വചനമനസ്‌കാരം: No.115

വചനമനസ്‌കാരം: No.115
Published on

അനന്തരം, ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ പ്രത്തോറിയത്തിലേക്കു കൊണ്ടു പോയി, സൈന്യവിഭാഗത്തെ മുഴുവന്‍ അവനെതിരേ അണിനിരത്തി, അവര്‍ അവന്റെ വസ്ത്രം ഉരിഞ്ഞു മാറ്റി ഒരുചെമന്ന പുറങ്കുപ്പായം അണിയിച്ചു.

മത്തായി 27:27, 28

പ്രിയപ്പെട്ട സിദ്ധാര്‍ത്ഥന്‍,

ഈ കത്ത് നിനക്ക് വായിക്കാന്‍ കഴിയില്ലെന്നറിയാം. എങ്കിലും എഴുതാതിരിക്കാനാകില്ല. ആമുഖമായി പറയട്ടെ, നിന്റെ പേര് വല്ലാതെ ഇഷ്ടപ്പെട്ടു. ബുദ്ധനാകാന്‍ നീ ആഗ്രഹിച്ചിരുന്നോ എന്നറിയില്ല. എന്നാല്‍, എല്ലാ സിദ്ധാര്‍ത്ഥരും ഒരര്‍ത്ഥത്തില്‍ ബുദ്ധനെ ഓര്‍മ്മിപ്പിക്കുകയും ദ്യോതിപ്പിക്കുകയും ചെയ്യുന്നുണ്ട്. അല്ല; ഒന്നോര്‍ത്താല്‍ നീ ഇപ്പോള്‍ ബുദ്ധനായല്ലോ! ഞങ്ങള്‍ക്ക് അദൃശ്യവും അജ്ഞാതവുമായ ഏതോ വിഹാരത്തിലിരുന്ന് ഋഷിതുല്യമായ നിസംഗതയോടെ സൂക്തങ്ങള്‍ ഉരുവിടുന്ന ബുദ്ധന്‍.

ഈ പ്രപഞ്ചത്തിലെ ഏറ്റവും ക്രൗര്യമുള്ള ജീവി മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ബുദ്ധന്‍. മൃഗങ്ങള്‍ക്ക് മൃഗത്വമെന്നതുപോലെ മനുഷ്യര്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്നതല്ല മനുഷ്യത്വമെന്നും അത് ആര്‍ജിച്ചെടുക്കേണ്ടതാണെന്നും അനുശാസിക്കുന്ന ബുദ്ധന്‍. ആള്‍ക്കൂട്ടത്തിനില്ലാത്തത് പേരും മുഖവും മാത്രമല്ല; മനസ്സും ഹൃദയവും കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്ന ബുദ്ധന്‍. വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം ബുദ്ധിവികാസവും സ്വഭാവരൂപവത്കരണവും വഴി മനുഷ്യത്വത്തിന്റെ സമഗ്രതയെ പ്രാപിക്കലല്ലെന്നും രക്തസാക്ഷികളെയും കൊലയാളികളെയും സൃഷ്ടിക്കലാണെന്നും ജീവന്‍ നല്‍കി അടയാളപ്പെടുത്തുന്ന ബുദ്ധന്‍. കലാലയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൊലാലയങ്ങളാകാമെന്ന് ദൈന്യതയോടെ ഓര്‍മ്മിപ്പിക്കുന്ന ബുദ്ധന്‍. മാനവികമൂല്യങ്ങള്‍ക്ക് തീയിട്ട് കറുത്ത വിപഌവം വിരചിക്കാനാണ് 'ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങള്‍' എന്ന വീരവാക്യത്തിലെ പന്തങ്ങള്‍ ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തു ന്ന ബുദ്ധന്‍. ഗോത്രകാലത്തിലേതുപോലെ പ്രാകൃതമായ പാരവശ്യങ്ങളാല്‍ നയിക്കപ്പെടുന്ന മനുഷ്യമൃഗങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് പഠിപ്പിക്കുന്ന ബുദ്ധന്‍. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന കറുത്ത ഫലിതത്താല്‍ നിങ്ങള്‍ ദൈവത്തെ അപമാനിക്കുകയാണെന്ന് പ്രബോധിപ്പിക്കുന്ന ബുദ്ധന്‍. പാര്‍ശ്വദൃഷ്ടികളായ 'സാംസ്‌കാരികനായകര്‍' പതിവുപോലെ മാളത്തില്‍ ഒളിച്ചെന്ന് പരിതപിക്കുന്ന ബുദ്ധന്‍.

പ്രത്തോറിയങ്ങള്‍ നിലയ്ക്കുന്നില്ലെന്നും ചരിത്രത്തിലുടനീളം പുതിയ ഇടങ്ങളിലും പേരുകളിലും ആവര്‍ത്തിക്കുകയാണെന്നും പഠിപ്പിക്കുന്ന അഭിനവമനുഷ്യപുത്രാ, നിന്റെ ആത്മാവിന് നേരുന്നത് ശാന്തിയല്ല; നിത്യമായ അശാന്തിയാണ്. നിന്റെ അശാന്തമായ ആത്മാവ് ഭീതിജനകമായി ഇവിടെ ചുറ്റിത്തിരിയട്ടെ. നിന്റെ വിലാപങ്ങള്‍ ഞങ്ങളില്‍ ഒടുങ്ങാതെ പ്രതിദ്ധ്വനിക്കട്ടെ. നിന്റെ വിശപ്പ് ഞങ്ങളുടെ ആര്‍ത്തികളെയും നിന്റെ ദാഹം ഞങ്ങളുടെ മോഹങ്ങളെയും നിന്റെ പാടുപീഡകള്‍ ഞങ്ങളുടെ സുഖാസക്തികളെയും കുറ്റവിചാരണ ചെയ്യട്ടെ. നിന്റെ കണ്ണുനീര്‍ത്തുള്ളികളുടെ പൊള്ളലേറ്റ് ഞങ്ങള്‍ ഞെട്ടിയുണരട്ടെ. നിന്റെ രോദനങ്ങള്‍ ഞങ്ങളുടെ ആഹ്ലാദങ്ങളെയും നിന്റെ നിസ്സഹായത ഞങ്ങളുടെ ബലങ്ങളെയും തച്ചുതകര്‍ക്കട്ടെ.

കാര്യം സാധിച്ചവന്‍, ജീവിതോദ്ദേശം സാധിച്ചു നിര്‍വാണമടഞ്ഞവന്‍ എന്നൊക്കെയാണ് സിദ്ധാര്‍ത്ഥന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. കാര്യമൊന്നും സാധിക്കാതെ, സ്വപ്‌നങ്ങളൊന്നും സഫലമാകാതെ അകാലത്തില്‍ തല്ലിക്കൊഴിക്കപ്പെട്ട അഭിനവബുദ്ധാ, മാപ്പ് ചോദിച്ച് നിന്റെ പീഡകളെ ലളിതവും മലിനവുമാക്കുന്നില്ല. അട്ടപ്പാടിയിലെ മധു അവസാനത്തേതായിരിക്കട്ടെ എന്ന പ്രാര്‍ത്ഥന നിഷ്ഫലമായതുപോലെ നീയും അവസാനത്തേതായിരിക്കില്ല എന്നറിയാവുന്നതിനാല്‍ അപ്രകാരം പ്രാര്‍ത്ഥിക്കുന്നില്ല. 'കണ്ണേ മടങ്ങുക' എന്നു മാത്രമാണ് കവി പാടിയത്. എന്നാല്‍, അഭിനവനിഷാദര്‍ നിന്നോടു കാട്ടിയ കിരാതത്വം ഓര്‍ക്കുമ്പോള്‍ കണ്ണ് മാത്രമല്ല; കാതും കരളും ഹൃദയവും പ്രജ്ഞയുമെല്ലാം മടങ്ങട്ടെ എന്ന് മാത്രമാണ് പ്രാര്‍ത്ഥിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org