വചനമനസ്‌കാരം: No.120

വചനമനസ്‌കാരം: No.120

കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ അറിഞ്ഞതു പോലെ അവരും അങ്ങയെ അറിയുകയും അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നു മനസ്സിലാക്കുകയും ചെയ്യട്ടെ.

പ്രഭാഷകന്‍ 36:5

'പന്ത്രണ്ടു വര്‍ഷത്തെ വിശ്വാസപരിശീലനത്തിലൂടെ നമ്മുടെ ക്രൈസ്തവകുട്ടികള്‍ ആര്‍ജിച്ചെടുക്കുന്നത് എന്താണ് ? മാമ്മോദീസായിലൂടെ നാം ഓരോരുത്തരും ദൈവമക്കളായിത്തീരുന്നു. ദൈവത്തിന്റെ പരിശുദ്ധിയിലാണ് അതുവഴി നാം പങ്കുകാരാകുന്നത്. ആ ബോധ്യമുള്ളവര്‍ വിശ്വാസം ഉപേക്ഷിച്ച് അപകടകരമായ പ്രണയബന്ധങ്ങളില്‍ ചെന്നുചാടില്ല. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പരിചയപ്പെടുന്ന വ്യക്തികളുമായി ഇന്ന് പല കുട്ടികളും പ്രണയത്തിലാകുകയും സ്വന്തം മാതാപിതാക്കളെയും വിശ്വാസപാരമ്പര്യങ്ങളെയുമെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോകുകയും ചെയ്യുന്നു. ഇങ്ങനെ ഇറങ്ങിപ്പോകുന്നവര്‍ തങ്ങളെ അത്രയും നാള്‍ പോറ്റി വളര്‍ത്തിയ മാതാപിതാക്കളെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ ? അവരനുഭവിച്ച സങ്കടങ്ങളെയും സഹനങ്ങളെയും കുറിച്ച് ഒരു നിമിഷം ഓര്‍ത്തിട്ടുണ്ടോ ? ഇല്ലായിരിക്കും. ഓര്‍ത്തിരുന്നെങ്കില്‍ അവര്‍ അങ്ങനെ ചെയ്യുമായിരുന്നില്ലല്ലോ. ഇങ്ങനെ പോകുന്നവരില്‍ 99 ശതമാനം പേരും ചതിക്കുഴിയിലും അപകടങ്ങളിലും ചെന്നു ചാടുന്നു. പഠിക്കേണ്ട കാലത്ത് തോന്നിയതുപോലുള്ള ജീവിതം നയിച്ചാല്‍ പിന്നീട് ഭാവി ഇരുളടഞ്ഞതാകും. തല്‍ക്കാലത്തെ സ്‌നേഹവും വിശ്വാസവും കണ്ട് ജീവിതം സ്വര്‍ഗതുല്യമാകും എന്ന് കരുതി പോയാല്‍ നാശത്തിലേക്ക് കൂപ്പുകുത്തുകയായിരിക്കും ഫലം. ആരുടെയും ഒരു പ്രലോഭനങ്ങളിലും വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അവനവന്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും വേണ്ട ജീവിതപങ്കാളിയെ ദൈവം കണ്ടുവച്ചിട്ടുണ്ട്. അതു മനസ്സിലാക്കിയാല്‍ തെറ്റായ ബന്ധത്തിലേക്ക് നാം പോകില്ല; പിന്നെയോ വിശ്വാസം കാത്തുസൂക്ഷിച്ച് ജീവിക്കാനും പഠിച്ച് ഉയരങ്ങളില്‍ എത്താനും നാം ശ്രദ്ധിക്കും.'

എറണാകുളം അങ്കമാലി അതിരൂപത വിശ്വാസപരിശീലനകേന്ദ്രം ജനുവരിയില്‍ നടത്തിയ പത്താം ക്ലാസ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തു. 'മാതാപിതാക്കളെ വേദനിപ്പിക്കുകയും വിശ്വാസം പോലും ഉപേക്ഷിക്കുകയും ചെയ്യുന്ന അപകടകരവും തെറ്റായതുമായ പ്രണയബന്ധങ്ങളിലേക്ക് നമ്മുടെ ചില യുവതീയുവാക്കള്‍ എത്തിപ്പെടാറുണ്ട്. ഈ സാഹചര്യത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കാനാകും?' എന്ന പൊതുചോദ്യത്തിന് ഒരു കുട്ടി എഴുതിയ ഉത്തരത്തിലെ ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. വാക്കുകളില്‍ തുടിക്കുന്ന സ്ഫടികസമാനമായ കൃത്യതയും കൃപയും അത്ഭുതപ്പെടുത്തി. കുരുന്നിലേ കരുത്തുറ്റ ബോധ്യങ്ങള്‍ കനിഞ്ഞു നല്‍കിയ സര്‍വേശ്വരന്റെ കൃപാവിലാസത്തെ മനസാ സ്തുതിച്ചു.

ദൈവം ആത്മാവില്‍ കുറിച്ചിട്ട വിശ്വാസത്തിന്റെ ഒരു അക്ഷരമാലയുണ്ട്. അത് സ്ഫുടം ചെയ്‌തെടുക്കുക എന്നതാണ് വിശ്വാസപരിശീലനത്തിന്റെ ആത്യന്തികലക്ഷ്യം. അതാകട്ടെ 'അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും' മാത്രം ജോലിയല്ല; മാതാപിതാക്കളും വിശ്വാസപരിശീലകരും മുതിര്‍ന്നവരും കുട്ടികളുമെല്ലാം ചേര്‍ന്നൊരുക്കുന്ന സംഘാതവും സര്‍ഗാത്മകവുമായ ഒരു ആത്മീയകലയാണ്. ഒരര്‍ത്ഥത്തില്‍ ഓരോ ക്രിസ്തുശിഷ്യരുടേതും 'ആടുജീവിതം' തന്നെയാണ്. 'നല്ല ഇടയന്റെ' ആടായിരിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവരെ ആ മഹാഇടയന്റെ സവിധത്തിലേക്ക് ആനയിക്കാനുള്ള സവിശേഷമായ ദൗത്യമാണല്ലോ നമുക്കുള്ളത്. കര്‍ത്താവിനെ അറിഞ്ഞവര്‍ക്കൊക്കെ അവിടുത്തെ അറിയിക്കാനുള്ള കടമയുണ്ട്. കര്‍ത്താവിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ക്കൊക്കെ മറ്റുള്ളവരെയും അതിന് പ്രാപ്തരാക്കാന്‍ പരിശീലിപ്പിക്കാനുള്ള ബാധ്യതയുണ്ട്. മാതൃകാപരമായ വിശ്വാസജീവിതത്തിന്റെ മാധുര്യം വഴി മാത്രമേ ഈ അധ്യയനവും ദൗത്യവും സാക്ഷാത്കൃതമാവുകയുള്ളൂ. 'ആത്മരക്ഷാജോലി' സവിശേഷമായി ഏറ്റെടുത്തിരിക്കുന്നവര്‍ നല്‍കുന്ന ദുര്‍മാതൃക ഈ വിശ്വാസവിനിമയത്തിലെ ഗുരുതരമായ 'പ്രസരണനഷ്ടം' തന്നെയാണ്. വിശ്വാസസംഹിത അന്യൂനമായിരിക്കെ (തീത്തോസ് 1:9) അതിന്റെ ബോധനരീതികളും അന്യൂനമായിരിക്കണം എന്നതില്‍ തര്‍ക്കമില്ല. 'ബോധവല്‍ക്കരണങ്ങള്‍' കൃപയുള്ളതും ബോധ്യം ജനിപ്പിക്കുന്നതും വിദ്വേഷരഹിതവുമാണെന്ന് ഉറപ്പാക്കേണ്ടത് ബോധകരുടെ അടിസ്ഥാനമര്യാദയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org