വചനമനസ്‌കാരം: No.109

വചനമനസ്‌കാരം: No.109

മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്ക ലേക്ക് അയച്ചിരിക്കുന്നു എന്നു പറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു പറയണം?

പുറപ്പാട് 3:13

'ഇതെന്താണ്?'

'എന്റെ ദൈവത്തിന്റെ പേരാണ്?'

'താങ്കളുടെ ദൈവത്തിന്റെ പേര് 'X' എന്നാണോ?'

'അജ്ഞാതസംഖ്യയ്ക്കും അനാമികവ്യക്തിക്കും നല്‍കുന്ന ചിഹ്നമാണല്ലോ 'X'. ആരാധനാമൂര്‍ത്തിയെ 'X' എന്ന് അടയാള പ്പെടുത്തുമ്പോള്‍ അത് ആരുമാകാം. ക്രിസ്തുവോ കൃഷ്ണനോ ആകാം. അള്ളാഹുവോ ശിവനോ ആകാം. രാമനോ ബുദ്ധനോ ആകാം. ദുര്‍ഗയോ ദക്ഷനോ ആകാം. സൂര്യനോ ചന്ദ്രനോ അഗ്നിയോ ജലമോ ശിലയോ ശില്പമോ ആകാം. ജ്വലിക്കുന്ന മുള്‍പ്പടര്‍പ്പോ കണ്ണാടിയോ ആകാം. ഞാനോ നീയോ ആകാം. നമ്മിലെല്ലാവരിലും തുടിക്കുന്ന ചൈതന്യമാകാം. അനന്തനും അപരിമേയനുമായ ദൈവത്തെ ഒരു പേരില്‍ ഒതുക്കുന്നതിലും വലിയ വൈരുദ്ധ്യമുണ്ടോ? അങ്ങനെയാണ് 'X' ല്‍ എത്തിയത്!'

കാറിന്റെ ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തില്‍ നന്നേ വലിപ്പത്തില്‍ 'X' എന്ന് ആലേഖനം ചെയ്തിരിക്കുന്നതിന്റെ കാരണം തിരക്കിയ പ്പോള്‍ ഒരാള്‍ നല്‍കിയത് ഈ മറുപടിയാണ്. അങ്ങനെയും ചിലരുണ്ട്. പേരുള്ള ദൈവത്തില്‍ വിശ്വസിക്കാത്തവര്‍. അഥവാ ദൈവത്തിന്റെ പേരുകളില്‍ വിശ്വാസമില്ലാത്തവര്‍. ആശയവും ചിന്തയും ശ്രദ്ധേയമായി തോന്നി. മതങ്ങള്‍ക്കു മദമിളകുകയും മദഭരിതമായ മതങ്ങളും മനുഷ്യരും ചേര്‍ന്ന് പല നാമരൂപികളായ ദൈവങ്ങളുടെ പേരില്‍ കൊന്നും ചത്തും മതം വളര്‍ത്തുകയും ചെയ്യുന്ന കലികാലത്തില്‍ ഒറ്റപ്പെട്ടതെങ്കിലും ഉഗ്രശക്തിയുള്ള ഇത്തരം പ്രതിരോധങ്ങള്‍ പ്രസക്തമാണ്. പ്രാണപ്രതിഷ്ഠകള്‍ കെങ്കേമമായി പര്യവസാനിക്കുമ്പോഴും പ്രാണനില്‍ ഈശ്വരന്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് നിര്‍ണ്ണായകമായ ചോദ്യം. രാമരാജ്യം എന്നതിന് ധര്‍മ്മരാജ്യം എന്നും അര്‍ത്ഥമുണ്ട്. 'ദേവ നില്‍നിന്ന് ദേശത്തിലേക്കും രാമനില്‍നിന്ന് രാഷ്ട്രത്തിലേക്കും' എന്ന് 'മുഖ്യയജമാനന്‍' ആഹ്വാനം ചെയ്യുമ്പോള്‍ അത്തരമൊരു ധര്‍മ്മഭാരതമാണ് വിവക്ഷിക്കുന്നതെങ്കില്‍ ശ്ലാഘനീയമാണ്. അധികാരം പിടിക്കാനും നിലനിര്‍ത്താനുമുള്ള ആയുധങ്ങള്‍ മാത്ര മായി മതബിംബങ്ങളെയും മൂര്‍ത്തികളെയും ദുരുപയോഗിക്കുന്ന വര്‍ അതില്‍ വിജയിച്ചേക്കാമെങ്കിലും രാഷ്ട്രഹൃദയത്തില്‍ അനശ്വരമായി പ്രതിഷ്ഠിക്കപ്പെടില്ലെന്ന് ഉറപ്പാണ്.

പേരെന്ത് എന്ന മോശയുടെ ചോദ്യത്തിന് 'ഞാന്‍ ഞാന്‍ തന്നെ' എന്നതാണ് ദൈവം നല്‍കുന്ന ആദ്യ മറുപടി. 'അബ്രാഹ ത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നതാണ് എന്നേക്കും എന്റെ നാമധേയം' എന്ന് അവിടുന്ന് തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്. നിന്റെ ദൈവത്തിന്റെ പേരെന്ത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ജീവിതം കൊണ്ട് അടയാളപ്പെടുത്തി നമുക്ക് നല്‍കാനാവുന്ന മറുപടി എന്തായിരിക്കും? സ്‌നേ ഹം എന്നായിരിക്കുമോ? സത്യം, നീതി, കരുണ, സാഹോദര്യം, സമാധാനം എന്നിവയില്‍ ഒന്നായിരിക്കുമോ? ദൈവത്തിന്റെ പേര് 'X' എന്നോ 'Y' എന്നോ ആകട്ടെ, സനാതനമൂല്യങ്ങളാല്‍ ഹൃദയശ്രീകോവിലില്‍ അവിടുത്തെ പ്രതിഷ്ഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രാണപ്രതിഷ്ഠകള്‍ അപരനെന്നല്ല അവനവനുപോലും ആത്യന്തികമായി ഉപകരിക്കാത്ത പാഴ്‌വേലയാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org