വചനമനസ്‌കാരം: No.114

വചനമനസ്‌കാരം: No.114

നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക.

2 തിമോത്തേയോസ് 1:14

  • 'അധഃ പശ്യസി കിം വൃദ്ധേ,

  • പതിതം തവകിം ഭുവി?

  • രേ, രേ, മൂഢ, ന ജാനാസി

  • ഗതം താരുണ്യ മൗക്തികം'

(ഹേ വൃദ്ധേ, എന്താണ് കുനിഞ്ഞു താഴെ നോക്കുന്നത്? വല്ലതും താഴെ വീണു പോയോ? ഹേ മൂഢേ, നീ കാണുന്നില്ലേ, എന്റെ യൗവനമാകുന്ന മുത്ത് താഴെപ്പോയെന്ന്)

'വാര്‍ധക്യം അമ്മയുടെ മെലിഞ്ഞ ശരീരത്തിന് കുറച്ചൊരു കൂനും വയ്യായ്കയും വരുത്തിവച്ചപ്പോള്‍, ഇഷ്ടജനങ്ങള്‍ നിര്‍ദേശിച്ചിട്ടുപോലും വടിയുടെ സഹായം തേടുവാന്‍ അമ്മ കൂട്ടാക്കിയില്ല. പ്രഭാതസൂര്യന്റെ തങ്കക്കതിരുകള്‍ ഇടവഴികളില്‍ എത്തിനോക്കുവാന്‍ തുടങ്ങുന്നതോടെ, ശുഭ്രവസ്ത്രധാരിണിയായി, ജപമാലയുമേന്തി ഇടവകദേവാലയത്തെ ലക്ഷ്യമാക്കി, അല്പം കുനിഞ്ഞ് അധോമുഖിയായി സാവധാനം നടക്കുന്ന ആ വൃദ്ധമാതാവിനെ കണ്ടാല്‍ സഹൃദയര്‍ക്ക് ഈ പദ്യശകലമല്ലേ ഓര്‍മ്മയില്‍ വരിക?'

'ഞാന്‍ എന്റെ ദൃഷ്ടിയില്‍' എന്ന ആത്മകഥയിലെ 'മാതാവും സഹോദരരും' എന്ന മൂന്നാം അധ്യായത്തില്‍, 'കര്‍മ്മയോഗിനി' എന്ന തലക്കെട്ടില്‍ തന്റെ വത്സലമാതാവിന്റെ ഭക്തിതീക്ഷ്ണത ഇപ്രകാരമാണ് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ വിവരിക്കുന്നത്. 'Some are born great, some acquire greatness, some have greatness thrust upon them' എന്ന ഷേക്‌സ്പിയറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, 'മൂന്നാമത്തെ ഗണത്തില്‍ പെടുന്ന സാധാരണ വ്യക്തിയാണ് ഞാന്‍' എന്ന് മറ്റൊരധ്യായത്തില്‍ അദ്ദേഹം വിനയാന്വിതനാകുന്നുണ്ട്. എന്നാല്‍, 'മഹാമനുഷ്യന്‍' എന്നാണ് പ്രസാധകനായ വിദ്വാന്‍ എം. ഒ. അവരാ പ്രസ്താവനയില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഉത്കൃഷ്ടമാതൃകയും ഉത്തേജനവും നല്‍കി, തന്റെ ആദ്ധ്യാത്മിക ജീവിതത്തിന് അടിത്തറ ഉറപ്പിച്ച പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കാണ് ആ മഹാമനുഷ്യന്‍ തന്റെ ആത്മകഥ സമര്‍പ്പിച്ചിരിക്കുന്നത്.

കടന്നുകാണുന്നവനാണ് ക്രാന്തദര്‍ശി. അദ്ദേഹം അതായിരുന്നു. സ്വാര്‍ത്ഥത്തിനും സ്വമഹിമയ്ക്കുമപ്പുറം കടന്ന്, കാലത്തെയും സഭയെയും ദൈവജനത്തെയും രാഷ്ട്രത്തെയും സംസ്‌കാരത്തെയും സത്യസന്ധതയോടും തെളിമയോടും കൂടി കാണാന്‍ കഴിഞ്ഞു എന്നതാണ് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിനെ മഹാമനുഷ്യനാക്കുന്നത്. ഫെബ്രുവരി 20 ന് അദ്ദേഹത്തിന്റെ മുപ്പത്തിയേഴാം ചരമവാര്‍ഷികമായിരുന്നു. ഒന്നരവര്‍ഷമായി അടഞ്ഞുകിടക്കുന്ന കത്തീഡ്രല്‍ ബസിലിക്ക ദേവാലയത്തിലെ അദ്ദേഹത്തിന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാസ്റ്ററല്‍ സെന്ററില്‍ മേജര്‍ അതിരൂപത സംഘടിപ്പിച്ച അനുസ്മരണബലിയും സമ്മേളനവും വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചപലരും സ്വാര്‍ത്ഥരുമായ അധികാരികള്‍ മൂലം അമൂല്യങ്ങളായ സര്‍വനിക്ഷേപങ്ങളും കളഞ്ഞുപോയ ദുരവസ്ഥയില്‍ സഭയും രാഷ്ട്രവും അധോമുഖരായി ഇടറി നീങ്ങുന്ന ദുര്‍ഘടസന്ധിയില്‍ കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടിലിന്റെ ഓര്‍മ്മ പോലും ആശ്വാസദായകവും ഉത്തേജകവുമാണ്. സീറോ മലബാര്‍ സഭാനേതൃത്വത്തോട് ഒന്നേ ചോദിക്കാനുള്ളൂ: കിഴക്ക്, കിഴക്കെന്ന് ആവര്‍ത്തിച്ച് നിങ്ങള്‍ പണിപ്പെട്ടുണ്ടാക്കിയ ഇരുട്ടില്‍ ലക്ഷോപലക്ഷം വിശ്വാസികള്‍ അധോമുഖരായി നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? നിങ്ങള്‍ നഷ്ടപ്പെടുത്തിയ വിശ്വാസനിക്ഷേപത്തിന്റെ സുവര്‍ണ്ണമൗക്തികങ്ങള്‍ 'വീട് അടിച്ചുവാരി, കണ്ടുകിട്ടുവോളം അന്വേഷിക്കാന്‍' നിങ്ങള്‍ ശ്രമിക്കാത്തതിന്റെ കാരണമെന്താണ്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org