വചനമനസ്‌കാരം: No.108

വചനമനസ്‌കാരം: No.108

ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്സിലാകാത്ത എല്ലാ കാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷബുദ്ധി യില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്മവാസന കൊണ്ടു മനസ്സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയും ചെയ്യുന്നു.

യൂദാസ് 1:10

  • വീടില്ലാത്തവനൊരുവനോട്

  • വീടിനൊരു പേരിടാനും,

  • മക്കളില്ലാത്തൊരുവനോട്

  • കുട്ടിയ്‌ക്കൊരു പേരിടാനും,

  • ചൊല്ലവേ നീ കൂട്ടുകാരാ!

  • രണ്ടുമില്ലാത്തൊരുവന്റെ

  • നെഞ്ചിലെ തീ കണ്ടുവോ?

- അയ്യപ്പന്‍

നെഞ്ചിലെ തീ കാണാനാകുക - അതാണ് ആത്മീയതയുടെ പൊരുളും പരമാര്‍ത്ഥവും. സ്വന്തം നെഞ്ചിലും അപരന്റെ നെഞ്ചിലും അവിരാമമായി എരിയുന്ന ഹോമകുണ്ഡമുണ്ട്. അത് കാണാനായാല്‍ ഉയിരും ഉണ്മയും സാര്‍ത്ഥകമാകും. ഒരര്‍ത്ഥത്തില്‍ ഓരോരുത്തരും ഹോത്രി അഥവാ യാഗപുരോഹിതരാണ്. ഹൃദയമാകുന്ന യാഗശാലയില്‍ കണ്ണീരും സ്വപ്‌നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ചപലതകളും ശക്തികളും പാപപുണ്യങ്ങളുമെല്ലാം ഹവിസ്സായി അര്‍പ്പിക്കുന്നവര്‍. ചലിക്കുന്ന അഗ്‌നികുണ്ഡം പോലെയുള്ള ചില മനുഷ്യരുണ്ട്; പ്രത്യക്ഷത്തില്‍ മറ്റാരെയുംപോലെ തോന്നിക്കുന്നവര്‍. അവര്‍ നിങ്ങള്‍ക്കു മുമ്പില്‍ ചിരിക്കും; സരസമായി സംസാരിക്കും. എന്നാല്‍ അവരുടെ നെഞ്ചിലെ തീയുടെ ചില കനലുകള്‍, സൂക്ഷിച്ചുവീക്ഷിച്ചാല്‍ കണ്ണുകളില്‍ നിങ്ങള്‍ക്കു കാണാനായേക്കും. മുഖമല്ല, കണ്ണുകളാണ് മനസ്സിന്റെ കണ്ണാടി. അവിടെ കാണുന്നതുപോലെ ഒരാളെ മറ്റൊരിടത്തും നിങ്ങള്‍ക്ക് കാണാനാകില്ല. സ്വന്തം കരുത്തിന്റെയും പ്രതാപത്തിന്റെയും വാഴ്ത്തുകളുടെ ലഹരിയില്‍ ജനങ്ങളുടെ നെഞ്ചിലെ തീ കാണാനാകാത്ത അധികാരികളാണ് ഭരണസംവിധാനങ്ങളെ ദുരന്തനാടകമാക്കുന്നത്. ആടുകളുടെ ഉള്ളിലെ തീ കാണാന്‍ ശ്രമിക്കാതെ അരമനകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ചുറ്റുവിളംബരത്തിലൂടെ (സര്‍ക്കുലര്‍) മാത്രം അവരുമായി സംവദിക്കുന്ന ഇടയരാണ് മനുഷ്യരുടെ കൂടെ വസിക്കാന്‍ അവതരിച്ച ദൈവത്തിന്റെ ശരീരത്തെ മലിനവും പരിഹാസ്യവുമാക്കുന്നത്.

മനസ്സിലാക്കാന്‍ മനസ്സില്ലാത്തവയെയും മനസ്സിലായിട്ടും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്തവയെയും ദുഷിക്കുകയും മനസ്സിലായ കാര്യങ്ങള്‍ വഴി മലിനരാവുകയും ചെയ്യുന്ന മനുഷ്യര്‍ ഏറിവരുന്നത് അപരന്റെ നെഞ്ചിലെ തീ കാണാന്‍ കഴിയാത്തതിനാലാണ്. പണ്ഡിതരും സമര്‍ത്ഥരുമെങ്കിലും വെളിച്ചവും വിശാലതയുമുള്ള ഹൃദയമില്ലാത്തവര്‍. ക്രിസ്തുവിനെയും അവന്റെ മനസ്സിനെയും മനസ്സിലാക്കാതെ നിയമങ്ങളും ആചാരങ്ങളും മാത്രം മനസ്സിലാക്കുന്ന താല്‍മൂദിസ്റ്റുകള്‍. സുവിശേഷം മനസ്സിലാക്കാതെ കാനോനകള്‍ മാത്രം മനസ്സിലാക്കുന്ന കപടാചാര്യര്‍. സിനഡാലിറ്റി മനസ്സിലാക്കാതെ സെന്‍ഹെദ്രീനതയുടെ സംഘബലം പ്രയോഗിക്കുന്ന കഠിനമനസ്‌കര്‍. ആര്‍ദ്രമായ നിലവിളികളെ അനുസരണത്തിന്റെ തുരുമ്പെടുത്ത ഖഡ്ഗത്താല്‍ വെട്ടിവീഴ്ത്തുന്ന ശിലാഹൃദയര്‍. കരുണയും സ്‌നേഹവുമുള്ള ഇടയരാകാതെ കപടതയും ഇരട്ടഭാഷണവും കൈമുതലാക്കിയ തന്ത്രശാലികള്‍. അജഗണത്തിന്റെ നെഞ്ചിലെ തീ കാണാനാകാത്ത ഇക്കൂട്ടരാണ് അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും തീ കൊളുത്തി ആടുകളോടൊപ്പം ആലയെ ചുട്ടുചാമ്പലാക്കുന്നത്. 'ഈ യുഗത്തിന്റെ മക്കള്‍' എന്നും 'വെളിച്ചത്തിന്റെ മക്കള്‍' എന്നും രണ്ടു തരം മനുഷ്യരേ ക്രിസ്തുധര്‍മ്മത്തിലുള്ളൂ. നേതൃശുശ്രൂഷകരില്‍ കൗശലക്കാരായ ഈ യുഗത്തിന്റെ മക്കളുടെ എണ്ണമേറുന്നതാണ് ക്രിസ്തുശരീരത്തെ ദുഷിപ്പിക്കുന്നതും ദുര്‍ബലമാക്കുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org