വചനമനസ്‌കാരം: No.117

വചനമനസ്‌കാരം: No.117

നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും.

ആമോസ് 5:24

'സത്യം, നീതി ഇവ ദൈവത്തില്‍ അധിഷ്ഠിതങ്ങളും സനാതനമൂല്യം ഉള്‍ക്കൊള്ളുന്നവയുമാണ്. അവയ്ക്കു ഭംഗം വന്നാല്‍ അതു തല്‍ക്കാലത്തേക്കു മാത്രമായിരിക്കും. കാലത്തിന്റെ തികവില്‍ അവ പുനഃപ്രകാശിക്കയും ദൈവനിശ്ചിതമായ വിധം പൂര്‍വ സ്ഥിതി പ്രാപിക്കയും ചെയ്യും. ഇതെന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്. അതു പരോക്ഷമായിട്ടെങ്കിലും വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യവും 'ഞാന്‍ എന്റെ ദൃഷ്ടിയില്‍' എന്ന ആത്മകഥാകഥനത്തിന് ഇല്ലാതില്ല.'

ഭാഗ്യസ്മരണാര്‍ഹനായ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍, ആത്മകഥയില്‍ തന്റെ ആദ്യകാലചരിത്രം രേഖപ്പെടുത്തുന്ന ഭാഗം അവസാനിപ്പിക്കുന്നത് ഈ വാക്കുകളോടെയാണ് (ഭാഗം ഒന്ന്, പുറം 367). കഴിഞ്ഞ ദിവസം ഒരു പുസ്തകപ്രകാശന-യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ പരമമായ ഈ സത്യം വീണ്ടും ഓര്‍മ്മയിലെത്തി. കഥചമയ്ക്കുക എന്നതിന് കള്ളം പറയുക എന്നും കഥകഴിക്കുക എന്നതിന് കൊല്ലുക എന്നും കഥകഴിയുക, കഥതീരുക എന്നതിന് അവസാനിക്കുക; മരിക്കുക എന്നും കഥയില്ലാത്ത എന്നതിന് അന്തസ്സാരമില്ലാത്ത എന്നും അര്‍ത്ഥമുണ്ട്. കഥാവശേഷന്‍ എന്നതിന് മരിച്ചവന്‍ എന്നാണര്‍ത്ഥം. എന്നാല്‍, കഥകളൊന്നും കഴിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം. കഥാകാരന്മാരും കഥാകാരികളും അവസാനിക്കും. എന്നാല്‍, അവര്‍ പറഞ്ഞ സത്യത്തിന്റെയും നീതിയുടെയും സ്‌നേഹത്തിന്റെയും കഥകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. പറഞ്ഞ നേരിന്റെയും നെറിവിന്റെയും കഥകള്‍ തനിക്കുശേഷവും തുടരുമെന്ന് ഉറപ്പാക്കിയ ഒരു വൈദികന്റേതായിരുന്നു യാത്രയയപ്പ് സമ്മേളനം. വൈദികന്‍ എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമാകില്ല; വൈദികരിലെ ദാര്‍ശനികന്‍-ദാര്‍ശനികരിലെ വൈദികന്‍. സത്യകഥകളും നീതികഥകളും പറയുന്നവര്‍ ധാരാളമുണ്ടാകാം. എന്നാല്‍ അദ്ദേഹം പറഞ്ഞതുപോലെ അത് പറയുന്നവര്‍ അധികമില്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വവും അനുപമതയും. കഥാവശേഷം എന്നാണ് പുസ്തകത്തിന് അദ്ദേഹം പേരിട്ടത്. എന്താണ് അവശേഷിക്കുന്നത്? അത് സത്യവും നീതിയും സ്‌നേഹവുമാണ്. 'കൊടുങ്കാറ്റിനും ഭൂകമ്പത്തിനും അഗ്‌നിക്കും' ഒടുവില്‍ കേള്‍ക്കുന്ന മൃദുസ്വരം സത്യത്തിന്റെയും നീതിയുടേതുമാണ്; സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേതുമാണ്. ആ സ്വരം അവശേഷിപ്പിച്ചാണ് അദ്ദേഹം വിരമിക്കുന്നത്.

ഏകാകി എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍, ശരിയായ പദം അനുരാഗി എന്നതായിരിക്കും. സത്യത്തോടും നീതിയോടുമുള്ള അടങ്ങാത്ത അനുരാഗം. ധിഷണയുടെ വിരുന്നുശാലയായ ചിന്തയോടുള്ള ഒടുങ്ങാത്ത അഭിനിവേശം. അതായിരുന്നു അദ്ദേഹത്തിന്റെ സ്ഥായീഭാവം. അതുണ്ടാവുക എന്നത് കൃപയും ഭാഗ്യവുമാണ്. അതുകൊണ്ടാണ് നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെ ഭാഗ്യവാന്‍മാര്‍ എന്ന് യേശു വിളിച്ചത്. ശമിച്ചാലുമില്ലെങ്കിലും സത്യത്തിനും നീതിക്കുംവേണ്ടി വിശക്കാനും ദാഹിക്കാനും കഴിയുന്നത് ഭാഗ്യമാണ്. യേശുവിനോട് അനുരാഗമുണ്ടെന്ന് പറയുകയും സത്യത്തോടും നീതിയോടും അനുരാഗമില്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് യേശുവിനോടും അനുരാഗമില്ലെന്നതാണ് പരമാര്‍ത്ഥം. സ്വപ്‌നം വ്യാഖ്യാനിച്ച് അധികാരിക്ക് പ്രിയങ്കരനും അധികാരി തന്നെയും ആകുന്നതിന് വേദപുസ്തകത്തിലും ഉദാഹരണമുണ്ട്. എന്നാല്‍, സത്യം വ്യാഖ്യാനിച്ച് ശരവ്യനായ പ്രവാചകനാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ആ ശരപഞ്ജരമാണ് ഒരായുസു കൊണ്ട് അദ്ദേഹം ആര്‍ജിച്ചെടുത്ത 'തൊപ്പിയും അരപ്പട്ടയും'. വിദ്യാവൃദ്ധന്‍ എന്നോ ജ്ഞാനവൃദ്ധന്‍ എന്നോ അദ്ദേഹത്തെ വിളിക്കാനുള്ള പ്രേരണയെ തടയുന്നത് ആ പ്രസരിപ്പാണ്. അപ്പോഴാണ് മറ്റൊരു പദം ഉള്ളില്‍ ആര്‍ത്തിരമ്പിയത് - വാഗ്‌യതി! അതെ; തേലക്കാട്ടച്ചന്‍ എന്ന വാഗ്‌യതിക്ക് നലം തികഞ്ഞ നമസ്‌കാരം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org