വചനമനസ്‌കാരം: No.118

വചനമനസ്‌കാരം: No.118

കാരുണ്യം കാണിക്കാത്തവന്റെ മേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെ മേല്‍ വിജയം വരിക്കുന്നു.

യാക്കോബ് 2:13

'ഡോക്ടര്‍ വന്നപ്പോള്‍ ആലസ്യം ഗുരുതരമാണെന്നും പ്രഷര്‍ വളരെ താഴെയാണെന്നും അഭിപ്രായപ്പെട്ടു. കുറെക്കഴിഞ്ഞു ഞാന്‍ വീണ്ടും രോഗിയെ സന്ദര്‍ശിച്ചപ്പോള്‍ തിരുമേനി ശാന്തമായി കിടക്കുന്നതു കണ്ടു. ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ മൂന്നര വരെ മെത്രാപ്പോലീത്തയുടെ മുറിക്കടുത്തുള്ള കപ്പേളയില്‍ അരമനയിലെ അന്തേവാസികളും പെറ്റിസെമിനാരി വിദ്യാര്‍ത്ഥികളുമൊരുമിച്ച് തിരുമണിക്കൂര്‍ ആരാധന നടത്തി. 4 മണിക്കു ഡോക്ടര്‍ വീണ്ടും വന്നപ്പോള്‍ രോഗിയുടെ അന്ത്യനിമിഷങ്ങള്‍ അടുത്തുവരുന്നുവെന്നു വ്യക്തമാക്കുകയും തിരുമേനി നേരത്തെതന്നെ ആവശ്യപ്പെട്ടതും ഈ സമയം ഏവരും അഭിപ്രായപ്പെട്ടതുമനുസരിച്ച് ഞാന്‍ തിരുപ്പാഥേയം, രോഗിലേപനം തുടങ്ങിയവ നല്കുകയും ചെയ്തു. കൃത്യം അഞ്ചുമണിക്ക്, എറണാകുളം അതിരൂപതയുടേയും കേരളസഭയുടേയും അഭ്യുന്നതിക്കായി 10 വര്‍ഷം വൈദികനെന്ന നിലയിലും 12 വര്‍ഷം മെത്രാനെന്ന നിലയിലും 33 വര്‍ഷം മെത്രാപ്പോലീത്ത എന്ന നിലയിലും സ്വബുദ്ധിയും ശക്തിയും വിനിയോഗിച്ച ആ കര്‍മ്മയോഗി ലോകത്തോട് അന്ത്യയാത്ര പറഞ്ഞു പിരിഞ്ഞു. ആജീവനാന്തം ഈശോയുടെ തിരുഹൃദയത്തിന്റെ ഉപാസകനായിരുന്ന പരേതന്‍ മരണയാതനയില്‍ ശയ്യയില്‍നിന്നു പെട്ടെന്നു പിടഞ്ഞെഴുന്നേറ്റ ശേഷം വീണ്ടും സ്വസ്ഥാനം പ്രാപിച്ചപ്പോള്‍, സുശ്രവമായ സ്വരത്തില്‍ ഉരുവിട്ട ഉത്തേജകവും അവിസ്മരണീയവുമായ അന്തിമവാക്കുകള്‍ ഇവയാണ്: 'Sacred Heart of Jesus! I trust in you - ഈശോയുടെ തിരുഹൃദയമേ, ഞാന്‍ അങ്ങില്‍ ശരണം വയ്ക്കുന്നു.'

തന്റെ മുന്‍ഗാമിയും മാര്‍ഗദര്‍ശിയുമായ കണ്ടത്തില്‍ മാര്‍ ആഗസ്തീനോസ് മെത്രാപ്പോലീത്തയുടെ അന്ത്യനിമിഷങ്ങള്‍ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ ആത്മകഥയില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. 1956 ജനുവരി 10-ാം തീയതി ചൊവ്വാഴ്ച സായാഹ്നത്തിലെ ആ മുഹൂര്‍ത്തത്തെ അമൂല്യമാക്കിയത് 'ഭാഗ്യമരണാര്‍ഹനായ' ആ വന്ദ്യപിതാവ് സുവ്യക്തമായി ഉരുവിട്ട അന്തിമവചസുകളാണ്. എങ്ങനെ മരിക്കുന്നു എന്നതല്ല; എപ്രകാരമുള്ള ആത്മസ്ഥിതിയിലും ഹൃദയനിലയിലും മരിക്കുന്നു എന്നതാണ് മരണം 'ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും' ഉള്ളതാണോ എന്ന് വെളിപ്പെടുത്തുന്നത്. അനുദിനജീവിതത്തില്‍ ആ ശരണമന്ത്രം ഉരുവിടുന്നവര്‍ക്കു മാത്രമേ അന്ത്യവിനാഴികയിലും അത് മരണമന്ത്രമായി ഉരുവിടാന്‍ കഴിയുകയുള്ളൂ. യേശു എന്നാല്‍ യേശുവിന്റെ ഹൃദയമാണ്. അവിടുത്തെപ്പോലെ പേരും ഹൃദയവും സമാനാര്‍ത്ഥപദമായി (synonym) പറയാന്‍ കഴിയുന്ന മറ്റൊരു വ്യക്തി മാനവചരിത്രത്തിലില്ല. ആ പേരിലെ ഹൃദയത്തിലും ഹൃദയത്തിലെ പേരിലുമാണ് മനുഷ്യവംശത്തിന്റെ രക്ഷാകരമായ കൃപാസമുദ്രങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നത്. ഒടുവില്‍, ക്ലേശകരവും ആനന്ദഭരിതവുമായ ഈ യാത്രയ്‌ക്കൊടുവില്‍, നാമെന്ന നീഹാരബിന്ദു ഒഴുകിയണയുന്നതും ആ തിരുഹൃദയത്തിലെ കൃപാസാഗരത്തിലാണ്. അതിനാലാണ് തന്റെ കരുണയുടെ ഛായാചിത്രത്തെ സവിശേഷമായി വണങ്ങാനും തന്റെ 'കൈയൊപ്പ്' എന്ന് അവിടുന്ന് വിശേഷിപ്പിച്ച 'Jesus I Trust in You' എന്ന സ്‌നേഹമന്ത്രം ഹൃദയപൂര്‍വം ആവര്‍ത്തിക്കാനും യേശു വിശുദ്ധ സിസ്റ്റര്‍ ഫൗസ്റ്റീനയിലൂടെ ആവശ്യപ്പെടുന്നത്. നാം അനുഭവിക്കുകയും പ്രഘോഷിക്കുകയും പകരുകയും ചെയ്യുന്ന ദൈവകരുണയിലാണ് നമ്മുടെ വിധി ലീനമായിരിക്കുന്നത്. കാരുണ്യം കാണിക്കാത്തവരുടെ മേല്‍ ഉണ്ടാകുന്ന കാരുണ്യരഹിതമായ വിധി നമുക്കുണ്ടാകാതിരിക്കട്ടെ. വിധിയുടെമേല്‍ വിജയം വരിച്ച അനന്തകാരുണ്യം ഒടുവില്‍ നമ്മെയും വിജയിപ്പിക്കട്ടെ.

ദൈവകരുണയുടെ തിരുനാള്‍ മംഗളങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org