
കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
മത്തായി 7:21
അധരചലനങ്ങളിലും വദനഭാവങ്ങളിലും സംപ്രീതനാകുന്നവനാണ് ദൈവമെന്ന് പ്രബോധിപ്പിച്ചിരുന്നെങ്കില്‍ യേശുവിന് അകാലത്തില്‍ മരിക്കേണ്ടി വരില്ലായിരുന്നു. അതായിരുന്നു മാനദണ്ഡമെങ്കില്‍ സ്വര്‍ഗരാജ്യം ഫരിസേയരെയും നിയമജ്ഞരെയും കൊണ്ട് നിറയുമായിരുന്നു. എന്നാല്‍, ദൈവത്തെ മതത്തിന്റെ വില്പനച്ചരക്കായി മാത്രം കാണുന്ന കപട മതബോധത്തെ യേശു പൊളിച്ചടു ക്കി. അധീശത്വത്തിനും സുഖജീവിതത്തിനും വേണ്ടി അധികാരി വര്‍ഗങ്ങള്‍ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തടവിലാക്കിയ ദൈവത്തെ അവന്‍ കരുണയോടും ക്രോധത്തോടും കൂടി സ്വതന്ത്രനാക്കി. ദൈവം ഇപ്പോള്‍ നിന്റെ അകത്തെ 'മുറിയിലെ' (മത്താ. 6:6) ഒരു ചിലമ്പൊലിയാണ്! അകലങ്ങളിലെ അനന്തശക്തി ഇപ്പോള്‍ നിന്റെ ഉള്ളിലെ നിശ്വാസമാണ്. 'സൂര്യനേക്കാള്‍ പതിനാ യിരം മടങ്ങ് പ്രകാശമുള്ള' ആ കണ്ണുകള്‍ (പ്രഭാ. 23:19) ഇപ്പോള്‍ നിന്റെ ഉള്ളിലെ വെളിച്ചമാണ്. 'കൈക്കുമ്പിളില്‍ ആഴികളെ അളക്കുകയും ആകാശവിശാലതയെ ചാണില്‍ ഒതുക്കുകയും ചെയ്യുന്ന' (ഏശയ്യാ 40:12) ആ മഹാശക്തി ഇപ്പോള്‍ നിന്റെ പാതിയടഞ്ഞ മിഴികളെ ആര്‍ദ്രമാക്കുന്ന കണവും കൂപ്പിയ വിരല്‍ത്തുമ്പിലെ തുടിപ്പുമാണ്. നീ ഒരു കൂടാണെന്ന് സങ്കല്പിക്കുക; എങ്കില്‍ ദൈവം ഇപ്പോള്‍ ആ കൂട്ടിനകത്തെ പക്ഷിയാണ്. ആത്മാവിലും സത്യത്തിലും നീ ആരാധനകളുയര്‍ത്തുമ്പോള്‍ ആനന്ദത്തോടെ കുറുകുന്ന ഒരു പക്ഷി! ഇങ്ങനെ നീ തന്നെ ദൈവകണമെന്നും നിന്റെ ഉള്ളിലുള്ള സത്തയും കൂടെയുള്ള സത്യവുമാണ് ദൈവമെന്നു പഠിപ്പിച്ചതിനുമാണ് അവര്‍ അവനെ കുരിശിലേറ്റിയത്. ഇങ്ങനെയൊക്കെ പഠിപ്പിക്കുന്നവനെ കൊല്ലാതെന്ത് ചെയ്യും! അവന്റെ മരണം പക്ഷേ അവനുവേണ്ടിയുള്ളതായിരുന്നില്ല. 'ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായ' (1 തിമോത്തി. 2:5) അവന്‍ ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി മരിച്ചു. ദൈവത്തിന് ആത്മബോധമുള്ള മനുഷ്യനെ നല്‍കാനും മനുഷ്യന് ഉള്ളില്‍ വസിക്കുന്ന ദൈവബോധം നല്‍കാനുമായി അവന്‍ മരിച്ചു. അങ്ങനെ അവനൊഴികെ മറ്റെല്ലാ ത്തിനുമായി മരിച്ചതുകൊണ്ടാണ് അവന്‍ എല്ലാത്തിന്റെയും എല്ലാ മായ ദൈവമായി വാഴുന്നത്.
പറഞ്ഞുതുടങ്ങിയത് കര്‍ത്താവേ, കര്‍ത്താവേ എന്ന വിളിയെ ക്കുറിച്ചാണ്. അതിന്റെ നാനാര്‍ത്ഥങ്ങള്‍ അടുത്ത ലക്കത്തില്‍ തുടരാം!