വചനമനസ്‌കാരം: No.113

വചനമനസ്‌കാരം: No.113

തുളച്ചുകയറുന്ന വാളുപോലെ, വീണ്ടുവിചാരമില്ലാതെ വാക്കുകള്‍ പ്രയോഗിക്കുന്നവരുണ്ട്. വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.

സുഭാഷിതങ്ങള്‍ 12:18

'ഇന്നലെ അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞ ഒരു വാചകത്തില്‍ വികാരോജ്ജ്വലമായ രണ്ടു വാക്കുകളുണ്ടായിരുന്നു.'

'അച്ഛന്‍ എന്താണ് പറഞ്ഞത്?'

'എന്റെ മകള്‍ അവിടെ ഡോക്ടറാണ് എന്ന് പറഞ്ഞു. കേവലം നാല് പദങ്ങള്‍ മാത്രമുള്ള ഈ വാക്യത്തില്‍ തുടിക്കുന്ന വികാരങ്ങള്‍ മനസ്സിലായോ?'

'അഭിമാനവും വാത്സല്യവും!'

'അതെ! ഇതുവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും നേര്‍ത്ത ശബ്ദത്തില്‍ ഫോണിലൂടെ ആ വികാരങ്ങള്‍ തൊട്ടറിയാന്‍ കഴിഞ്ഞു. വാക്കുകള്‍ വെറും അക്ഷരങ്ങളോ ശബ്ദങ്ങളോ അല്ലെന്നും വികാരങ്ങളുടെ പ്രപഞ്ചം തന്നെയാണെന്നും മനുഷ്യര്‍ അറിഞ്ഞിരുന്നെങ്കില്‍ ജീവിതം എത്ര കുലീനവും അഴകുള്ളതും ആഹ്ലാദകരവും ആകുമായിരുന്നല്ലേ? അല്ല, പറഞ്ഞിരിക്കുമ്പോഴേക്കും ഡോക്ടറുടെ കണ്ണു നിറഞ്ഞല്ലോ? എന്താണ്?'

'ഏയ്, ഒന്നുമില്ല.'

ഇന്‍ഷുറന്‍സ് സംബന്ധമായ കാര്യത്തിന് വ്യക്തത തേടി ആശുപത്രിയില്‍ കിടത്തി ചികിത്സിക്കപ്പെട്ട ഒരാളെ ഫോണില്‍ വിളിച്ചിരുന്നു. ഗുരുതരമായ രോഗമാണെന്ന് മെഡിക്കല്‍ രേഖകളില്‍ വ്യക്തമായിട്ടും മറ്റു നമ്പറുകള്‍ കാണാതിരുന്നതിനാല്‍ രോഗിയെ തന്നെ വിളിക്കേണ്ടി വന്നു. അതിനിടയിലാണ് മകള്‍ മെഡിക്കല്‍ ബിരുദത്തിന് ശേഷമുള്ള ഉപരിപഠനത്തിന് ആശുപത്രിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. മകളോട് വന്നു കാണാന്‍ പറയാമെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഡോക്ടര്‍ ഓഫീസില്‍ വന്നത്. ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും ആ ഡോക്ടര്‍ മോള്‍ക്ക് സ്‌നേഹനിധിയായ അച്ഛനെക്കുറിച്ച് പറയുമ്പോള്‍ കണ്ണ് നിറയാന്‍ കാരണങ്ങളുണ്ടല്ലോ.

അവബോധത്തോടെ വാക്കുകള്‍ ഉപയോഗിക്കാനാവുന്നത് അത്യപൂര്‍വമായ കൃപയാണ്. വാക്കുകള്‍ ഉഗ്രശക്തിയുള്ള ആയുധങ്ങളാണെന്നും കരുണയും വിവേകവുമില്ലാത്ത മനുഷ്യരില്‍ അവ എത്ര വിനാശകരമായിരിക്കുമെന്നും നവമാധ്യമങ്ങളില്‍ നാം കാണുന്നുണ്ടല്ലോ. ആള്‍ക്കൂട്ടക്കൊല എന്നതുപോലെ നമ്മുടെ ചുറ്റിലും നിത്യേനയെന്നോണം എത്രയോ വാക്കൂട്ടക്കൊലകളാണ് നടക്കുന്നത്! ഹൈന്ദവധര്‍മ്മ പ്രകാരം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ത്രിമൂര്‍ത്തികളുടെ ദൗത്യം സൃഷ്ടിസ്ഥിതിസംഹാരങ്ങ ളാണ്. എന്നാല്‍, മനുഷ്യന് സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും വാക്കുകള്‍ എന്ന ഒറ്റ അവതാരം മാത്രം മതിയാകും! 'വചനം മാംസമായി' എന്ന തിരുഅവതാരത്തിന്റെ വേദഭാഷ്യത്തെ മറ്റൊരു പരിപ്രേക്ഷ്യത്തിലും വായിക്കാവുന്നതാണ്. നമ്മള്‍ പറയുകയും എഴുതുകയും ചെയ്യുന്ന ഓരോ വാക്കും മാംസമാകുന്നുണ്ട്. അനേകരില്‍ അവ പുനര്‍ജനിക്കുന്നുണ്ട്. ഒന്നുകില്‍ ജീവദായകവും രക്ഷാകരവുമായ മാംസാവതാരവും പുനര്‍ജനനവും; അല്ലെങ്കില്‍ മരണകരവും നാശോന്മുഖവുമായ മാംസാവതാരവും പുനര്‍ജനനവും. 'എന്റെ വാക്കുകള്‍ എഴുതപ്പെട്ടിരുന്നെങ്കില്‍! അവ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍!' എന്ന് ജോബ് പറയുന്നുണ്ട് (19:23). നാം ആവശ്യപ്പെടുന്നില്ലെങ്കിലും നമ്മുടെ വാക്കുകള്‍ അനേകരുടെ ഹൃദയങ്ങളില്‍ എഴുതപ്പെടുന്നുണ്ട്. അനേകര്‍ തങ്ങളുടെ ജീവിതത്താളുകളില്‍ അവ എന്നേക്കുമായി എഴുതിയെടുക്കുന്നുണ്ട്. മറ്റുള്ളവരുടെ ഓര്‍മ്മകളില്‍ മൂല്യമുള്ള ഒരു ഗ്രന്ഥമായി നമ്മെത്തന്നെ പ്രതിഷ്ഠിച്ചശേഷം ഈ മഹായനം പൂര്‍ത്തിയാക്കി മടങ്ങാന്‍ നമുക്ക് കഴിയുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org