ഉലയൂതുന്ന ഇരുമ്പുപണിക്കാരനും അങ്ങനെ തന്നെ; അഗ്‌നിയില്‍ തട്ടിവരുന്ന കാറ്റ് അവന്റെ മാംസം ഉരുക്കിക്കളയുന്നു. ഉലയിലെ ചൂടേറ്റ് അവന്‍ ഇല്ലാതാവുകയാണ്; കൂടമടിക്കുന്ന ശബ്ദമാണ് അവന്റെ കാതുകളില്‍.
പ്രഭാഷകന്‍ 38:28
We left Church, not God.
ഒടുവില്‍, ആ കറുത്ത സത്യം ചെറുപ്പക്കാരുടെ റ്റി ഷര്‍ട്ടില്‍ ഇടം പിടിച്ചു. അവര്‍ സഭയെ ഉപേക്ഷിച്ചത്രെ! ദൈവത്തെ പക്ഷേ, അവര്‍ തള്ളിക്കളഞ്ഞിട്ടില്ല. 'സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണതയുമാണ്' എന്നത് അപ്പസ്‌തോലന്റെ ഏറ്റവും ഋജുവും ശക്തവുമായ സഭാദര്‍ശനമാണ് (എഫേ. 1:23). തൊട്ടുമുമ്പുള്ള വചനവും ശ്രദ്ധേയമാണ്. 'എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തത്' അവിടുന്നാണത്രെ. ആരാണ് അവിടുന്ന്? 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍' (വാക്യം 17) തന്നെ. പിതാവാണ് അവനെ സഭയുടെ തലവനായി നിയമിച്ചത്. അങ്ങനെ നിയമിക്കപ്പെട്ട അവന്റെ ശരീരമാണ് സഭ. യുവജനങ്ങള്‍ക്ക് പക്ഷേ, ഇപ്പോള്‍ അവന്റെ സ്വഭാവങ്ങളൊന്നും ശരീരത്തില്‍ കാണാനാകുന്നില്ല. അവന്റെ സിരകളിലെ ചോരയുടെ ചൂടും ചൂരും ശരീരത്തില്‍ തൊട്ടറിയാനാകുന്നില്ല. അതിനാല്‍ അവര്‍ ലളിതമായി പരിഹാരം കണ്ടു. അവനെ പുല്‍കിക്കൊണ്ട് ശരീരത്തെ കൈവിട്ടു.
അഗ്നിയില്‍ തട്ടിവരുന്ന കാറ്റിനെക്കുറിച്ചാണ് ആമുഖവചനം. ഉല, ഇല്ലാതാകുന്ന ഇരുമ്പുപണിക്കാരന്‍, അഗ്‌നി, കാറ്റ്, ഉരുകിത്തീരുന്ന മാംസം, കൂടമടിക്കുന്ന ശബ്ദം എന്നിവയെല്ലാം വേദനിപ്പിക്കുന്ന കൃത്യതയോടെ ഒത്തുചേരുന്ന ഒരു മെറ്റഫറാണ് ഇന്ന ത്തെ സീറോ മലബാര്‍ സഭ. പ്രതികാരത്തിന്റെ ഉല ഒടുങ്ങാതെ അവിടെ എരിയുന്നുണ്ട്. വെറുപ്പിന്റെ അഗ്‌നി അവിടെ ആളിക്കത്തുന്നുണ്ട്. easterly എന്നാല്‍ wind from the east എന്നാണര്‍ത്ഥം. കിഴക്കുനിന്നുള്ള കാറ്റ്, കിഴക്കോട്ടു പോകുന്ന കാറ്റ് എന്നൊക്കെ അര്‍ത്ഥാന്തരമാകാം. ആ 'പൂര്‍വവാതമാണ്' ഭ്രാന്തമായ ഈ അഗ്‌നിയെ ആളിക്കത്തിക്കുന്നത്. ഇതാ, മാംസം ഉരുകിത്തീരുന്ന ഒരു സഭ. ഇതാ, ഉലയിലെ ചുടേറ്റ് ഇല്ലാതാകുന്ന ഒരു സഭ. ഇതാ, അധികാര ഗര്‍വിന്റെ കൂടം കൊണ്ടുള്ള അടിയേറ്റ് മൃതപ്രായമായ ഒരു സഭ. എങ്കിലും ശിരസ്സ് അവനാകയാല്‍ (കൊളോ. 1:18) ഈ കൊടുങ്കാറ്റിനെയും ശരീരം അതിജീവിക്കുമെന്നതില്‍ സംശയമില്ല.