വചനമനസ്‌കാരം: No.119

വചനമനസ്‌കാരം: No.119

ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്?

1 കോറിന്തോസ് 1:13

'ഉയിര്‍പ്പിന് ശേഷമുള്ള ഞായറാഴ്ച നൂറ്റാണ്ടുകളായി നമുക്ക് പുതുഞായര്‍ ആണല്ലോ. സീറോ മലബാര്‍ ആരാധനക്രമ പഞ്ചാംഗത്തില്‍ സവിശേഷ പ്രാധാന്യത്തോടെ പുതുഞായര്‍ രേഖപ്പെടുത്തിയിട്ടുമുണ്ടല്ലോ. ഉയിര്‍പ്പിന് എട്ടു ദിവസങ്ങള്‍ക്കുശേഷം ഈശോമിശിഹാ, കര്‍ത്താവും ദൈവവുമായി, നമ്മുടെ പിതാവായ മാര്‍ത്തോമ്മ ശ്ലീഹായാല്‍ ഏറ്റുപറയപ്പെട്ടു എന്ന വിശ്വാസരഹസ്യത്തിന്റെ ആഘോഷത്തെ നിഷ്പ്രഭമാക്കുന്ന ആചരണങ്ങള്‍ നമുക്ക് സ്വീകാര്യമല്ല. ഉയിര്‍പ്പ് രണ്ടാം ഞായര്‍ ദൈവകരുണയുടെ ഞായറായി ഈ അടുത്തകാലത്ത് ലത്തീന്‍ സഭയുടെ ആരാധനക്രമ പഞ്ചാംഗത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയുടെ കൂട്ടായ്മകളിലുള്ള മറ്റു സഭകളുടെ ആചരണങ്ങളെ നാം ആദരവോടെ കാണേണ്ടതാണ്. എന്നാല്‍, ആദിമസഭയുടെ പാരമ്പര്യത്തോട് ചേര്‍ന്നുള്ളതും നമ്മുടെ നാട്ടിലെ അകത്തോലിക്കാ സഭകള്‍ കൂടിയും പ്രാധാന്യത്തോടെ കാണുന്നതുമായ പുതുഞായര്‍ ആചരണത്തിന്റെ പ്രസക്തി കുറയുന്നതിന് അത് ഇടയാക്കരുതല്ലോ. പുതുഞായറാചരണം ഉചിതമായി ക്രമീകരിക്കുന്നതിന് നമുക്കാവട്ടെ.'

സീറോ മലബാര്‍ സഭയിലെ ഒരു രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ്, പേര് വച്ച് പുറത്തിറക്കിയതാണ് ഈ അറിയിപ്പ്. പുതുഞായര്‍ ആഘോഷിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, പാരമ്പര്യത്തിന്റെയും തനിമയുടെയും പേരില്‍ വിശ്വാസികളില്‍ ചിന്താക്കുഴപ്പം (confusion) ഉണ്ടാക്കുന്നതും 'തിരുനാളുകളുടെ തിരുനാള്‍' എന്നറിയപ്പെടുന്ന ദൈവകരുണയുടെ തിരുനാള്‍ 'കത്തോലിക്കാസഭയുടെ കൂട്ടായ്മകളിലുള്ള മറ്റൊരു സഭയുടെ' ആചരണം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുന്നതും അംഗീകരിക്കാനാവില്ല. സത്യത്തില്‍ 'പുതുഞായര്‍' തന്നെ ദൈവകരുണയുടെ ആവിഷ്‌ക്കരണവും സമ്മാനവുമാണ്. അവിശ്വാസിയുടെ സ്‌നേഹശാഠ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ വീണ്ടും വരാനും കൈകളും പാര്‍ശ്വവും കാണിച്ച് വിശ്വാസത്തിന്റെ സൗഭാഗ്യങ്ങളിലേക്ക് അവനെ വീണ്ടെടുക്കാനും മനസ്സായ ദൈവകരുണയാണല്ലോ പുതുഞായറിന് നിമിത്തമായത്. പുതുഞായറിന്റെ ദൃഷ്ടികേന്ദ്രം (focus) ഈശോമിശിഹായെ കര്‍ത്താവും ദൈവവുമായി ഏറ്റുപറഞ്ഞ നമ്മുടെ പിതാവായ മാര്‍ത്തോമ്മ ശ്ലീഹാ അല്ല; പിന്നെയോ അദ്ദേഹത്തിന് അപ്രകാരം ഏറ്റുപറയാന്‍ അവസരവും കൃപയും നല്കിയ നമ്മുടെ കര്‍ത്താവായ ഈശോമിശിഹായും അവിടുത്തെ സീമാതീതമായ കരുണയുമാണ്. 'വിശ്വാസരഹസ്യത്തിന്റെ ആഘോഷം' എന്നാണ് പുതുഞായറിനെ അറിയിപ്പ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ദൈവകരുണ എന്ന ദിവ്യരഹസ്യം അതിലുമെത്രയോ ആഴമുള്ള വിശ്വാസരഹസ്യമാണ്. 'രക്ഷ പ്രാപിക്കാനുള്ള അവസാനപ്രതീക്ഷയായി ദൈവകരുണയുടെ തിരുനാള്‍ ഞാന്‍ അവര്‍ക്കു നല്‍കുന്നു' എന്നും 'നീതിമാനായ ന്യായാധിപനായി ഞാന്‍ വരും മുന്‍പ് കരുണയുടെ രാജാവായി വരുന്നു' എന്നുമാണ് യേശു വിശുദ്ധ ഫൗസ്റ്റീനയോട് പറയുന്നത്. ദൈവകരുണയുടെ ആഘോഷം പുതുഞായറിനെ നിഷ്പ്രഭമാക്കുകയല്ല; കൂടുതല്‍ ദീപ്തവും അര്‍ത്ഥപൂര്‍ണ്ണവുമാക്കുകയാണ് എന്നതാണ് പരമാര്‍ത്ഥം. ക്രൂരമായ നിയമങ്ങള്‍ക്കും നിരര്‍ത്ഥകമായ പാരമ്പര്യങ്ങള്‍ക്കും മുകളില്‍ ഉപാധികളും അതിരുകളുമില്ലാത്ത ദൈവകരുണയെ പ്രതിഷ്ഠിച്ചതിന് യേശുക്രിസ്തു കൊടുത്ത വിലയാണ് കുരിശുമരണം. നമുക്കുവേണ്ടി കുരിശില്‍ മരിച്ചത് കേപ്പയോ പൗലോസോ അപ്പോളോസോ തോമായോ അല്ലാത്തതിനാല്‍ നമ്മുടെ കര്‍ത്താവായ യേശുവിന്റെ പാരമ്പര്യമായ കരുണ തന്നെയാണ് നമ്മുടെയും പാരമ്പര്യം. ആ ദൈവകരുണയെ സര്‍വാത്മനാ സമാശ്ലേഷിക്കുമ്പോഴാണ് ഞായര്‍ മാത്രമല്ല ജീവിതമൊന്നാകെ പുതുതാകുന്നത്. വ്യര്‍ ത്ഥമായ പാരമ്പര്യങ്ങളല്ല, കരുണയിലും മനുഷ്യത്വത്തിലും ക്രൈസ്തവസാഹോദര്യത്തിലും അധിഷ്ഠിതമായ പാരസ്പര്യമാണ് നമ്മുടെ ജീവിതത്തെ ഫലദായകവും രക്ഷാകരവുമാക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org