വചനമനസ്‌കാരം: No.101

വചനമനസ്‌കാരം: No.101

ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക; മരിച്ചവരോടുള്ള കടമ മറക്കരുത്.

പ്രഭാഷകന്‍ 7:33

  • 'ഒരാത്മാവു ശുദ്ധീകരണസ്ഥലത്തു പോകുമ്പോള്‍ ആ ആത്മാവിന്റെ കാവല്‍മാലാഖ അതിനെ ആ തടവറ വരെ അനുഗമിക്കുന്നു. അതിനുശേഷം ആ തടവറയ്ക്കു പുറത്തു വാതിലിനു സമീപത്തായി നിലയുറപ്പിക്കുകയും ചെയ്യുന്നു. ആ ആത്മാവ് പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെടുന്നതുവരെ ആ മാലാഖ അവിടെത്തന്നെ നില്‍ക്കുന്നു. നിരന്തരം ആ മാലാഖ ആ ആത്മാവിനെ സന്ദര്‍ശിക്കുകയും തന്റെ സാന്നിധ്യവും സ്വര്‍ഗീയ പ്രഭാഷണങ്ങളും വഴി ആശ്വസിപ്പിക്കുകയും അതിന് ധൈര്യം നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്നവര്‍ ആ ആത്മാവിനായി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും നന്മപ്രവര്‍ത്തികളും ശേഖരിക്കുകയും അവ ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്യുക എന്നത് ആ മാലാഖയുടെ ദൗത്യമാണ്. അവയെ ദൈവം സൗഖ്യദായകമായ ലേപനത്തിനു സമാനമാക്കി ആത്മാവിന് ആശ്വാസം പകരുന്നതിനായി മാലാഖയ്ക്കു തിരികെ നല്‍കുകയും ചെയ്യുന്നു.'

  • റോമിലെ വിശുദ്ധ ഫ്രാന്‍സിസ്

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ചുള്ള ഈ വിവരണം അവിശ്വാസികള്‍ക്ക് കുട്ടിക്കഥയോ കെട്ടുകഥയോ പോലെ തോന്നിയേക്കാം. ഉവ്വ്, ചില കഥകള്‍ക്ക് നമ്മുടെ നിത്യരക്ഷയുടെ വിലയുണ്ട്! കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം അന്തിമശുദ്ധീകരണം (The Final Purification) അഥവാ ശുദ്ധീകരണസ്ഥലം (Purgatory) എന്നതിന് നല്‍കുന്ന നിര്‍വചനം ശ്രദ്ധേയമാണ്. 'ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടവരല്ലെങ്കിലും, നിത്യരക്ഷയുടെ ഉറപ്പു നേടിയവരാണ്. എന്നാല്‍, സ്വര്‍ഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനുവേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിന് വിധേയരായിത്തീരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം എന്നു വിളിക്കുന്നു. ശപിക്കപ്പെട്ടവരുടെ ശിക്ഷയില്‍നിന്ന് അതു തികച്ചും വിഭിന്നമാണ്' (നമ്പര്‍ 1030, 1031). place of expiation or temporary suffering; cleansing expiatory എന്നാണ് purgatory എന്നതിന് ആംഗലേയനിഘണ്ടു നല്‍കുന്ന അര്‍ത്ഥം. മരണോത്തരശുദ്ധീകരണസ്ഥലം; മൃതാത്മപാപമോചനസ്ഥാനം എന്ന ധ്യാനാത്മകമായ പദവിശദീകരണവുമുണ്ട്! 'കൃതഘ്‌നന്നില്ല നിഷ്‌കൃതി' എന്നാണ് പ്രമാണം. എല്ലാ ദോഷങ്ങള്‍ക്കും പരിഹാരമുണ്ട്; നന്ദികേടിന്നു മാത്രമില്ല എന്ന് സാരം. മരിച്ചവരെയും അവരോടുള്ള കടമകളെയും മറക്കുന്ന കൃതഘ്‌നരാകാതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. കണ്‍മുന്നിലില്ലെങ്കിലും അവരുടെ കര്‍മ്മകാണ്ഡത്തിലല്ലേ നമ്മുടെ ജീവമണ്ഡലം വേരൂന്നുന്നതും ഇലച്ചാര്‍ത്തുകളോടെ പടര്‍ന്നു പുഷ്പിക്കുന്നതും. അവര്‍ക്കായി പ്രാര്‍ത്ഥനകളും നന്മപ്രവര്‍ത്തികളും സമര്‍പ്പിക്കാം. നവംബറിലെങ്കിലും അവരുടെയും നമ്മുടെയും കാവല്‍മാലാഖമാര്‍ക്ക് കൂടുതല്‍ 'ജോലിഭാരം' നല്‍കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org