വചനമനസ്‌കാരം: No.107

വചനമനസ്‌കാരം: No.107

അനേകം ഇടയന്‍മാര്‍കൂടി എന്റെ മുന്തിരിത്തോട്ടം നശിപ്പിച്ചിരിക്കുന്നു. എന്റെ ഓഹരി അവര്‍ ചവിട്ടി മെതിച്ചു. എന്റെ മനോഹരമായ അവകാശം അവര്‍ ശൂന്യമായ മരുഭൂമിയാക്കിയിരിക്കുന്നു. അവര്‍ അതിനെ ശൂന്യമാക്കി.

ജറെമിയാ 12:10

'നല്ല ഇടയനായ ഈശോ, ഞങ്ങളുടെ അതിരൂപതയ്ക്ക് അങ്ങു നല്കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഇത്രയും നാള്‍ ഞങ്ങളെ നയിക്കുകയും ഭരിക്കുകയും ചെയ്തുകൊണ്ടിരുന്ന മാര്‍ ..... മെത്രാപ്പോലീത്തയ്ക്ക് (മെത്രാന്) അങ്ങു നല്കിയ ദാനങ്ങള്‍ക്കായി അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. ഞങ്ങളുടെ അതിരൂപതയെ നയിക്കുവാനും ഭരിക്കുവാനും പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനുമായി അങ്ങയുടെ ചൈതന്യം കൊണ്ടു നിറഞ്ഞ ഒരിടയനെ ഞങ്ങള്‍ക്കു നല്കണമേ. ഉത്തരവാദിത്വങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കുവാനും പ്രതിസന്ധികള്‍ സമചിത്തതയോടെ തരണം ചെയ്യുവാനും സര്‍വോപരി മാതൃകാപരമായ ജീവിതംവഴി ഞങ്ങളെ വിശുദ്ധിയിലേക്ക് നയിക്കുവാനും അദ്ദേഹത്തെ കഴിവുള്ളവനാക്കണമേ. പ്രാര്‍ത്ഥനാ ജീവിതം നയിച്ചു കൊണ്ട് എല്ലായ്‌പ്പോഴും അതിരൂപതയുടെ മനസ്സാക്ഷിയായി വര്‍ത്തിക്കുവാനും ദൈവജനത്തെ സമയോചിതമായി വളര്‍ത്തുവാനുമുള്ള അനുഗ്രഹവും അദ്ദേഹത്തിന് പ്രദാനം ചെയ്യണമേ. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ നിയോഗിക്കപ്പെടുന്ന അദ്ദേഹത്തെ പിതാവും ഇടയനുമായി അംഗീകരിക്കുവാനും പുത്രനിര്‍വിശേഷമായ സ്‌നേഹവും ബഹുമാനവും നല്കി വിധേയത്വത്തോടെ വര്‍ത്തിക്കുവാനും ഞങ്ങളെ സഹായിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും. ആമ്മേന്‍. '

രൂപതാദ്ധ്യക്ഷന്റെ മരണത്തെയോ സ്ഥാനത്യാഗത്തെയോ തുടര്‍ന്നു മറ്റൊരു രൂപതാദ്ധ്യക്ഷന്‍ നിയോഗിക്കപ്പെടുന്നതുവരെ കുടുംബങ്ങളിലും ദേവാലയങ്ങളിലും ചൊല്ലാനുള്ളതാണ് മനോഹരമായ ഈ പ്രാര്‍ത്ഥന. പുതിയ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ തിരഞ്ഞെടുപ്പിനായി പ്രാര്‍ത്ഥിക്കണം എന്ന സഭയുടെ അഡ്മിനിസ്‌ട്രേറ്ററുടെ ആഹ്വാനപ്രകാരം അതിരൂപത എന്നിടത്ത് സഭ എന്ന് ചേര്‍ത്ത് ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. അനേകരുടെ ഹൃദയങ്ങളില്‍ നിന്ന് സര്‍വശക്തന്റെ സന്നിധിയിലേക്ക് സമാനമായ പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നിരുന്നു. പ്രാര്‍ത്ഥനകളും പ്രതീക്ഷകളും സഫലമാക്കാന്‍ പുതിയ ശ്രേഷ്ഠ മെത്രാപ്പോലീത്തയ്ക്കു കഴിയട്ടെ. സമൃദ്ധവും സരളവുമായിരുന്ന ഈ 'മുന്തിരിത്തോട്ടം' നശിപ്പിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്തു എന്നതില്‍ സംശയമില്ല. അതിന്റെ വിശദാംശങ്ങള്‍ വിചാരണ ചെയ്ത് സമയം ഇനിയും പാഴാക്കേണ്ടതില്ല. 'മെത്രാന്‍ പിതാവിന്റെ പ്രതിരൂപമാണ്, പിതാവായ ദൈവത്തിന്റെ ഏറെക്കുറെ ജീവനുള്ള പ്രതിഛായ' എന്ന സുന്ദരമായ വാക്കുകള്‍ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്‌നേഷ്യസിന്റേതാണ്. അത്തരം ഇടയന്മാരെയാണ് സഭയും കാലവും കാത്തിരിക്കുന്നത്. പൂര്‍ണ്ണ സ്വേച്ഛാധിപത്യവും അനിയന്ത്രിത ശക്തിയുമുള്ള സംവിധാനമാണ് autarchy. ആടുകള്‍ക്കു വേണ്ടി ജീവനര്‍പ്പിക്കാന്‍ വന്ന നല്ല ഇടയന്റെ നാമത്തിലുള്ള സംവിധാനത്തെ അത്തരം ഓട്ടാര്‍കിസ്റ്റുകള്‍ പ്രതിനിധീകരിക്കുന്നതിലും വലിയ വൈരുദ്ധ്യമില്ല. കൃപയുടെ പൂന്തോപ്പുകള്‍ മരുഭൂമികളാകുന്നതിന്റെ പ്രധാനകാരണവും അതാണ്. പുതിയ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ തിരഞ്ഞെടുപ്പ് പുതിയൊരു യാത്രയുടെ തുടക്കമാകട്ടെ. 'ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യട്ടെ!' എന്ന (80:3) സങ്കീര്‍ത്തകന്റെ പ്രാര്‍ത്ഥന സീറോ മലബാര്‍ സഭയുടെ ആകെ പ്രാര്‍ത്ഥനയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org