
ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണ്ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണ്ണമായി അറിയും.
1 കോറിന്തോസ് 13:12
'ഈ ലോകത്തുള്ള സകലര്‍ക്കുമായി ഒരപ്പമേയുള്ളൂ എന്ന് കരുതുക. സകലരുടെയും വിശപ്പടക്കാന്‍ പര്യാപ്തമാണ് ആ അപ്പം. അതിലേക്കൊന്നു നോക്കുകയേ വേണ്ടൂ-നോക്കുന്നവന്‍ പരിപോഷിപ്പിക്കപ്പെടും. പൂര്‍ണ്ണ ആരോഗ്യവാനായ ഒരു മനുഷ്യന്‍ നല്ല വിശപ്പോടുകൂടി ആ അപ്പമന്വേഷിക്കുന്നു. അവന് അത് കണ്ടു പിടിക്കാനും ഭക്ഷിക്കാനും കഴിയാത്ത സാഹചര്യത്തില്‍ അവന്റെ വിശപ്പ് വര്‍ധിച്ചുകൊണ്ടേയിരിക്കും. ആ അപ്പത്തിനു മാത്രമേ അവന്റെ വിശപ്പ് ശമിപ്പിക്കുവാന്‍ കഴിയുകയുള്ളൂവെന്നും അതില്ലാതെ അവന്റെ വിശപ്പ് കുറയുകയില്ല എന്നും അവനറിയാം. ഇതുപോലെ തന്നെയാണ് നരകത്തിലെ ആത്മാക്കളുടെ വിശപ്പിന്റെ കാര്യവും. നിത്യത എന്ന അപ്പം തങ്ങളില്‍ നിന്നും വളരെ അകലെയാണെന്ന വസ്തുത അവര്‍ മനസ്സിലാക്കുന്നു. ആ അപ്പത്തോടുള്ള അവരുടെ ആഗ്രഹം വര്‍ധിക്കുന്നു. എന്നാല്‍ ആ അപ്പം തങ്ങള്‍ക്കൊരിക്കലും കാണുവാന്‍ കഴിയുകയില്ല എന്നറിയുമ്പോള്‍ അതായിരിക്കും ശരിയായ നരകം. ശരിയായ ദൈവത്തെയും ശരിയായ അപ്പത്തെയും കാണുവാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലാതെ നശിച്ച ചില ആത്മാക്കളുടെ കാര്യവും ഇതുപോലെയാണ്. പക്ഷേ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ അവര്‍ ആഗ്രഹിച്ച സമയത്ത് അപ്പം (നിത്യത) കാണുവാന്‍ അവര്‍ക്ക് കഴിയുകയില്ലെങ്കില്‍ പോലും, ഒരു ദിവസം തങ്ങള്‍ക്ക് അത് കാണുവാന്‍ കഴിയും എന്ന ചിന്ത അവരെ കൂടുതല്‍ ഉന്‍മേഷഭരിതരാക്കുന്നു. ഒരു ദിവസം അവര്‍ പൂര്‍ണ്ണമായ നിത്യാനന്ദത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.' - ജെനോവയിലെ വിശുദ്ധ കാതറിന്‍
'ഇപ്പോള്‍' എന്നും 'അപ്പോള്‍' എന്നുമാണ് ജീവിതം വിഭജിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ കണ്ണാടിക്കാഴ്ചകളൊക്കെ അവ്യക്തവും ഭാഗികവുമാണ്. അപ്പോഴത്തെ മുഖാഭിമുഖ ദര്‍ശനമാകട്ടെ വ്യക്തവും പൂര്‍ണ്ണവുമായിരിക്കും. mirror എന്നതിന് faithful representation or reflection എന്നും അര്‍ത്ഥമുണ്ട്. പ്രതിരൂപം, പ്രതിബിംബം, മനോദര്‍പ്പണം, ആത്മദര്‍ശം എന്നൊക്കെയുള്ള സമ്പുഷ്ടമായ അര്‍ത്ഥങ്ങളോര്‍ത്താല്‍ കണ്ണാടിക്കു മുന്നില്‍ നില്‍ക്കാതെയും നമ്മള്‍ കണ്ണാടിയെ ധ്യാനിച്ചുപോകും! ഏത് കണ്ണാടി എങ്ങനെ ഉപയോഗിക്കുന്നു എന്നതാകട്ടെ നവംബറിലെ സവിശേഷമായ ധ്യാനം. നമ്മുടേത് നിത്യതയുടെ നിലക്കണ്ണാടിയാണോ? 'ശരിയായ ദൈവവും ശരിയായ അപ്പവും' നമ്മുടെ കണ്ണാടിയില്‍ തെളിയുന്നുണ്ടോ? അപ്പോഴത്തെ കാഴ്ചകളുടെ നിറലാവണ്യം ഇപ്പോഴേ നമ്മുടെ കണ്ണാടിയില്‍ കാണാനാകുന്നുണ്ടോ? കണ്ണാടിയില്‍ നോക്കിയാല്‍ വായിക്കാന്‍ കഴിയുന്ന എഴുത്താണ് mirror writing അഥവാ writing in reverse. ലോകത്തിന്റെ കണ്ണാടികളിലല്ല; നിത്യതയുടെ കണ്ണാടിയില്‍ നോക്കി ജീവിതഗ്രന്ഥത്തില്‍ എഴുതാനും എഴുതിയവ വായിക്കാനും നമുക്ക് കഴിയട്ടെ.