ജലദോഷം!

  • മൂക്കടഞ്ഞസ്വസ്ഥനാ-

  • യിന്ത്യയെപ്പോലെ ഞാനും

  • ശ്വസിപ്പൂ വായില്‍ക്കൂടി !!

  • - യൂസഫലി കേച്ചേരി

രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോള്‍ മനസ്‌കരിക്കാന്‍ ഇതിലും അര്‍ത്ഥപൂര്‍ണ്ണവും (ഹൃദയഭേദകവുമായ) ദൈവവചനവും കവിവാക്യവുമില്ല. പൂജാഗിരിയില്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷനായ കര്‍ത്താവ് സോളമന്റെ മുന്നില്‍ വച്ചത് സ്വപ്‌നതുല്യമായ 'ഓഫര്‍' ആയിരുന്നു. 'നിനക്ക് എന്തു വേണമെന്ന് പറഞ്ഞുകൊള്ളുക' എന്ന വിലോഭനീയമായ ആ വാഗ്ദാനത്തിലെ അനന്തസാധ്യതകള്‍ കൗശലപൂര്‍വം അയാള്‍ക്ക് ഉപയോഗപ്പെടുത്താമായിരുന്നു. എന്നാല്‍, നന്മതിന്മകള്‍ വിവേചിച്ചറിയാനുള്ള വിവേകം മാത്രം ചോദിച്ച് അയാള്‍ കര്‍ത്താവിനെപ്പോലും വിസ്മയിപ്പിച്ചു. ദീര്‍ഘായുസ്സും സമ്പത്തും ശത്രുസംഹാ രവും ആവശ്യപ്പെടാത്ത ഒരു രാജാവ് രാജപരമ്പരകള്‍ക്കു തന്നെ അപമാനമല്ലേ? പാരമ്പര്യങ്ങളിലാണല്ലോ സര്‍വരക്ഷയും (സര്‍വനാശവും) കുടികൊള്ളുന്നത്! എന്നാല്‍, കര്‍ത്താവിന് അയാളെ മനസിലായി! അതിനാല്‍ അയാള്‍ ചോദിച്ചതിനൊപ്പം ചോദിക്കാത്ത സര്‍വകൃപകളും സമ്മാനമായി നല്‍കി. നമ്മുടെ ഭരണാധികാരികള്‍ സോളമന്‍ കാണിച്ചതുപോലുള്ള 'മണ്ടത്തരം' കാണിക്കാത്തതു കൊണ്ടാണ് നമ്മുടെ രാജ്യം ഇന്ന് ഈ ദുരവസ്ഥയിലെത്തിയത്. വെറുപ്പ് നല്‍കുന്ന വിളവിന്റെ സമൃദ്ധിയില്‍ അതിശയിച്ചും ആനന്ദിച്ചുമാണ് അവര്‍ വീണ്ടും വീണ്ടും അത് വിതയ്ക്കുന്നത്. അവര്‍ക്കുവേണ്ടത് ഇന്ത്യാക്കാരന്‍ എന്നോ ഭാരതീയന്‍ എന്നോ ഒറ്റ വാക്കില്‍ അടയാളപ്പെടുത്താവുന്ന പൗരന്‍ എന്ന ലളിതസുന്ദരമായ യാഥാര്‍ത്ഥ്യത്തെയല്ല; പിന്നെയോ, പരസ്പരം വെറുക്കുകയും വെറുപ്പിക്കുകയും പോരടിക്കുകയും ചെയ്യുന്ന ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസ്‌ലീമിനെയും ഗോത്രവിഭാഗങ്ങളെയുമൊക്കെയാണ്.

'WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens: JUSTICE, LIBERTY, EQUALITY, FRATERNITY' എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആമുഖവാക്യം. ഈ രാഷ്ട്രത്തിന്റെ ആര്‍ദ്രഹൃദയത്തിലേക്ക് പ്രാണവായു എത്തിച്ചിരുന്ന നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റേതുമായ എല്ലാ നാസികകളും പരിപൂര്‍ണ്ണമായി അടഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് 'I Can't Breathe' എന്ന് ഈ രാജ്യം ഇന്ന് കേഴുന്നത്. അതിനാലാണ് മഹത്തായ ഈ സംസ്‌കൃതിയുടെ ഹൃദയവും ആത്മാവുമായ ഭരണഘടനയില്‍ നിന്ന് നിലയ്ക്കാതെ നിലവിളികള്‍ ഉയരുന്നത്. അഭിനവചാണക്യരുടെ രൗദ്രോന്മാദങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കുമിടയില്‍ ആ നിലവിളികള്‍ കേള്‍ക്കപ്പെടുന്നില്ല. ജനാധിപത്യം ശ്രീകോവിലാണെന്നും നമ്മുടേത് 'മനഃസാക്ഷിയുടെ രാജാധികാരം' ആണെന്നുമാണ് തിരത്തെടുപ്പു കാലത്ത് അനൗ ണ്‍സ്‌മെന്റ് വാഹനങ്ങളില്‍ നിന്ന് പണ്ടു കേട്ടിരുന്നത്. അത് കപടവും കള്ളവുമാണെന്ന് കാലാന്തരത്തില്‍ നമുക്ക് ബോധ്യമായി. എങ്കിലും, നാം നമ്മുടെ ഭരണാധികാരികളെപ്പോലെ വിവേകശൂന്യരല്ലാത്തതിനാലും വിനാശത്തിന്റെ പാതാളഗര്‍ത്തത്തിലേക്ക് നമ്മുടെ മാതൃരാജ്യത്തെ കൈവിട്ടുകളയാന്‍ നാം തയ്യാറല്ലാത്തതിനാലും നമ്മുടെ വിരല്‍ത്തുമ്പാകുന്ന വജ്രായുധം നാം വിവേകത്തോടെ ഉപയോഗിക്കുക തന്നെ വേണം. സമ്മതിദാനാവകാശത്തിന്റെ ഈ ഉപരിമൂല്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് തീര്‍ത്ഥയാത്രകള്‍ മാറ്റിവച്ചും വോട്ട് ചെയ്യാന്‍ വിവേകശാലികളായ ചില മെത്രാന്‍മാര്‍ ആവശ്യപ്പെട്ടത്. വെറുപ്പിന്റെയും വിഭാഗീയതയുടെയും വിഷം തീണ്ടി മൃതപ്രായമായ രാഷ്ട്രശരീരത്തിലേക്ക് പ്രാണവായു പ്രവഹിക്കാന്‍ നമ്മുടെ വിരല്‍ത്തുമ്പുകള്‍ നിമിത്തമാകട്ടെ. വോട്ടവകാശം പവിത്രവും അമൂല്യവുമാണ്; പാഴാക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org