വചനമനസ്‌കാരം: No.112

വചനമനസ്‌കാരം: No.112

ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്‍മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു.

ഹെബ്രായര്‍ 6:4-6

'ക്ലീഷെ എന്നതിന്റെ അര്‍ത്ഥമെന്താണ്?'

'ചോദിക്കാന്‍ കാരണമെന്താണ്?'

'ആ വാക്കിനെച്ചൊല്ലി കവികള്‍ കലഹിക്കുന്നുണ്ടല്ലോ.'

'കവികളുടേത് സര്‍ഗസംവാദമല്ല; വെറും കലഹം മാത്രമാണ്. പുറമെ കാണുന്നതും കേള്‍ക്കുന്നതുമല്ല ഒട്ടുമിക്ക കലഹങ്ങളുടെയും പിന്നിലെ യഥാര്‍ത്ഥ കാരണം; പിന്നെയോ പ്രച്ഛന്നമായ അഹന്തയും അസൂയയുമാണ്. കവികളും മനുഷ്യരാണല്ലോ! a striking phrase which has become stale because of over-use; hackneyed jest or phrase; literary tag എന്നാണ് cliche എന്ന പദത്തിന് ആംഗലേയ നിഘണ്ടു നല്‍കുന്ന അര്‍ത്ഥം. പറഞ്ഞു പഴകിയതും അമിതോപയോഗത്താല്‍ മൂര്‍ച്ചയില്ലാത്തതുമായ പദങ്ങളും പ്രയോഗങ്ങളും ശൈലികളുമാണ് ക്ലീഷെ. അത്തരം പദപ്രയോഗങ്ങള്‍ ഉള്ളിലുണര്‍ത്തുന്നത് മടുപ്പും വെറുപ്പുമാണ്. ഗൃഹാതുരതയും പ്രകൃതിഭംഗിയുമൊക്കെ വര്‍ണ്ണിക്കാനായി നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ചില പദങ്ങളൊക്കെ ക്ലീഷെയുടെ മികച്ച ഉദാഹരണങ്ങളാണ്.'

'അപ്പോള്‍ നിങ്ങളുടെ കുര്‍ബാനത്തര്‍ക്കം മറ്റൊരു ഉദാഹരണമാണല്ലേ?'

'അത് തരക്കേടില്ല! അര്‍ത്ഥം പറഞ്ഞു തന്നതിനുള്ള പ്രഹരം കൊള്ളാം!'

നിരീശ്വരവാദിയായ സുഹൃത്തുമായി കഴിഞ്ഞ ദിവസം നടന്ന സംഭാഷണം ഇപ്രകാരമാണ്.

കവികളുടെ വാക്‌പോരു പോലും ഭാഷയ്ക്ക് നേട്ടമായി ഭവിക്കുന്നുണ്ട്! ദുര്‍ഗ്രഹമായ പദങ്ങളും അര്‍ത്ഥങ്ങളുമെല്ലാം സാധാരണക്കാര്‍ പോലും മനസ്സിലാക്കുന്നു. കുത്തുവാക്കാണെങ്കിലും ഒടുവില്‍ അയാള്‍ പറഞ്ഞത് സത്യമല്ലേ? കാലങ്ങളായി തുടരുന്ന സഭാ തര്‍ക്കങ്ങളും കുര്‍ബാനത്തര്‍ക്കങ്ങളുമൊക്കെ ക്ലീഷെയല്ലേ? തന്മൂലം വിശ്വാസികളിലും പൊതുസമൂഹത്തിലും ഉണരുന്ന വികാര ങ്ങള്‍ മടുപ്പും വെറുപ്പുമല്ലേ? 'വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും' എന്ന് വചനമുണ്ട് (ജ്ഞാനം 6:10). അങ്ങനെയെങ്കില്‍ അതിവിശുദ്ധമായവ നിന്ദ്യമായി കൈകാര്യം ചെയ്യുന്നവര്‍ ഒടുവില്‍ ആരായിത്തീരും? അവര്‍ കണ്ടെത്തുന്നത് എന്തായിരിക്കും?

ക്രിസ്ത്യാനികളോളം ക്രിസ്തുവിനെയും അവന്റെ പ്രബോധനങ്ങളെയും ക്ലീഷെയാക്കുന്ന മറ്റാരുമുണ്ടാകില്ല. Familiarity breeds Contempt എന്നാണ് പ്രമാണം. അതിപരിചയം വെറുപ്പും നിന്ദയും പുച്ഛവും ഉളവാക്കും. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് തോന്നുന്നത് മുറ്റത്തിന്റെയോ മുല്ലയുടെയോ കുഴപ്പമാകണമെന്നില്ല; ഘ്രാണശക്തിയുടെ തകരാറുമാകാം. യേശുവിനെ അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്തവരായിരുന്നു അന്ന് അവനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. അവര്‍ക്കുവേണ്ടിയാണ്, ''പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല'' എന്ന് അവന്‍ പ്രാര്‍ത്ഥിച്ചത്. എന്നാല്‍, ദൈവപുത്രനെ അറിയുകയും അനുഭവിക്കുകയും അവനിലൂടെ കൈവരുന്ന സകല കൃപകളുടെയും രുചി നുകരുകയും ചെയ്തിട്ടും സ്വമനസ്സാ അവനെ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്യുന്നവര്‍ക്കായി അവന്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥന എന്തായിരിക്കും? 'ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയായ' (ഹെബ്രാ. 13:8) യേശുക്രിസ്തു എന്ന നിത്യനൂതനസത്യത്തെ ക്ലീഷെയാക്കാതിരിക്കാനുള്ള കൃപയ്ക്കായും സത്യാനന്തരകാലത്ത് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org