വചനമനസ്‌കാരം: No.106

വചനമനസ്‌കാരം: No.106

കര്‍ത്താവേ, അവസാനമെന്തെന്നും എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ! എന്റെ ജീവിതം എത്ര ക്ഷണികമാണെന്നു ഞാനറിയട്ടെ!

സങ്കീര്‍ത്തനങ്ങള്‍ 39:4

മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം

നുണയ്ക്കുന്ന ചുണ്ടില്‍ മാധുര്യപൂരം,

മനസ്സിങ്ങു സംതൃപ്ത, മെന്നാലുമാരാല്‍

മനുഷ്യന്‍ ശ്രവിപ്പൂ ''മറക്കൂ മറക്കൂ''

കളിത്തോപ്പിലെപ്പൂഴി, യോമല്‍സുഹൃത്തിന്‍

കരസ്പര്‍ശസൗഖ്യം, പിതൃപ്രേമവായ്പും

വിലപ്പെട്ട നേട്ടങ്ങ,ളെന്നാലുമുച്ചം

വിളിക്കുന്നു വിശ്വം ''മറക്കൂ മറക്കൂ''

മഹാകര്‍മ്മവിജ്ഞാനമൂട്ടി ക്രമത്താല്‍

മനഃപോഷണം ചെയ്ത വിദ്യാലയങ്ങള്‍,

അഹോ നിത്യരമ്യങ്ങ,ളെന്നാലെതിര്‍പ്പൂ

ഗൃഹാകര്‍ഷണം ''നീ മറക്കൂ മറക്കൂ''

യുവത്വോദയത്തിന്റെ ദിവ്യപ്രകാശം

നവസ്വപ്നസാമ്രാജ്യസര്‍വ്വാധിപത്യം,

ഇവയ്‌ക്കൊത്തതായില്ല മറ്റൊന്നു,മെന്നാല്‍

ഇതേ പ്രജ്ഞ ചൊല്‍വൂ ''മറക്കൂ മറക്കൂ''

നടാടെപ്പിറന്നൊരു കുഞ്ഞിന്റെ പൂമെയ്

തൊടുമ്പോള്‍ പിതാക്കള്‍ക്കുദിക്കും പ്രഹര്‍ഷം

ഒടുങ്ങാവതല്ലെന്നു, മെന്നാലുമോതാന്‍

തുടങ്ങുന്നു കാലം ''മറക്കൂ മറക്കൂ''

അടഞ്ഞൂ കവാടങ്ങള്‍, കാറ്റാകെ നിന്നൂ

പിടയ്ക്കുന്നു ബോധം, നിഴല്‍പ്പാടി,ലപ്പോള്‍

അടുത്തെത്തി മന്ത്രിക്കയാം മൃത്യു ''മേലില്‍

ക്കിടയ്ക്കില്ല നേരം, സ്മരിക്കൂ സ്മരിക്കൂ.''

- ബാലാമണിയമ്മ

'മറക്കൂ മറക്കൂ' എന്നാണ് മനോഹരമായ ഈ കവിതയുടെ പേര്. നിത്യാനിത്യവിവേചനത്തെ എത്ര ഗംഭീരമായാണ് കവയിത്രി ആവിഷ്‌കരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ജനിമൃതികള്‍ക്കിടയിലെ ജീവിതമെന്ന മഹായാത്ര സ്മൃതിയും വിസ്മൃതിയും തമ്മിലുള്ള പോരാട്ടമാണ്. ഓര്‍മ്മിക്കേണ്ട പലതും മറക്കുകയും മറക്കേണ്ട പലതും ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നതാണ് സരളമായ ഈ യാത്രയെ സങ്കീര്‍ണ്ണമാക്കുന്നത്. ഓര്‍മ്മയുടെ ഭാണ്ഡത്തിന് വല്ലാത്ത ഭാരവും ദുര്‍ഗന്ധവുമുണ്ടാകും. അതിലെ ഏറിയ പങ്കും മറവിയുടെ മാറാപ്പിലാക്കി ഉപേക്ഷിക്കേണ്ടതാണല്ലോ! ലോകകാമനകളെ ''മറക്കൂ മറക്കൂ'' എന്ന് പ്രജ്ഞയും അന്തഃകരണവും എപ്പോഴും ഓര്‍മ്മിപ്പിക്കുന്നുണ്ട്. തന്നെ ''സ്മരിക്കൂ സ്മരിക്കൂ'' എന്ന് മൃത്യു സദാ മന്ത്രിക്കുന്നുണ്ട്. എന്നിട്ടും സുഖാസക്തമായ ഹൃദയം മൃതിയെ മറക്കാനും കാമക്രോധലോഭമോഹമദമാത്സര്യാദികളെ ഓര്‍ക്കാനും നിരന്തരം പ്രേരിപ്പിക്കുകയാണ്. 'അവസാനമെന്തെന്ന്' ആദ്യമേ ഗ്രഹിക്കാനാകുന്നതാണ് കൃപ. ജീവിതയാനം യാത്രയുടെ ഒരു ഘട്ടം കൂടി പിന്നിടുമ്പോള്‍ ലോകസുഖങ്ങളുടെ നൈമിഷികതയും ആയുസ്സിന്റെ ഹ്രസ്വതയും ഒടുവിലത്തെ ഏകാന്തതയുടെ സംഭീതിയും നിത്യതയുടെ വശ്യതയും അവബോധമായി ഉണ്മയില്‍ നിറയാന്‍ പ്രാര്‍ത്ഥിക്കാം.

നവവത്സരാശംസകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org