വചനമനസ്‌കാരം: No.111

വചനമനസ്‌കാരം: No.111

ആകയാല്‍, നിന്നെയും നിന്റെ മരുമകള്‍ സാറായെയും സുഖപ്പെടുത്താന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു. ഞാന്‍ റഫായേലാണ്; വിശുദ്ധരുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്‍മാരില്‍ ഒരുവന്‍.

തോബിത് 12:14, 15

അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവേ,

1. സുഖപ്പെടുത്തുക എന്നതാണ് എന്നും റഫായേല്‍മാരുടെ സവിശേഷമായ ദൗത്യം. ചില 'പാരമ്പര്യരോഗങ്ങള്‍' ബാധിച്ച് നമ്മുടെ സഭ അതീവഗുരുതരാവസ്ഥയിലായ ദശാസന്ധിയിലാണ് അതേ ദൗത്യവുമായി ദൈവം അങ്ങയെ നിയോഗിച്ചിരിക്കുന്നത്. 'ശരീരത്തില്‍' അപകടകാരികളായ വൈറസുകള്‍ കടന്നിട്ടുണ്ടെന്നും വിഷകോശങ്ങള്‍ വളരുന്നുണ്ടെന്നും ഒട്ടേറെ പേര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമായിട്ടും രോഗ മൊന്നുമില്ലെന്നും അതൊക്കെ ചില 'വിമതരുടെ' വ്യാജപ്രചരണം മാത്രമാണെന്നും നിലപാട് സ്വീകരിച്ച് രോഗമുണ്ടെന്ന് പറഞ്ഞവരെ ഒറ്റപ്പെടുത്തുകയാണ് ഉത്തരവാദിത്വപ്പെട്ടവര്‍ ചെയ്തത്. ആരാധനാക്രമമെന്ന ഹൃദയതാളം തെറ്റിച്ചതുമൂലം സ്‌നേഹമെന്ന പ്രാണവായു അപകടരമായി താഴ്ന്ന് രോഗി മരണത്തോടടുത്തിട്ടും ചുമതലപ്പെട്ടവര്‍ ദുരൂഹമായ നിഷ്‌ക്രിയത്വം പുലര്‍ത്തുകയായിരുന്നു. ഐ സി യുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ഘടിപ്പിക്കേണ്ട നിലയിലായിട്ടും 'സര്‍ക്കുലര്‍ ചികിത്സ', 'സമൂഹമാധ്യമചികിത്സ' എന്നിവ തുടര്‍ന്നതാണ് സ്ഥിതി വഷളാക്കിയത്. ആയതിനാല്‍ ചികിത്സാപദ്ധതികളില്‍ അനിവാര്യമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ വൈകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

2. മുറിവുകള്‍ മുന്‍വിധികളില്ലാതെ കാണാനാകുന്നതാണ് കൃപ. അതാണ് സൗഖ്യശുശ്രൂഷയെ സുഗമമാക്കുന്നതും ത്വരിതപ്പെടുത്തുന്നതും. യേശു സമരിയാക്കാരനും സഭ സത്രവും എന്നതാണല്ലോ നല്ല സമരിയാക്കാരന്റെ ഉപമയുടെ ഏറ്റവും ഹൃദ്യമായ വ്യാഖ്യാനം. ലോകമായകളുടെ ആക്രമണമേറ്റ് അര്‍ധപ്രാണരാകുന്ന സഞ്ചാരികളെ പരിചരിച്ച് സൗഖ്യമാക്കേണ്ട സത്രം തന്നെ അര്‍ധപ്രാണാവസ്ഥയിലായിരിക്കുന്ന കാഴ്ച ദുഃഖകരമാണ്. മുറിവുകള്‍ മനസ്സിലാക്കുന്നതിലും എണ്ണയും വീഞ്ഞുമൊഴിച്ച് വച്ചു കെട്ടുന്നതിലും സത്രമുടമകള്‍ക്ക് വീഴ്ച സംഭവിച്ചത് മനസ്സലിവിന്റെ കൃപയില്ലാത്തതിനാലല്ലേ? സത്രമുടമകളെ മാത്രമല്ല, സര്‍വ്വരെയും ആ കൃപയിലേക്ക് ആനയിക്കാന്‍ അങ്ങേക്ക് കഴിയട്ടെ.

3. 'മരിക്കേണ്ടി വന്നാലും സത്യം വെടിയരുത്; ദൈവമായ കര്‍ ത്താവ് നിനക്കുവേണ്ടി പൊരുതിക്കൊള്ളും' എന്ന് പ്രഭാഷകന്‍ പറയുന്നുണ്ട് (4:28). സംഘശക്തി അതില്‍ത്തന്നെ ഉപരിശക്തിയുള്ളതല്ലെന്നും സത്യവും നീതിയും ധര്‍മ്മവും മുറുകെപ്പിടിക്കുമ്പോള്‍ സഹജമായി ലഭിക്കുന്ന ദൈവികമായ സംരക്ഷണവും പരിപാലനയുമാണ് സംഘബലത്തെ കരുത്തുറ്റതാക്കുന്നതെന്നും അങ്ങേക്ക് അറിയാമല്ലോ. ദൈവദത്തമായ ഈ ശക്തിയാണ് മേജര്‍ അതിരൂപതയുടെ കരുത്തിന്റെ യഥാര്‍ത്ഥ ഉറവിടമെന്ന് തിരിച്ചറിയുക. അല്ലായിരുന്നെങ്കില്‍, അപ്പസ്‌തോലന്‍ പറഞ്ഞതുപോലെ, 'പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കും' എതിരായി (എഫേ. 6:12) ഇതുപോലെ പൊരുതി നില്‍ക്കാന്‍ അതിരൂപതയ്ക്ക് കഴിയുമായിരുന്നില്ലല്ലോ.

4. 'എല്ലാറ്റിനും ഒരു സമയമുണ്ട്' എന്ന് സഭാപ്രസംഗകന്‍ പറയുന്നുണ്ട് (3:1). സ്‌നേഹത്തെ സമയകാലങ്ങള്‍ക്കുപരിയായി പ്രതിഷ്ഠിച്ചവന്റെ ദയാധിക്യത്താല്‍ അങ്ങയുടെ നേതൃശുശ്രൂഷയുടെ കാലം നമ്മുടെ സഭയുടെ സൗഖ്യത്തിന്റെ കാലമാകട്ടെ. അങ്ങേക്ക് അതിന് കഴിയും; കാരണം അങ്ങ് റഫായേലാണല്ലോ!

5. അങ്ങ് വാഗ്ദാനം ചെയ്തതു പോലെ 'പഴയ തട്ടിലച്ചനും പഴയ തട്ടില്‍ പിതാവും തുടരാന്‍' കര്‍ത്താവ് കൃപ നല്‍കട്ടെ. അങ്ങ് യാചിച്ചതു പോലെ 'വാക്കും പ്രവൃത്തിയും ഒരുപോലെയായിരിക്കാനുള്ള' കൃപയ്ക്കായും ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍ നേരുന്നു. സത്യാനന്തര കാലത്ത് അത് അത്യപൂര്‍വവും അതീവദുഷ്‌കരവുമായതിനാല്‍ എലീഷാ പ്രവാചകന്‍ ചോദിച്ചതുപോലെ 'ആത്മാവിന്റെ ഇരട്ടിപ്പങ്ക്' ലഭിച്ചാലേ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളൂ.

ശുഭാശംസകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org