വചനമനസ്‌കാരം: No.102

വചനമനസ്‌കാരം: No.102

എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹി ക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.

1 കോറിന്തോസ് 2:9

  • 'ആ നിമിഷം ഒരു പ്രകാശരശ്മി ആ വെളിച്ചത്തില്‍നിന്നു പുറപ്പെട്ട് എന്റെ ഹൃദയത്തില്‍ തുളഞ്ഞുകയറി; എന്റെ ആത്മാവില്‍ അസാധാരണമായ ഒരു അഗ്‌നി ജ്വലിച്ചു - സന്തോഷവും ആനന്ദവും കൊണ്ട് ഞാന്‍ മരിച്ചുപോകുമെന്നു തോന്നി. എന്റെ അരൂപി ശരീരത്തില്‍നിന്നു വേര്‍പെടുത്തപ്പെടുന്നതുപോലെ അനുഭവപ്പെട്ടു. ഞാന്‍ ദൈവത്തില്‍ പൂര്‍ണ്ണമായും നിമഗ്‌നയായിരിക്കുന്നതുപോലെ തോന്നി. ധൂളി പോലെ, അജ്ഞാതമായ വിസ്തൃതമായ നഭോമണ്ഡലങ്ങളിലേക്കു സര്‍വശക്തനാല്‍ ഞാന്‍ എടുക്കപ്പെട്ടതായി അനുഭവപ്പെട്ടു. സ്രഷ്ടാവിന്റെ ആശ്ലേഷത്തിന്റെ ആനന്ദത്താല്‍ ഞാന്‍ വിറച്ചുപോയി. ഇത്രവലിയ ആനന്ദം ഉള്‍ക്കൊണ്ടുകൊണ്ട് അവിടുത്തെ മഹത്വം ദര്‍ശിക്കാന്‍ എനിക്കു സാധിച്ചത് അവിടുന്ന് എന്നെ താങ്ങുന്നതു കൊണ്ടാണെന്നു ഞാന്‍ മനസ്സിലാക്കി.'

  • ഡയറി 439

ക്ഷണനേരത്തേക്കെങ്കിലും സ്വര്‍ഗത്തിന്റെ മഹത്വവും ആനന്ദവും അനുഭവിക്കാന്‍ കൃപ ലഭിച്ചതിന്റെ വിവരണമാണ് വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീന തന്റെ ഡയറിയില്‍ കുറിക്കുന്നത്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സ്വര്‍ഗത്തെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്: 'ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുകയും പൂര്‍ണ്ണമായി വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനോടുകൂടെ എന്നേയ്ക്കും ജീവിക്കുന്നു. അവര്‍ എന്നേയ്ക്കും ദൈവത്തെപ്പോലെയാണ്, എന്തെന്നാല്‍ ''അവിടുന്ന് ആയിരിക്കുന്നതുപോലെ'' അവര്‍ അവിടുത്തെ മുഖാമുഖം കാണുന്നു. പരിശുദ്ധത്രിത്വത്തോടൊപ്പമുള്ള പൂര്‍ണ്ണമായ ഈ ജീവിതം - കന്യാമറിയത്തോടും മാലാഖമാരോടും എല്ലാ വിശുദ്ധരോടുമൊപ്പമുള്ള ത്രിത്വത്തോടുള്ള ജീവന്റെയും സ്‌നേഹത്തിന്റെയും സംസര്‍ഗം - ''സ്വര്‍ഗ''മെന്നു വിളിക്കപ്പെടുന്നു. അഗാധതമങ്ങളായ മാനുഷികാഭിലാഷങ്ങളുടെ പരമാന്തവും നിറവേറലുമാണു സ്വര്‍ഗം. പരമവും സുനിശ്ചിതവുമായ സന്തോഷത്തിന്റെ അവസ്ഥയാണത്' (നമ്പര്‍ 1023, 1024). 'സ്രഷ്ടാവിന്റെ ആശ്ലേഷം' വിശുദ്ധര്‍ക്കും മിസ്റ്റിക്കുകള്‍ക്കും മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നതല്ല; സര്‍വമനുഷ്യര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള കൃപയും അവകാശവുമാണ്. മറ്റെന്തിനേക്കാളും മോഹനവും ആനന്ദദായകവുമായതിനാലാണ് ധൂര്‍ത്തപുത്രര്‍ പോലും ആ സമാശ്ലേഷത്തിലേക്ക് തിരികെ അണയുന്നത്. 'പറുദീസാ ഞാന്‍ കണ്ടൊരുദിനമെന്‍ ഭാവന തന്നില്‍ എത്ര വിശിഷ്ടം സുഖസമ്പുഷ്ടം ദര്‍ശനസുഭഗം' എന്നു പാടുന്നവരാണ് നമ്മള്‍. ഭാവനയില്‍ പറുദീസ കാണാനാകുന്ന കാലത്തിലും ലോകത്തിലുമല്ല നാം ജീവിക്കുന്നത്. എങ്കിലും നമ്മുടെ അകനയനങ്ങള്‍ക്ക് അവിടുന്ന് സജ്ജീകരിച്ചിരിക്കുന്നവ കാണാനും അകക്കാതുകള്‍ക്ക് അവിടുത്തെ മഹത്വത്തിന്റെ സംഗീതം ശ്രവിക്കാനും അകതാരിന് അവിടുത്തെ ആശ്ലേഷത്തിന്റെ അനന്താനന്ദം ഗ്രഹിക്കാനും കൃപ ലഭിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org